thakkare

കാബിനറ്റ് റാങ്ക് കിട്ടാത്തതിൽ അമർഷം

മുംബയ്:മഹാരാഷ്ട്രയിൽ വകുപ്പ് വിഭജനത്തിൽ അസംതൃപ്തനായ ശിവസേനയുടെ സഹമന്ത്രി അബ്ദുൾ സത്താർ, ഉദ്ധവ് താക്കറെയുടെ മഹാവികാസ് അഘാഡി മന്ത്രിസഭയിൽ നിന്ന് രാജി വച്ചു.

കാബിനറ്റ് റാങ്ക് ലഭിക്കാത്തതിനാലാണ് രാജിയെന്നാണ് റിപ്പോർട്ട്. സർക്കാരിൽ വകുപ്പ് വിഭജന പ്രതിസന്ധി രൂക്ഷമാകുന്നതിനിടെയാണ് അബ്ദുൾ സത്താറിന്റെ രാജി. മുൻ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാൻ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ മന്ത്രി സ്ഥാനം ലഭിക്കാത്തതിൽ അതൃപ്തി വ്യക്തമാക്കിയിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോൺഗ്രസ് വിട്ടു വന്ന അബ്ദുൾ സത്താറിനെ ശിവസേന തങ്ങളുടെ മുസ്ലീം മുഖമായി ഉയർത്തിക്കാട്ടിയിരുന്നു.

ഔറംഗബാദ് ജില്ലയിലെ സില്ലോദ് മണ്ഡലൽ മൂന്ന് തവണ ജയിച്ച സത്താർ 2014ൽ കോൺഗ്രസ് - എൻ.സി.പി സർക്കാരിലും മന്ത്രിയായിരുന്നു.

സത്താറിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതിനെതിരെ ബി.ജെ.പി രംഗത്തെത്തിയിരുന്നു. അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് അബ്ദുൾ സത്താറെന്നും ബാൽ താക്കറെ ഇക്കാര്യം പറഞ്ഞതാണെന്നുമായിരുന്നു ബി.ജെ.പിയുടെ ആരോപണം.

അതേസമയം, സത്താറിന്റെ രാജി അംഗീകരിക്കില്ലെന്നും അദ്ദേഹം മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി സംസാരിക്കുന്നതോടെ പ്രശ്നങ്ങൾ തീരുമെന്നും ശിവസേനാ വ‌ൃത്തങ്ങൾ പറഞ്ഞു.

നവംബർ 26ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്‌ക്കൊപ്പം ആറ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തിരുന്നു. പിന്നീട് ഡിസംബർ 30നാണ് അബ്ദുൾ സത്താർ അടക്കമുള്ള 36 പേരെ ഉൾപ്പെടുത്തി മന്ത്രിസഭ വികസിപ്പിച്ചത്. മന്ത്രിസ്ഥാനം കിട്ടാതിരുന്ന എൻ.സി.പി എം.എൽ.എ പ്രകാശ് സോളങ്കി മന്ത്രിസഭാ വികസനത്തിന് മണിക്കൂറുകൾക്ക് ശേഷം രാജി വച്ചിരുന്നു.

 മന്ത്രിസഭയിൽ എല്ലാവർക്കും ആഗ്രഹിക്കുന്ന വകുപ്പ് കിട്ടണമെന്നില്ല. നിരാശയുണ്ടാകും. ഇത് ശിവസേന മന്ത്രിസഭയല്ല, മഹാവികാസ് അഘാഡി മന്ത്രിസഭയാണ്. പുറത്തുനിന്ന് വന്നിട്ടും അബ്ദുൾ സത്താറിനെ മന്ത്രിയാക്കി. ഉദ്ധവ് താക്കറെയുമായി സംസാരിക്കുന്നതോടെ സത്താറിന്റെ നിരാശ മാറും.

- സഞ്ജയ് റൗട്ട്

ശിവസേനാ നേതാവ്