തിരുവനന്തപുരം: രണ്ടാഴ്ച കനകക്കുന്നിൽ പൂക്കളുടെ വസന്തം വിരിയിച്ച പുഷ്‌പമേള ഇന്ന്​ സമാപിക്കും. വൈകിട്ട് 6ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. പതിനായിരക്കണക്കിന് പേരാണ് വസന്തോത്സവം കാണാൻ കനകക്കുന്നിലെത്തിയതെന്നാണ് കണക്ക്. ഇരുപതിനായിരത്തിൽപരം പൂക്കളും സസ്യലോകത്തെ അത്യപൂർവങ്ങളായ ചെടികളുമാണ് പ്രദർശനത്തിനുണ്ടായിരുന്നത്. സെക്രട്ടറിയേറ്റ്, മ്യൂസിയം ആൻഡ് സൂ, കാർഷിക കോളേജ്, ജവഹർലാൽ നെഹ്‌റു ബോട്ടാണിക്കൽ ഗാർഡൻ, വിക്രം സാരാഭായ് സ്‌പേസ് സെന്റർ, മലബാർ ബൊട്ടാണിക്കൽ ഗാർഡൻ, കേരള വന ഗവേഷണ കേന്ദ്രം, കിർത്താഡ്‌സ്, നിയമസഭാ മന്ദിരം, ഡിപ്പാർട്ട്‌മെന്റ് ഒഫ് ബോട്ടണി, കേരള യൂണിവേഴ്‌സിറ്റി, പൂജപ്പുര ആയുർവേദ ഗവേഷണ കേന്ദ്രം തുടങ്ങി പന്ത്രണ്ടോളം സ്ഥാപനങ്ങളും പത്തോളം നഴ്‌സറികളും നിരവധി വ്യക്തികളും പുഷ്പമേളയിൽ പങ്കെടുത്തു. പൂന്തോട്ട നഗരിയായ ബാംഗ്ലൂരിൽ നിന്നുള്ള പുഷ്പാലങ്കാര വിദഗ്ദ്ധർ ഒരുക്കിയ സബർമതി ആശ്രമത്തിന്റെയും ജടായു പാർക്കിന്റെയും പുഷ്പാലംകൃത മാതൃക മേളയുടെ പ്രധാന ആകർഷണമായി. അഡീനിയം, കാക്ടസ് ചെടികളുടെ ശേഖരവും കാഴ്ചക്കാരിൽ കൗതുകമുണർത്തി.