ഹൈദരാബാദ്: രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് എയിലെ മത്സരത്തിൽ ഹൈദരാബാദിനെതിരെ കേരളം ലീഡ് വഴങ്ങി. കേരളത്തെ ഒന്നാം ഇന്നിംഗ്സിൽ 164 റൺസിന് ആൾ ഔട്ടാക്കിയ ഹൈദരാബാദും രണ്ടാം ദിനം സ്റ്രമ്പെടുക്കുമ്പോൾ 193/8 എന്ന നിലയിൽ തകർച്ചയിലാണ്. 2 വിക്കറ്റ് കൈയിലിരിക്കെ അവർക്ക് 29 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടാനായിട്ടുണ്ട്. 91 റൺസുമായി പുറത്താകാതെ നിൽക്കുന്ന കൊല്ല സുമന്തിന്റെ ഒറ്രയാൾ പോരാട്ടമാണ് ഹൈദരാബാദിന് ഒന്നാം ഇന്നിംഗ്സ് ലീഡ് സമ്മാനിച്ചത്. 4 വിക്കറ്രെടുത്ത സന്ദീപ് വാര്യരും 2 വിക്കറ്റ് വീതം വീഴ്ത്തിയ ബേസിൽ തമ്പിയും അക്ഷയ് ചന്ദ്രനും ചേർന്നാണ് ഹൈദരാബാദിനെ ചുരുട്ടിക്കെട്ടിയത്.
നേരത്തേ 126/7 എന്ന നിലയിൽ ഇന്നലെ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച കേരളം അധികം വൈകാതെ ആൾ ഔട്ടാവുകയായിരുന്നു. അക്ഷയ് ചന്ദ്രൻ 31 റൺസുമായി പുറത്താകാതെ നിന്നു.ഹൈദരാബാദിനായി സിറാജും രവി കിരണും നാല് വിക്കറ്റ് വീതം വീഴ്ത്തി.