നിസാമബാദ്: എ.ഐ.എം.ഐ.എം ദേശീയ അദ്ധ്യക്ഷനും ലോക്സഭാ എം.പിയുമായ അസദുദ്ദീൻ ഒവൈസിയെ തലകീഴായി കെട്ടിത്തൂക്കി താടി വടിക്കുമെന്ന് തെലങ്കാന ബി.ജെ.പി എം.പി ധർമ്മപുരി അരവിന്ദിന്റെ ഭീഷണി.
വടിച്ചെടുത്ത ഒവൈസിയുടെ താടി തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന് ഒട്ടിച്ച് അയാളെ 'മൊല്ല' (മുസ്ളീം)ആക്കി മാറ്റുമെന്നും അരവിന്ദ് പറഞ്ഞു. നിസാമബാദിൽ പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു. നിരവധി വർഗീയ ചുവയുള്ള പരാമർശങ്ങളും അരവിന്ദ് നടത്തി.
'ആർ.എസ്.എസിനേയും ബി.ജെ.പിയേയും കീറിക്കളയണമെന്നാണ് ഒവൈസി പറയുന്നത്. സ്വന്തം സഹോദരന് നേരെ സ്വന്തം സമുദായത്തിൽ നിന്ന് ഉണ്ടായ അക്രമം തടയാൻ സാധിക്കാത്ത ആളാണോ ബി.ജെ.പിയെ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നത്. നിസാമബാദിൽ അവർ ഒന്നിച്ച് കൂടിയ അതേ മൈതാനത്ത് ഒവൈസിയെ ക്രെയിനിൽ തലകീഴായി കെട്ടിത്തൂക്കും. നിങ്ങളുടെ താടി വടിച്ചെടുത്ത് സ്ഥാനക്കയറ്റം നൽകും. അത് കെ. ചന്ദ്രശേഖര റാവുവിന്റെ മുഖത്തൊട്ടിക്കും.
മുസ്ളിം വേഷമണിഞ്ഞ മുഖ്യമന്ത്രിയാണ് റാവു. ഹിന്ദു ധർമ്മത്തെക്കുറിച്ച് അയാൾക്കെന്തറിയാം. റാവുവിന്റെ മകൻ അവിശ്വാസിയാണ്' അരവിന്ദ് പറഞ്ഞു.
ദേശീയ പൗരത്വഭേദഗതി നിയമത്തിനെതി ഒരാഴ്ച മുമ്പ് അസദുദ്ദീൻ ഒവൈസി നിസാമബാദിൽ പ്രതിഷേധ സമ്മേളനം നടത്തിയിരുന്നു.