quasem-soleimani

ലോസ് ഏഞ്ചലസ്: ഇറാന്‍ രഹസ്യസേനാ തലവന്‍ ഖാസി സുലൈമാനിയെ വധിച്ചതിനുപിന്നാലെ ബാഗ്‌ദാദില്‍ വൻ വ്യോമാക്രണണമാണ് യു.എസ് പ്രസിഡന്റ് ‌‌ഡൊണാൾഡ് ട്രംപ് നടത്തിയത്.‌ സുലൈമാനിയെ വധിച്ചത് പശ്ചിമേഷ്യയിലുംഭീതി പരത്തിയിട്ടുണ്ട്. ഇതിൽ പ്രതികാരമെന്നോണം ഇറാന്‍ ശക്തമായി തിരിച്ചടിക്കുമെന്നു തന്നെയാണ് ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്നത്.

കഴിഞ്ഞ 20 വര്‍ഷമായി പശ്ചിമേഷ്യയെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്ന വ്യക്തിയാണ് സുലൈമാനി എന്നാണ് ട്രംപിന്റ വാദം. ഡൽഹി മുതൽ ലണ്ടൻ വരെ സുലൈമാനി ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്തതായും ട്രംപ് വിശദീകരിക്കുന്നുണ്ട്. എന്നാൽ,​ അത് ഏത് ആക്രമണമാണെന്ന് വ്യക്തമായി പറഞ്ഞില്ല. പക്ഷേ, 2012-ൽ ഇസ്രായേലി എംബസിയുടെ പുറത്ത് നിർത്തിയിട്ടിരുന്ന ഒരു പ്രതിരോധ ഉദ്യോഗസ്ഥന്‍റെ ഭാര്യയുടെ കാറിൽ ബോംബ് പൊട്ടിത്തെറിച്ചതായിരിക്കാം ട്രംപ് ഉദ്ദേശിച്ചതെന്നാണ് വിദേശകാര്യ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.

-attack

ഇസ്രായേലി പ്രതിരോധ ഉദ്യോഗസ്ഥന്‍റെ ഭാര്യയായ താൽ യേഷ്വ കോറന് അന്ന് ബോംബാക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. കാറിനടുത്തുണ്ടായിരുന്ന ഡ്രൈവർക്കും രണ്ട് സഹായികൾക്കും ഗുരുതരമായി പരിക്കേറ്റു. ഒരു കാന്തത്തിൽ ഒട്ടിച്ച് വച്ച നിലയിലായിരുന്നു അന്ന് ബോംബ് ഘടിപ്പിച്ചിരുന്നത്. അന്ന് തന്നെ ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന് ആരോപിച്ചിരുന്നതാണ്.

2012 ഫെബ്രുവരിയിൽ ഇസ്രായേൽ പ്രതിനിധിയുടെ ഇന്ത്യ സന്ദർശന വേളയിൽ വാഹനത്തിനു നേരെയുണ്ടായ ആക്രമണം ആസൂത്രണം ചെയ്തത് ഇസ്‌ലാമിക് റവലൂഷനറി ഗാർഡ് ഫോഴ്സാണെന്ന് അന്ന് ഡൽഹി പൊലീസ് അറിയിച്ചതായി മാദ്ധ്യമ റിപ്പോർട്ടുകള്‍ ഉണ്ടായിരുന്നു. ഇതേ കാലയളവിൽ ബാങ്കോക്ക്, തായ്‌ലൻഡ്, ജോർജിയ എന്നിവിടങ്ങളിൽ സമാനരീതിയിൽ ഐ.ആർ.ജി.സി ആക്രമണം നടത്തിയിരുന്നു.

quasem-soleimani

അതേസമയം, ഇറാൻ സ്വദേശിയായ ആണവ ശാസ്ത്രജ്ഞൻ മുസ്തഫ അഹമ്മദി റോഷനെ ബോംബ് വച്ച് കൊന്ന കേസിന്‍റെ പ്രതികാരമായിട്ടാണ് ഇറാൻ ഈ ആക്രമണം ആസൂത്രണം ചെയ്തതെന്ന് അന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സമാനമായ രീതിയിൽ കാറിന് കീഴെ കാന്തം ഒട്ടിച്ച് ബോംബ് വച്ചാണ് അന്ന് അഹമ്മദി റോഷനെ സ്ഫോടനത്തിലൂടെ കൊലപ്പെടുത്തിയത്.

ഇറാൻ സൈനിക കമാൻഡറും ജെയിംസ് ബോണ്ടിനെ പോലെ ജനപ്രിയ പരിവേഷമുള്ള ചാരത്തലവനുമായ ജനറൽ ഖാസിം സുലൈമാനിയെ (62) വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ യു.എസ് ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാക്കിക്കൊണ്ട്, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉത്തരവ് പ്രകാരമായിരുന്നു ആക്രമണം. റഷ്യയും ചൈനയും നടപടിയെ അപലപിച്ചു. സുലൈമാനിയെ വധിച്ചതിന് വിനാശകരമായ പ്രതികാരവും ജിഹാദും ഉണ്ടാകുമെന്ന് ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേനി അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകി. ഇറാനിലെ രണ്ടാമത്തെ അധികാരകേന്ദ്രമായിരുന്നു സുലൈമാനി. ഇറാൻ സൈന്യമായ റവലൂഷണറി ഗാർഡിൽ മേജർ ജനറലായ സുലൈമാനി വിദേശത്തെ രഹസ്യ ദൗത്യങ്ങൾക്കുള്ള ചാരവിഭാഗമായ ഖുദ്സ് സേനയുടെ അധിപനുമായിരുന്നു.