വാഷിംഗ്ടൺ: ഇറാൻ - അമേരിക്ക സംഘർഷത്തിലേക്ക് ഇന്ത്യയെ വലിച്ചിഴച്ചു കൊണ്ട്, വധിക്കപ്പെട്ട ഇറാൻ സൈനിക ജനറൽ ഖാസിം സുലൈമാനി ഡൽഹിയിലും ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്നതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആരോപിച്ചു.
ഇന്ത്യയിലെ ഇറാൻ അംബാസഡർ അലി ചെംഗേനി ട്രംപിന്റെ ആരോപണം നിഷേധിച്ചു. ഇന്ത്യൻ വിദേശമന്ത്രാലയം ഇതേപ്പറ്റി പ്രതികരിക്കാൻ വിസമ്മതിച്ചു.
നിരവധി ആക്രമണങ്ങളിൽ സുലൈമാനിക്ക് പങ്കുണ്ടെന്നും ഡൽഹിയിലും ലണ്ടനിലും ഉൾപ്പെടെ കൂടുതൽ ആക്രമണങ്ങൾക്ക് അയാൾ പദ്ധതിയിട്ടിരുന്നതായും വാഷിംഗ്ടണിൽ പുറപ്പെടുവിച്ച പ്രസ്‌താവനയിലാണ് ട്രംപ് ആരോപിച്ചത്. നിരപരാധികളുടെ മരണം സുലൈമാനിക്ക് മാനസിക വൈകൃതമായിരുന്നെന്ന് പറഞ്ഞ ട്രംപ് വധത്തെ ന്യായീകരിച്ചു.
2012 ഫെബ്രുവരിയിൽ ഡൽഹിയിലെ ഇസ്രയേൽ നയതന്ത്ര ഉദ്യോഗസ്ഥയെ ഉന്നം വച്ച് നടന്ന കാർ ബോംബാക്രമണമാണ് ട്രംപ് പരാമർശിച്ചതെന്നാണ് കരുതുന്നത്. ഇസ്രയേലിന്റെ അന്നത്തെ പ്രതിരോധ അറ്റാഷെയുടെ ഭാര്യയായിരുന്ന ഉദ്യോഗസ്ഥ ഉൾപ്പെടെ നാല് പേർക്ക് ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ടിബിലിസി, ജോർജിയ, ബാങ്കോക്ക് എന്നിവിടങ്ങളിലെ ഇസ്രയേൽ നയതന്ത്ര പ്രതിനിധികൾക്കെതിരെ നടന്ന ആക്രമണങ്ങളുമായി ഇതിന് ബന്ധം ഉണ്ടെന്നായിരുന്നു കേസന്വേഷിച്ച ഡൽഹി പൊലീസിന്റെ നിഗമനം. തങ്ങളുടെ ആണവശാസ്‌ത്രജ്ഞർക്കെതിരെ നടന്ന ആക്രമണത്തിന് പ്രതികാരമായി ഇറാൻ സൈന്യത്തിന്റെ ഏജന്റുമാരാണ് ആ ആക്രമണങ്ങൾ നടത്തിയത്. ഡൽഹി ആക്രമണത്തിൽ അറസ്റ്റിലായ, ഇറാനിയൻ വാർത്താ ഏജൻസിയിലെ ഇന്ത്യൻ പത്രപ്രവർത്തകന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. 2013ന് ശേഷം ഈ കേസ് മുന്നോട്ട് പോയിട്ടില്ല.
ഇന്ത്യയ്‌ക്ക് പരീക്ഷണം
ജനുവരി14ന് റെയ്‌സിന ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇറാൻ വിദേശകാര്യമന്ത്രി ജാവദ് സരീഫും അമേരിക്കൻ ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് മാറ്റ് പോട്ടിംഗറും ഡൽഹിയിൽ എത്തുന്നുണ്ട്. ഇരുവരും കടുത്ത ഭാഷയിൽ പ്രതികരിക്കുമ്പോൾ ഇന്ത്യ വീണ്ടും ഇറാൻ - യു.എസ് തർക്കത്തിന്റെ നടുവിലാവും.
ട്രംപ് കള്ളം പറയുന്നു: അലി ചെംഗേനി
(ഇന്ത്യയിലെ ഇറാൻ അംബാസഡർ)
ട്രംപിന് എന്തും പറയാം. പക്ഷേ ഇതൊരു വലിയ കള്ളമാണ്. ഭീകരവിരുദ്ധ ചർച്ചകൾക്ക് സിറിയയിൽ പോയി മടങ്ങുമ്പോഴാണ് സുലൈമാനിയെ അമേരിക്ക വധിച്ചത്. അത് മറയ്ക്കാനാണ് ട്രംപിന്റെ ശ്രമം. ഐസിസ്, ജുബാത്ത് അൽ നുസ്ര, അൽ ക്വ ഇദ ഭീകര ഗ്രൂപ്പുകൾക്കെതിരെ പൊരുതിയ ജനറലാണ് സുലൈമാനി. ഭീകരവിരുദ്ധ പോരാട്ടത്തിന് ഉപദേശം തേടി സിറിയയിലെയും ഇറാക്കിലെയും ഗവൺമെന്റുകൾ ക്ഷണിച്ചിട്ടാണ് അദ്ദേഹം പോയത്. അദ്ദേഹത്തെ വധിച്ചവർ ഭീകരരെ സഹായിക്കുകയാണ് ചെയ്‌തത്. അമേരിക്കൻ പ്രസിഡന്റാണ് വധിക്കാൻ ഉത്തരവിട്ടതെങ്കിൽ അതാണ് ഭീകരപ്രവർത്തനം. ഇന്ത്യ ഞങ്ങളുടെ വിശ്വസ്ത സുഹൃത്താണ്. അന്താരാഷ്‌ട്ര നിയമങ്ങൾ പാലിക്കാൻ ഇന്ത്യ അമേരിക്കയെ ഉപദേശിക്കണം. ഔദ്യോഗിക ക്ഷണപ്രകാരം ഒരു രാജ്യം സന്ദർശിച്ച ഓഫീസറെ കൊലപ്പെടുത്തിയതിനെ ഇന്ത്യ അപലപിക്കണം. തിരിച്ചടിക്കാനുള്ള അവകാശം ഞങ്ങൾക്കുണ്ട്. എപ്പോൾ എവിടെ പ്രതികരിക്കണമെന്ന് ഞങ്ങൾ തീരുമാനിക്കും.