ഹരിഹരന്റെ മയൂഖത്തിലൂടെ മലയാളസിനിമയിലെത്തിയ നടനാണ് സൈജു കുറുപ്പ്. ആദ്യകാലങ്ങളിലെ വിരഹനായകന്റെ പരിവേഷത്തിൽ നിന്ന് ഹാസ്യരസപ്രദാനമായ കഥാപാത്രത്തിലേക്കുള്ള സൈജുവിന്റെ യാത്ര പ്രേക്ഷർക്ക് അദ്ദേഹത്തെ സ്വീകാര്യനാക്കി മാറ്റുകയായിരുന്നു. ട്രിവാൻഡ്രം ലോഡ്‌ജ്, വെടിവഴിപാട്, 1983, ആട്, തീവണ്ടി തുടങ്ങി നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളാണ് സൈജു കുറുപ്പിനെ തേടി എത്തിയത്. എന്നാൽ, ഒരു അഭിനേതാവെന്ന നിലയിൽ താൻ വിചാരിക്കുന്ന തരത്തിൽ ആരുതന്നെ ഒരു സീൻ എടുത്തിട്ടില്ലെന്ന് സൈജു വ്യക്തമാക്കി. കൗമുദി ടിവിയ‌്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം മനസു തുറന്നത്.
'ഞാൻ ഒരു ഫിലിം മേക്കറുടെ അല്ലെങ്കിൽ റൈറ്ററുടെ ആക്‌ടറാണ്. പുതിയതായിട്ട് ഇറങ്ങിയ ഓരോ സിനിമയിലും അങ്ങനെ തന്നെയാണ് ചെയ്‌തിരിക്കുന്നത്. പ്രതി പൂവൻ കോഴിയിലൊക്കെ സംവിധായകൻ റോഷൻ ആൻഡ്രൂസ് എന്താണോ കാണിച്ചു തന്നത് അതുമാത്രമേ ഞാൻ ചെയ്‌തിട്ടുള്ളൂ. നമുക്കൊരു സീൻ കിട്ടുമ്പോൾ നടനെന്ന നിലയിൽ ഒരു സിനിമ മനസിൽ ഉണ്ടാകാറുണ്ട്. അത് ഓട്ടോമാറ്റിക്കലി മനസിൽ വരുന്നതാണ്. എങ്ങനെയായിരിക്കും ആ ഷോട്ട് എടുക്കാൻ പോകുന്നതെന്നായിരിക്കും ചിന്ത. പക്ഷേ ഞാൻ വിചാരിച്ചിരിക്കുന്നതു പോലെ ഒരു സംവിധായകരും ഷോട്ട് എടുത്തിട്ടില്ല. വേറെ പല ആംഗിളുകളിലും ക്യാമറ വച്ച് ചിലർ നമ്മളെ ഞെട്ടിക്കാറുണ്ട്. പലപ്പോഴും അങ്ങനെ തന്നെയാണ് സംഭവിക്കുന്നത്'.