ജമ്മു: ദേശിയ പൗരത്വ നിയമ ഭേദഗതിക്ക് പിന്നാലെ റോഹിംഗ്യൻ അഭയാർഥികൾക്കെതിരെ പുതിയ കരുനീക്കങ്ങൾക്കൊരുങ്ങുകയാണ് കേന്ദ്രസർക്കാർ. സർക്കാരിന്റെ പുതിയ നടപടികൾ വ്യക്തമാക്കിക്കൊണ്ട് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് രംഗത്തെത്തി. റോഹിംഗ്യൻ അഭയാർഥികളെ നാടുകടത്താനാണ് സർക്കാരിന്റെ അടുത്ത നീക്കമെന്ന് മന്ത്രി പറഞ്ഞു. പുതിയ നിയമ പ്രകാരം റോഹിംഗ്യൻ വംശജർക്ക് ഇന്ത്യയിൽ പൗരത്വം നേടാൻ കഴിയില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബംഗാളിൽ നിന്ന് നിരവധി സംസ്ഥാനങ്ങൾ പിന്നിട്ട് റോഹിംഗ്യകൾ എങ്ങനെയാണ് ജമ്മുവിന്റെ വടക്ക് ഭാഗത്തെത്തി സ്ഥിരതാമസമാക്കിയത്. ബംഗാളിൽ നിന്നും ജമ്മുവിലേക്ക് ആരാണ് അവരുടെ ടിക്കറ്റിനായി പണമടച്ചത് തുടങ്ങിയ വിവരങ്ങളും വിദഗ്‌ധർ അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പൗരത്വ ഭേദഗതി നിയമം പാർലമെന്റ് പാസാക്കിയ ദിവസം തന്നെ ജമ്മു കശ്മീരിൽ നിയമം നടപ്പാക്കി. എങ്ങനെ, എപ്പോൾ നടപ്പാക്കും എന്ന ചോദ്യങ്ങൾ ഒന്നും അവിടെ ഉണ്ടായിരുന്നില്ല. റോഹിംഗ്യകളെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ടാണ് അടുത്ത നീക്കമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
റോഹിംഗ്യകളുടെ നാടുകടത്തലിന്റെ പദ്ധതി എന്തായിരിക്കണമെന്നതിൽ കേന്ദ്രം ആശങ്കയിലാണ്. അഭയാർഥികളുടെ ലിസ്റ്റുകൾ തയ്യാറാക്കും. ആവശ്യമുള്ളിടത്ത് ബയോമെട്രിക് തിരിച്ചറിയൽ കാർഡുകൾ നൽകും. കൃത്യമായ നടപടിയായിരിക്കും സ്വീകരിക്കുന്നത്. പൗരത്വ ഭേദഗതി നിയമം അവർക്ക് ഒരു നേട്ടവും നൽകുന്നില്ല. റോഹിംഗ്യകൾ ആറ് മത ന്യൂനപക്ഷങ്ങളിൽ ഉൾപ്പെട്ടവരല്ല. അവർ മ്യാൻമറിൽ നിന്ന് ഇന്ത്യയിൽ വന്നവരാണ്. അതിനാൽ അവർക്ക് തിരികെ പോകേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
2008 നും 2016 നും ഇടയിൽ റോഹിംഗ്യൻ മുസ്‌ലിംകളും ബംഗ്ലാദേശ് പൗരന്മാരും ഉൾപ്പെടെ 13,700 ൽ അധികം വിദേശികൾ ജമ്മു, സാംബ ജില്ലകളിൽ താമസമാക്കി. 2016 ആയപ്പോൾ അവരുടെ ജനസംഖ്യ 6,000ത്തിലധികം വർദ്ധിച്ചുവെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.
ബി.ജെ.പി, ജമ്മു കശ്മീർ നാഷണൽ പാന്തേഴ്‌സ് പാർട്ടി, വിശ്വ ഹിന്ദു പരിഷത്ത്, രാഷ്ട്രീയ സ്വയംസേവക സംഘം എന്നിവയും മറ്റ് പല സാമൂഹിക സംഘടനകളും റോഹിംഗ്യകളെ തിരിച്ചയക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.