gurudwara

ഇസ്ളാമാബാദ്: പാകിസ്ഥാനിൽ ഗുരുനാനാക്കിന്റെ ജന്മസ്ഥലമായ നങ്കന സാഹിബ് ഗുരുദ്വാരക്ക് നേരെ കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. നിരവധി വിശ്വാസികൾ ഗുരുദ്വാരയ്ക്കുള്ളിൽ പ്രാർത്ഥിക്കുന്ന സമയത്താണ് നൂറുകണക്കിന് ആളുകൾ ചേർന്ന് കല്ലെറിഞ്ഞത്.

'പവിത്രമായ ഗുരുദ്വാരയ്ക്കു നേരെയുള്ള മനഃ പൂർവമായ ഈ ആക്രമണത്തെ അപലപിക്കുന്നു. പാക് സർക്കാർ അടിയന്തരമായി നടപടിയെടുക്കണം. രാജ്യത്തെ സിക്ക് സമൂഹത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കണം.'- ഇന്ത്യ ആവശ്യപ്പെട്ടു.

കഴിഞ്ഞ വർഷം ആഗസ്റ്റിൽ സിക്ക് യുവതിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റിയെന്ന് ആരോപണത്തിന്റെ പിന്തുടർച്ചയാണ് ആക്രമണമെന്നാണ് സൂചന.

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവിന്റെ നേതൃത്വത്തിലായിരുന്നു ഗുരുദ്വാരക്ക് നേരെ കല്ലെറിഞ്ഞത്. അകാലിദൾ എം.എൽ.എ മൻജീദ്സിംഗ് സിർസ അക്രമകാരികൾ സിക്ക് വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടിരുന്നു.

പ്രശ്നത്തിൽ പാകിസ്ഥാന്റെ അധികൃതരുടെ ഇടപെടൽ ആവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് ട്വീറ്റ് ചെയ്തു.

ഇതിന് മറുപടിയായി ഉത്തർപ്രദേശിൽ പൊലീസുകാർ മുസ്ലിങ്ങളെ ആക്രമിക്കുന്നുവെന്ന തരത്തിൽ വർഷങ്ങൾ പഴക്കമുള്ളൊരു വീഡിയോ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ട്വിറ്ററിലിട്ടു. എന്നാലിത് ബംഗ്ളാദേശിൽ നിന്നുള്ളതാണെന്ന് തിരിച്ചറിഞ്ഞതോടെ അദ്ദേഹമത് പിൻവലിച്ചു.

 ഈ ആക്രമണത്തിലൂടെ പാകിസ്ഥാന്റെ യഥാർത്ഥ മുഖം പുറത്തുവന്നു. പാകിസ്ഥാനിൽ ന്യൂനപക്ഷങ്ങൾക്ക് എതിരായ പീഡനം നടക്കുന്നുവെന്നത് സത്യമാണെന്ന് സംഭവം തെളിയിച്ചു.

- കേന്ദ്രമന്ത്രി ഹർസിമ്രത് കൗർ ബാദൽ

ആക്രമണത്തെ ശക്തിയായി അപലപിക്കുന്നു. വർഗീയത അപകടകരമാണ്. പഴക്കം ചെന്ന ഈ വിഷത്തിന് അതിർത്തികൾ ബാധകമല്ല. സ്നേഹം, പരസ്പര ബഹുമാനം, ധാരണ ഇതാണ് ഏക മറുമരുന്ന്.

-രാഹുൽ ഗാന്ധി, കോൺഗ്രസ് നേതാവ്

 ആക്രമണത്തിനെതിരെ കോൺഗ്രസിന്റെ ഭാഗത്ത് നിന്ന് ഒരു പ്രതികരണവും കേട്ടില്ല.

നവജ്യോത് സിംഗ് സിദ്ദു എങ്ങോട്ടാണ് ഒളിച്ചോടിയതെന്നറിയില്ല.

-ബി.ജെ.പി എം.പി മീനാക്ഷി ലേഖി