പശ്ചിമേഷ്യയിലെ ഏറ്റവും ശക്തനായ പട്ടാളമേധാവി, അമേരിക്ക ഭയന്ന കമാൻഡർ, ഇറാൻ ജനതയുടെ വീര പുരുഷൻ, ആരാധകരുടെ ജയിംസ് ബോണ്ട്... കൊല്ലപ്പെട്ട മേജർ ജനറൽ കാസെം സൊലൈമാനിക്ക് വിശേഷണങ്ങളേറെയാണ്. ഹീറോപരിവേഷമുള്ള ചാരനും സൈനിക തന്ത്രജ്ഞനും ആയിരുന്ന അദ്ദേഹം ഇസ്ലാമിക വിപ്ലവത്തിന്റെ ശക്തനായ വക്താവും പരമോന്നത നേതാവായ ആയത്തൊള്ള അലി ഖമനേനിയുടെ വിശ്വസ്‌തനും ഇറാനിലെ ഏറ്റവും കരുത്തനായ രണ്ടാമത്തെ നേതാവുമായിരുന്നു. ഇറാക്കിലും സിറിയയിലും ഉൾപ്പെടെ ഇറാന്റെ സമീപകാല വിദേശ ദൗത്യങ്ങളുടെയെല്ലാം മുഖ്യ ശിൽപ്പിയായിരുന്നു.
ഇറാനിലും മറ്റിടങ്ങളിലുമുള്ള അമേരിക്കൻ സൈനികരെ വകവരുത്തുന്നത് സുലൈമാനിയുടെ നേതൃത്വത്തിലായിരുന്നെന്നും 2003-2011 കാലത്ത് 608 അമേരിക്കൻ സൈനികരെ ഇവർ കൊന്നതായും അമേരിക്ക ആരോപിച്ചിരുന്നു. അമേരിക്ക ഒരു ഭീകരനായി കരുതിയിരുന്ന സുലൈമാനിയുമായി വ്യാപാര ബന്ധങ്ങളിൽ ഏർപ്പെടുന്നതിൽ നിന്ന് യു.എസ് പൗരന്മാരെ വിലക്കിയിരുന്നു. യു.എൻ സുരക്ഷാസമിതിയും സുലൈമാനിക്കെതിരെ ഉപരോധം ഏർപ്പെടുത്തിയിരുന്നു.
എന്നാൽ സുലൈമാനിയെ സംബന്ധിച്ച് പ്രതിരോധത്തിന്റെയും നയതന്ത്രങ്ങളുടെയും ഇടമായിരുന്നു ഇറാന്റെ സൈനിക നടപടികൾ. 'മനുഷ്യരാശിയുടെ നഷ്ടപ്പെട്ട പറുദീസയാണ് യുദ്ധമുന്നണി' എന്നായിരുന്നു അദ്ദേഹം തന്റെ സൈനിക ജീവിതത്തെക്കുറിച്ച് പറഞ്ഞത്. ഇറാന്റെ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സാരിഫിനേക്കാൾ നയതന്ത്ര രംഗത്ത് ശക്തമായ ഇടപെടലുകൾ നടത്താന്‍ സുലൈമാനിക്ക് സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ വൈകാതെ സൊലൈമാനി ഇറാന്റെ പ്രസിഡന്റ് ആകുമെന്ന് വരെെ അഭ്യൂഹങ്ങൾ പരന്നിരുന്നു.
സുലൈമാനിയുടെ കൊലപാതകം ഇറാനെ പിടിച്ചുകുലുക്കിയെന്നതിൽ സംശയമില്ല.പ്രതികാരം ചെയ്തിരിക്കുമെന്നാണ് ഇറാന്റെ പ്രഖ്യാപനം. രാജ്യത്തെ രണ്ടാമത്തെ വലിയ നേതാവ് കൊല്ലപ്പെട്ടതിനാൽ പ്രതികാരം ചെയ്യാതെ മാർഗമില്ല എന്ന് പറയാം. ഇനി പശ്ചിമേഷ്യയ്ക്ക് സംഘർഷത്തിന്റെ നാളുകളാണെന്നതിൽ തർക്കമില്ല.
അമേരിക്കയ്‌ക്ക് സുലൈമാനിയുടെ കൊലപാതകം ഒരുപാട് കാത്തിരുന്ന ലക്ഷ്യ സാക്ഷാത്കാരമാണ്. ഒട്ടനവധി അമേരിക്കക്കാരുടെ മരണത്തിന് കാരണക്കാരനായി സുലൈമാനിയെ അമേരിക്ക കണക്കാക്കുന്നു. ഇത് വലിയ രാഷ്ട്രീയ നേട്ടമായി ട്രംപ് ആഘോഷിക്കുമെന്നതിൽ സംശയമില്ല. മുൻ പ്രസിഡന്റമാരായ ജോർജ് ബുഷും ബറാക് ഒബാമയും സംഘർഷം കണക്കിലെടുത്ത് സുലൈമാനിയെ വധിക്കുന്നതിനോട് താൽപര്യം കാട്ടിയിരുന്നില്ല. എന്തായാലും ട്രംപ് ഇത് രാഷ്ട്രീയമായി ഉപയോഗിക്കുമെന്നതിൽ സംശയമില്ല.
യു. എസ് - ഇറാൻ സംഘർഷം:നാൾവഴി
2018 മേയ് 9 - ഇറാനുമായുള്ള ആണവകരാറിൽ നിന്ന് അമേരിക്ക പിന്മാറുമെന്നും ഇറാനെതിരെ കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്നും പ്രസിഡന്റ് ട്രംപിന്റെ പ്രഖ്യാപനം.
