ലോസ് ആഞ്ചലസ് :ഇറാനിലെ ഖുദ്സ് സേന തലവൻ ഖാസിം സുലൈമാനിയെ മിസൈലാക്രമണത്തിലുടെ വധിച്ചതിൽ ന്യായീകരണവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. കൊല്ലപ്പെട്ട ജനറൽ ഖാസിം സുലൈമാനി ലണ്ടൻ മുതൽ ന്യൂഡൾഹി വരെ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി ട്രംപ് പറഞ്ഞു. ഇറാനിലെ ഭീകരഭരണത്തിന് അവസാനം കുറിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. ലോസ് ആഞ്ചലസിൽ ചേർന്ന വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
ഇറാഖിലെ യുഎസ് ലക്ഷ്യങ്ങൾക്കെതിരായ സമീപകാല ആക്രമണങ്ങൾ ട്രംപ് പ്രത്യേകം എടുത്ത് പറഞ്ഞു. ബാഗ്ദാദിൽ യു.എസ് എംബസിക്കു നേരെ ആക്രമണം നടന്ന ആക്രമണം സുലൈമാനിയുടെ നിർദ്ദേശ പ്രകാരമാണെന്നാണ് ട്രംപ് ആരോപിച്ചു. ഇറാഖിൽ റോക്കറ്റ് ആക്രമണത്തിൽ ഒരു യു.എസ് പൗരൻ കൊല്ലപ്പെടുകയും നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തത് സുലൈമാനിയുടെ നിർദേശമനുസരിച്ചാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.
നിരപരാധികളെ കൊല്ലുന്നത് സുലൈമാനിക്ക് സുഖമുള്ള അഭിനിവേശം ആയിരുന്നു. ഇന്ന് സുലൈമാനിയുടെ ആക്രമണത്തിൽ ഇരകളായവരെ ഞങ്ങൾ ഓർമിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. സുലൈമാനിയെ വധിച്ചത് യുദ്ധത്തിലേക്ക് നയിക്കില്ലെന്നും, ഒരു യുദ്ധം ആരംഭിക്കാൻ അല്ല, യുദ്ധം ഇല്ലാതാക്കാനാണ് ഞങ്ങൾ ഇന്നലെ രാത്രി ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നും ട്രംപ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ 20 വർഷമായി പശ്ചിമേഷ്യയുടെ സമാധാനം തകർക്കുന്നതിനായി സുലൈമാനി തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടായിരുന്നു. അമേരിക്ക ഇന്നലെ ചെയ്തത് വളരെ മുമ്പുതന്നെ ചെയ്യേണ്ടതായിരുന്നു. അങ്ങനെയെങ്കിൽ ഒരുപാട് നിരപരാധികളുടെ ജീവൻ രക്ഷിക്കാമായിരുന്നു. ആയിരത്തിലധികം സാധാരണക്കാരെയാണ് ഇറാൻ ഭരണകൂടം കൊല്ലുകയും, പീഡിപ്പിക്കുകയും ചെയ്തത്. ഇറാനിൽ പ്രതിഷേധക്കാരെ ക്രൂരമായി അടിച്ചമർത്താൻ നേതൃത്വം നൽകിയത് സുലൈമാനി ആണെന്നും ട്രംപ് വ്യക്തമാക്കി.
ഇറാൻ ഭരണകൂടത്തിന്റെ ആഭ്യന്തര കലാപങ്ങൾ, അയൽ രാജ്യങ്ങളുടെ സമാധാനത്തെ കൂടെ ഇല്ലാതാക്കുന്നതായിരുന്നു. അതാണ് ഇപ്പോൾ അവസാനിപ്പിച്ചിരുക്കുന്നത്. ഇറാനിയൻ ജനതയോട് എനിക്ക് ബഹുമാനമുണ്ട്. അവിശ്വസനീയമായ പൈതൃകവും, പരിധിയില്ലാത്ത കഴിവുമുള്ള ഒരു ജനതയാണവർ. സമാധാനപരമായ സഹവർത്തിത്വവും സഹകരണവും ആഗ്രഹിക്കുന്നവരാണവർ. അവിടെ ഞങ്ങൾ അധികാര മാറ്റമല്ല സമാധാനമാണ് ലക്ഷ്യമിടുന്നതെന്നും ട്രംപ് വ്യക്തമാക്കി.
അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥർക്കും സൈനിക ഉദ്യോഗസ്ഥർക്കും നേരെ ആക്രമണം നടത്താൻ സുലൈമാനി ലക്ഷ്യം വച്ചിരുന്നു. ഏതെങ്കിലുമൊരു അമേരിക്കൻ പൗരനെ ദ്രോഹിക്കുന്ന ഭീകരരോട് കടുത്ത നിലപാടാകും ഞങ്ങൾ സ്വീകരിക്കുക. അത്തരം ഭീകരരെ ഞങ്ങൾ കണ്ടെത്തി ഇല്ലാതാക്കും. ഞങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരെയും, സഖ്യകക്ഷികളെയും ഞങ്ങൾ എപ്പോഴും സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.