കൊച്ചി: സ്വർണവില ഇന്നലെ 120 രൂപ വർദ്ധിച്ച് പവന് 29,680 രൂപയായി. ഗ്രാമിന് 15 രൂപ ഉയർന്ന് 3,710 രൂപയിലെത്തി. ഗ്രാം വില ആദ്യമായാണ് 3,700 രൂപ കടക്കുന്നത്.
ഇറാൻ ചാരത്തലവൻ ഖാസിം സുലൈമാനിയെ ബാഗ്‌ദാദിൽ വച്ച് അമേരിക്കൻ സൈന്യം വധിച്ചതിനെ തുടർന്ന്, ഗൾഫ് മേഖലയാകെ യുദ്ധഭീതിയിലായതാണ് സ്വർണത്തിന് നേട്ടമാകുന്നത്. ആഗോള തലത്തിൽ ഓഹരി വിപണികളിൽ നിന്ന് നിക്ഷേപകർ പിൻവലിയുകയും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് ചേക്കേറുകയുമാണ്. മറ്റ് കറൻസികൾക്കെതിരെ ഡോളർ മുന്നേറുന്നതും സ്വർണ വിലക്കുതിപ്പിന് വളമാകുന്നു.
അന്താരാഷ്‌ട്ര വിപണിയിൽ സ്വർണവില ഔൺസിന് 1,543 ഡോളറിൽ നിന്നുയർന്ന് 1,551 ഡോളറിലെത്തി. വില ഇനിയും ഉയരാനാണ് സാദ്ധ്യത. കേരളത്തിൽ പവന് വൈകാതെ 30,000 രൂപ കടന്നേക്കും.
തീപിടിച്ച് ഇന്ധനം
അമേരിക്ക - ഇറാൻ സംഘർത്തെ തുടർന്ന് യുദ്ധഭീതിയിലായ ഗൾഫ് മേഖലയിൽ നിന്നുള്ള എണ്ണവിതരണം കുറയുമെന്ന ആശങ്ക, ആഗോള വിപണിയിൽ ഇന്ധനവില ഉയർത്തുന്നു. യു.എസ്. ക്രൂഡ് വില ഇന്നലെ ബാരലിന് 64.09 ഡോളർ വരെ ഉയർന്നു. ഏഴു മാസത്തെ ഏറ്റവും ഉയർന്ന വിലയാണിത്. ബ്രെന്റ് ക്രൂഡ് വില ബാരലിന് 69.50 ഡോളറിലേക്കും ഉയർന്നു. വെള്ളിയാഴ്‌ച ക്രൂഡോയിൽ വില 63.73 ഡോളറും ബ്രെന്റ് വില 69.11 ഡോളറുമായിരുന്നു.
(വിശദ വാർത്ത വാണിജ്യം പേജിൽ)