മേയ് 21: ഇറാൻ ആണവ പദ്ധതി ഉപേക്ഷിക്കണം എന്നതുൾപ്പെടെ 12 ഉപാധികൾ അമേരിക്ക നൽകി. അവ പാലിച്ചില്ലെങ്കിൽ ഉപരോധം എന്ന് ഭീഷണി. ഇറാൻ ഉപാധികൾ തള്ളി
ആഗസ്റ്റ് :7 അമേരിക്ക ആദ്യ ഘട്ട ഉപരോധങ്ങൾ പ്രഖ്യാപിച്ചു. കോടിക്കണക്കിന് ഡോളറിന്റെ ബോയിംഗ് വിമാന ഇടപാട് റദ്ദാക്കി. ഇറാന് സ്വർണം വിൽക്കുന്നതും നിരോധിച്ചു.
നവംബർ : 5 രണ്ടാം ഘട്ട ഉപരോധങ്ങൾ. ഇറാന്റെ എണ്ണ ഇറക്കുമതിക്ക് നിരോധനം.
2019 ഏപ്രിൽ 8 - ഇറാന്റെ സൈന്യമായ ഇസ്ലാമിക് റവലൂഷണറി ഗാർഡിനെ ഭീകര ഗ്രൂപ്പായി പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചു. സൈനിക നേതാക്കൾക്ക് യാത്രാ വിലക്കും സാമ്പത്തിക ഉപരോധവും
മേയ് 5 മേഖലയിൽ ബോംബർ വിമാനങ്ങൾ ഉൾപ്പെടെയുള്ള സൈനിക വിന്യാസം അമേരിക്ക പ്രഖ്യാപിച്ചു.
മേയ് 8 ട്രംപ് ആണവകരാറിൽ നിന്ന് പിന്മാറിയതിന്റെ ഒന്നാം വാർഷികത്തിന്റെ തലേന്ന് യുറേനിയം ശേഖരം വർദ്ധിപ്പിക്കുമെന്നും ആണവായുധ ഗ്രേഡിൽ യുറേനിയം സമ്പുഷ്ടീകരണം നടത്തുമെന്നും ഇറാൻ പ്രഖ്യാപിച്ചു.
മേയ് 12: ഫൂജൈറയിൽ സൗദി, നോർവേ, യു. എ. ഇ എന്നീ രാജ്യങ്ങളുടെ നാല് എണ്ണക്കപ്പലുകളിൽ സ്ഫോടനം. പിന്നിൽ ഇറാൻ ആണെന്ന് അമേരിക്കയുടെ ആരോപണം.
ജൂൺ 13: നോർവേയുടെയും ജപ്പാന്റെയും എണ്ണക്കപ്പലുകളിൽ സ്ഫോടനം. ഉത്തരവാദി ഇറാനാണെന്ന് വീണ്ടും അമേരിക്ക.
ജൂൺ 19: ഹോർമൂസ് കടലിടുക്കിൽ യു. എസ് നേവിയുടെ ഡ്രോൺ ഇറാൻ മിസൈലാക്രമണത്തിൽ തകർത്തു. ഇറാനെതിരെ വ്യോമാക്രമണത്തിന് ഉത്തരവിട്ട ട്രംപ് പൊടുന്നനെ ഉത്തരവ് റദ്ദാക്കി.
ജൂലായ് 4:ഇറാന്റെ എണ്ണടാങ്കർ ഗ്രെയ്സ് -1 ബ്രിട്ടൻ പിടിച്ചെടുത്തു.
ജൂലായ് 10: ബ്രിട്ടന്റെ ഹെറിറ്റേജ് ടാങ്കർ വളഞ്ഞ ഇറാൻ സൈന്യത്തെ ബ്രിട്ടീഷ് യുദ്ധക്കപ്പൽ തുരത്തി.
ജൂലായ് 21: ബ്രിട്ടീഷ് എണ്ണ ടാങ്കർ സ്റ്റെന ഇംപെറോ ഇറാൻ സേന പിടിച്ചെടുത്തു.
ആഗസ്റ്റ് 15: ബ്രിട്ടീഷ് ടാങ്കർ മോചിപ്പിക്കാൻ ബ്രിട്ടൻ സമ്മതിച്ചു. സിറിയയിലേക്ക് പോകരുതെന്ന് ഉപാധി
സെപ്റ്റംബർ 14:സൗദിയിലെ എണ്ണപ്പാടങ്ങളിലും റിഫൈനറിയിലും ഡ്രോൺ, മിസൈൽ ആക്രമണം. ലോകത്തെ എണ്ണ ഉൽപ്പാദനത്തിന്റെ മൂന്നിലൊന്ന് നിലച്ചു. ആക്രമണം നടത്തിയത് ഇറാൻ ആണെന്ന് അമേരിക്കയും സൗദിയും. ഇറാൻ അത് നിഷേധിച്ചു.
സെപ്റ്റംബർ 27: ഇറാൻ സ്റ്റെന ഇംപെറ കപ്പൽ മോചിപ്പിച്ചു
ഒക്‌ടോബർ 11:ജെദ്ദ തീരക്കടലിൽ ഇറാൻ എണ്ണടാങ്കറിൽ രണ്ട് സ്ഫോടനങ്ങൾ. സൗദി അറേബ്യ മിസൈൽ പ്രയോഗിച്ചതാണെന്ന് ഇറാൻ. സംഘർഷം തുടരുന്നു.
2020 ജനുവരി 3: അമേരിക്ക ഇറാൻ സൈനിക കമാൻഡറെ വധിച്ചു. പശ്ചിമേഷ്യ ഭീതിയിൽ.