ന്യൂഡൽഹി: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷങ്ങൾ ശക്തമായ സാഹചര്യത്തിൽ ഇറാനിയൻ വ്യോമാതിർത്തി ഒഴിവാക്കാൻ ഇന്ത്യൻ വിമാനക്കമ്പനികൾക്ക് നിർദേശം നൽകി. എയർ ഇന്ത്യയും, രാജ്യത്തെ എറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്കുമാണ് ഇറാനിയൻ വ്യോമാതിർത്തിയിലൂടെയുള്ള പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവെക്കാൻ മുന്നറിയിപ്പ് നൽകിയത്.
ബാഗ്ദാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്നലെ യു.എസ് നടത്തിയ മിസൈൽ ആക്രമണത്തിൽ ഇറാൻ സൈനിക കമാൻഡർ ജനറൽ ഖാസിം സുലൈമാനി കൊല്ലപ്പെട്ടിരുന്നു. പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാക്കിക്കൊണ്ട്, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉത്തരവ് പ്രകാരമായിരുന്നു ആക്രമണം. ഇത് അമേരിക്കയും ഇറാനും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാവുന്നതിന് കാരണമായി.
നിലവിലെ യുദ്ധസമാനമായ സാഹചര്യത്തിൽ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചു. സ്ഥിതിഗതികൾ കൂടുതൽ വഷളാകാതിരിക്കേണ്ടത് അത്യാവശ്യമാണെന്നും, ഇരു രാജ്യങ്ങളും തമ്മിൽ സംയമനം പാലിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
''ഒരു മുതിർന്ന ഇറാനിയൻ നേതാവിനെയാണ് യു.എസ് കൊലപ്പെടുത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള പിരിമുറുക്കം വർദ്ധിക്കുന്നത് ലോകത്തെ ഭയപ്പെടുത്തുകയാണ്. പശ്ചിമേഷ്യൻ മേഖലയിൽ സമാധാനവും, സുരക്ഷയും ഉണ്ടാവേണ്ടത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. സ്ഥിതി കൂടുതൽ വഷളാകാതിരിക്കാൻ രാജ്യങ്ങൾ സംയമനം പാലിക്കണമെന്നും ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി""
കഴിഞ്ഞ വർഷവും യു.എസ്, ഇറാൻ സംഘർഷങ്ങളെ തുടർന്ന് ഇന്ത്യൻ വിമാനക്കമ്പനികൾ ഇറാനിയൻ വ്യോമാതിർത്തിയുടെ ഭാഗം ഒഴിവാക്കുകയും ഫ്ലൈറ്റ് റീറൂട്ട് ചെയ്യുകയും ചെയ്തിരുന്നു.