gujrath-speaker

അഹമ്മദാബാദ് : അംബേദ്കര്‍ക്ക് ഭരണഘടനയുടെ കരട് തയ്യാറാക്കിക്കൊടുത്തത് ബ്രാഹ്മണനാണെന്ന അവകാശവാദവുമായി ഗുജറാത്ത് സ്പീക്കര്‍ രാജേന്ദ്ര ത്രിവേദി രംഗത്തെത്തി. മെഗാ ബ്രാഹ്മിണ്‍ ബിസിനസ് സമ്മിറ്റ് ഉദ്ഘാടന ചടങ്ങിലായിരുന്നു ത്രിവേദിയുടെ പരാമര്‍ശം. 60 രാജ്യങ്ങളുടെ ഭരണഘടന പഠിച്ചാണ് നമ്മുടെ ഭരണഘടനയുടെ കരട് രൂപം തയ്യാറാക്കിയതെന്നും,​ ഭരണഘടനയുടെ കാര്യം വരുമ്പോള്‍ നമ്മള്‍ എല്ലാവരും അംബേദ്കറെ കുറിച്ചാണ് ഏറെ ബഹുമാനത്തോടെ സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

’60 രാജ്യങ്ങളുടെ ഭരണഘടന പഠിച്ച് തയ്യാറാക്കിയതാണ് നമ്മുടെ ഭരണഘടനയുടെ കരട് രൂപം. അംബേദ്കര്‍ക്ക് മുന്നില്‍ അത് അവതരിപ്പിച്ചത് എന്ന് നിങ്ങള്‍ക്കറിയാമോ? ഭരണഘടനയുടെ കാര്യം വരുമ്പോള്‍ നമ്മളെല്ലാവരും അംബേദ്കറെ കുറിച്ചാണ് ഏറെ ബഹുമാനത്തോടെ സംസാരിക്കുന്നത്. എന്നാല്‍ ഭരണഘടനുടെ കരട് തയ്യാറാക്കിയത് ഒരു ബ്രാഹ്മണനാണ്.

നൊബേല്‍ സമ്മാനം നേടിയ ഒമ്പത് ഇന്ത്യക്കാരില്‍ എട്ട് പേരും ബ്രാഹ്മണരാണെന്നും അദ്ദേഹം പറഞ്ഞു. ‘ ഏറ്റവുമൊടുവില്‍ സാമ്പത്തിക ശാസ്ത്രത്തിന് നൊബേല്‍ പുരസ്‌കാരം നേടിയ അഭിജിത് ബാനര്‍ജി ആരാണ്? അദ്ദേഹവും ബ്രാഹ്മണന്‍ തന്നെ’- ത്രിവേദി പറഞ്ഞു. ബ്രാഹ്മണര്‍ എല്ലായ്‌പ്പോഴും പുറകില്‍ നിന്ന് മറ്റുള്ളവരെ ഉയര്‍ത്തി കൊണ്ടുവരികയാണ് ചെയ്യുന്നതെന്നാണ് ചരിത്രം പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.