sachin-pilot

ജയ്പ്പൂർ: രാജസ്ഥാനിലെ കോട്ടായിലുള്ള ജെ.എൻ ലോൺ ആശുപത്രിയിൽ 107 കുട്ടികൾ കുട്ടികൾ മരണപ്പെട്ട സംഭവത്തിൽ രാജസ്ഥാൻ സർക്കാരിനെതിരെ പ്രസ്താവനയുമായി ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ്. കുട്ടികൾ മരണപ്പെട്ട വിഷയത്തിൽ മുൻപുണ്ടായിരുന്ന മുൻകാല സർക്കാരിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും 13 മാസക്കാലത്തെ അധികാരത്തിലിരുന്നിട്ട് മുൻപത്തെ സർക്കാരിനെ കുറ്റം പറയുകയല്ല വേണ്ടതെന്നുമാണ് പൈലറ്റ് പറഞ്ഞത്.
ഇക്കാര്യത്തിൽ ആർക്കാണ് ഉത്തരവാദിത്തം എന്ന കാര്യത്തിൽ വ്യക്തത വേണമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും തമ്മിൽ അസ്വാരസ്യങ്ങൾ നിലനിക്കുന്നുണ്ട്.

കുട്ടികൾ മരണപ്പെട്ടത് കോൺഗ്രസിന് മുൻപ് സംസ്ഥാനത്ത് അധികാരത്തിലിരുന്ന ബി.ജെ.പി സർക്കാരിന്റെ പിടിപ്പുകേടുകൊണ്ടാണെന്ന് പറഞ്ഞുകൊണ്ട് ആരോഗ്യമന്ത്രി രഘു ശർമ്മ രംഗത്ത് വന്നിരുന്നു. ആശുപത്രിയിലേക്ക് അറുപത് കിടക്കകൾ എത്തിക്കുന്നതിനായി മുൻപത്തെ കോൺഗ്രസ് സർക്കാർ ധനസഹായം നൽകിയിരുന്നുവെന്നും. അതെവിടെപ്പോയെന്നും അങ്ങനെകിടക്കകൾ എത്തിയിരുന്നുവെങ്കിൽ കുട്ടികൾ മരണപ്പെടുകയില്ലായിരുന്നുവെന്നുമാണ് അദ്ദേഹം പറഞ്ഞിരുന്നത്.

അഞ്ച് വർഷക്കാലം ബി.ജെ.പി സംസ്ഥാനത്ത് അധികാരത്തിലിരുന്നിട്ടും കിടക്കകൾ ആശുപതിയിലേക്ക് എത്തിക്കാൻ സാധിച്ചില്ലെന്നും ശർമ്മ കുറ്റപ്പെടുത്തി. 2019 ഡിസംബറിലും 2020 ജനുവരിയിലുമായി ആശുപത്രിയിൽ നൂറോളം കുട്ടികൾ മരണപ്പെട്ടിരുന്നു. ഒടുവിലത്തെ കണക്ക് പ്രകാരം 107 കുട്ടികളാണ് മരണത്തിനിരയായിരിക്കുന്നത്. വിഷയത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് രാജിവയ്ക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു.