ടെഹ്‌റാൻ: ഇറാന്റെ ഉന്നത സൈനിക തലവൻ ജനറൽ ഖാസിം സുലൈമാനിയെ ഇറാഖിൽ വ്യോമാക്രമണത്തിൽ വധിച്ചതിന് പിന്നാലെ യു.എസിന് മുന്നറിയിപ്പുമായി ഇറാൻ റെവല്യൂഷണറി ഗാർഡ് കമാൻഡർ ഘൊലമാലി അബുഹമേസ്. പശ്ചിമേഷ്യയിലുള്ള അമേരിക്കയുടെ 35 സൈനിക താവളങ്ങളും ഇസ്രായേൽ നഗരമായ ടെൽഅവീവും തങ്ങളുടെ സൈനിക പരിധിക്കുള്ളിലാണെന്ന് അബുഹമേസ് വ്യക്തമാക്കി.
ഖാസെം സുലൈമാനിയെ വധിച്ചതിന് അമേരിക്കയ്ക്കെതിരെ പ്രതികാരം ചെയ്യാനുള്ള അവകാശം ഇറാന് ഉണ്ടെന്നും കമാൻഡർ വാർത്താ ഏജൻസിയോട് പറഞ്ഞു.. സുലൈമാനിയെ വധിച്ചത് യു.എസിന് പറ്റിയ ഒരു പിശകാണെന്നും വരും ദിവസങ്ങളിൽ അവർക്ക് അക്കാര്യം മനസിലാകുമെന്ന് ഹിസ്ബുല്ലയും പ്രതികരിച്ചു.
ബാഗ്ദാദ് വിമാനത്താവളത്തിൽ വെള്ളിയാഴ്ച പുലർച്ചെ നടത്തിയ ഡ്രോൺ ആക്രമണത്തിലാണ് സുലൈമാനി കൊല്ലപ്പെട്ടത്. ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഹിസ്ബുള്ള ബ്രിഗേഡ്‌സിന്റെ ഉപമേധാവി അബു മഹ്ദി അൽ മുഹന്ദിസും സുലൈമാനിയുടെ മരുമകനും ലെബനൻ ഹിസ്ബുള്ള നേതാവുമുൾപ്പെടെ ഏഴുപേരും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.