കരുനാഗപ്പള്ളി: മത്സ്യ, തോട്ടം തൊഴിലാളികൾക്ക് പ്രത്യേക പുനരധിവാസ പാക്കേജ് നടപ്പാക്കണമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ ആവശ്യപ്പെട്ടു. സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) 16-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വന്ദനാ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് എട്ടിന് സംഘടിപ്പിക്കുന്ന ദേശീയ പണിമുടക്കിൽ എല്ലാ തൊഴിലാളികളും പങ്കെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫെഡറേഷൻ ദേശീയ പ്രസിഡന്റ് സത്യനാരായണമൂർത്തി, ദേശീയ ജനറൽ സെക്രട്ടറി പി. രാജു, ആർ. രാമചന്ദ്രൻ എം.എൽ.എ , ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ടി.ജെ. ആഞ്ചലോസ്, ജനറൽ സെക്രട്ടറി ടി. രഘുവരൻ ജില്ലാ സെക്രട്ടറി കെ. രാജീവൻ തുടങ്ങിയവർ പ്രസംഗിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ടി. രഘുവരൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.