ന്യൂഡൽഹി: മലയാളിയായ മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥനെ യു.പി പൊലീസ് കസ്റ്റഡിയിലെടുത്തു. പൗരത്വ നിയമ ഭേദഗതി പ്രക്ഷോഭവുമായി ബന്ധപ്പെട്ട യാത്രയിലാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അലിഗഡ് മുസ്‌ലിം സര്‍വകലാശാലയ്ക്കു സമീപം റെസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു അദ്ദേഹം. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്കായിരുന്നു ഈ പരിപാടി സംഘടിപ്പിച്ചിരുന്നത്. ഉത്തര്‍പ്രദേശ് അതിര്‍ത്തിയില്‍വച്ച് പൊലീസ് കസ്റ്റഡിയിലെടുത്തുവെന്ന് കണ്ണന്‍ തന്നെയാണ് ട്വീറ്റ് ചെയ്തത്.
പൊലീസ് പിടികൂടിയതിന്റെ ചിത്രങ്ങളും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. പൊലീസ് മാന്യമായാണ് പെരുമാറിയത്. സ്റ്റേഷനിലേക്കല്ല, മറിച്ച് ഹോട്ടലിലേക്കാണ് തന്നെ കൊണ്ടുപോയത്. ഇത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞു. പൗരത്വ നിയമത്തിനെതിരെ കണ്ണന്‍ ശക്തമായ നിലപാടെടുത്തിരുന്നു. കൂടാതെ അലിഗഡ് ജില്ലയില്‍ പ്രവേശനം വിലക്കി മജിസ്ട്രേറ്റ് ഉത്തരവുണ്ട്.
Detained at UP border
— Kannan Gopinathan (@naukarshah) January 4, 2020
കാശ്മീരിൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ചാണ് കണ്ണൻ ഗോപിനാഥൻ ഐ.എ.എസ് ജോലി രാജിവച്ചത്. രാജ്യത്ത് നടക്കുന്നത് തെറ്റാണെന്ന് തോന്നിയിട്ടും മൗനം പാലിക്കുന്നവർ രാജ്യദ്രോഹികളാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. തീരുമാനങ്ങൾ എടുക്കാനുള്ള അധികാരം സർക്കാരിനുണ്ടെന്നും എന്നാൽ അവയ്‌ക്കെതിരെ പ്രതികരിക്കാനുള്ള അവകാശം നിഷേധിക്കാൻ സർക്കാരിനാകില്ലെന്നും കണ്ണൻ ഗോപിനാഥൻ പറഞ്ഞിരുന്നു.