ashok-gehlot

ജയ്‌പൂർ: രാജസ്ഥാനിലെ കോട്ട സർക്കാർ ആശുപത്രിലെ തുടർച്ചയായ ശിശുമരണത്തെ ചൊല്ലി സംസ്ഥാനത്തെ കോൺഗ്രസ് സർക്കാരിൽ ഭിന്നത. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെതിരെ പേരെടുത്ത് പറയാതെ കടന്നാക്രമിച്ച് പാർട്ടി സംസ്ഥാന അദ്ധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ സച്ചിൻ പൈലറ്റ് രംഗത്തെത്തി.

'അക്കങ്ങളുടെ വല വിരിച്ചുകൊണ്ട് ഉത്തരവാദിത്വത്തിൽ നിന്ന് ആർക്കും രക്ഷപ്പെടാനാവില്ല. മുൻകാലങ്ങളിൽ എന്തുനടന്നു എന്നതിനെ കുറിച്ച് നമ്മൾ സംസാരിക്കേണ്ടതില്ല. ഇപ്പോൾ നടന്നതിന്റെ ഉത്തരവാദിത്തം നമ്മൾ ഏറ്റെടുക്കേണ്ടതുണ്ട്'- സച്ചിൻ പൈലറ്റ് പറഞ്ഞു.

ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് രാജിവെക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തിന് പിന്നാലെയാണ് സച്ചിൻ പൈലറ്റിന്റെ വിമർശനം. ആദ്യമായിട്ടാണ് കോൺഗ്രസിനുള്ളിൽ നിന്ന് സ്വന്തം സർക്കാരിനെതിരെ ഇത്തരത്തിലൊരു വിമർശനമുയരുന്നത്.

'നിരവധി കുട്ടികൾ മരിച്ചിട്ടുണ്ട്. അതിന്റെ ഉത്തരവാദിത്തം നമുക്കാണ്. വസുന്ധര രാജയുടെ തെറ്റുകൾക്കെതിരായിട്ടാണ് ആളുകൾ നമുക്ക് വോട്ട് ചെയ്തിട്ടുള്ളത്. ഇക്കാര്യത്തിൽ സർക്കാരിന്റെ പ്രതികരണം കൂടുതൽ അനുകമ്പയോടെയുള്ളതും സൂക്ഷമതയോടെയുമാകണമെന്ന് ഞാൻ കരുതുന്നു. അധികാരത്തിലേറിയിട്ട് 13 മാസമായിട്ടും കഴിഞ്ഞ സർക്കാരിനെ കുറ്റപ്പെടുത്തുന്നതിൽ അർത്ഥമില്ല. ഇത്രയധികം കുട്ടികൾ മരിച്ചിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുക തന്നെ വേണം.'- സച്ചിൻ പൈലറ്റ് കൂട്ടിച്ചേർത്തു.

കുട്ടികൾ മരിച്ചത് തണുത്ത് വിറങ്ങലിച്ച്

കോട്ടയിൽ നവജാത ശിശുക്കൾ മരിച്ചത് തണുത്തു വിറങ്ങലിച്ചാണെന്ന് അന്വേഷണ റിപ്പോർട്ട്. 107 കുരുന്നു ജീവനുകളാണ് ‍ഡിസംബർ 1 മുതൽ ജെ.കെ ലോൺ ആശുപത്രിയിൽ പൊലിഞ്ഞത്. ഹൈപ്പോതെർമിയയാണ് (ശരീരത്തിലെ ഊഷ്മാവ് അതിവേഗം നഷ്ടപ്പെടുന്ന അവസ്ഥ) ശിശുമരണ നിരക്ക് ഉയരാനുള്ള കാരണം. ഉപകരണങ്ങളുടെ അപര്യാപ്തതയാണ് മരണ നിരക്ക് ഉയരാനുണ്ടായ കാരണം. കുഞ്ഞുങ്ങളുടെ ശരീരോഷ്മാവ് 35 ഡിഗ്രി സെൽഷ്യസിലും താഴെ എത്തിയിരുന്നു. സാധാരണനിലയിൽ 37 ഡിഗ്രി സെൽഷ്യസാണ് വേണ്ടത്. ജീവൻ രക്ഷാ ഉപകരണങ്ങൾ ആശുപത്രിയിൽ ഉണ്ടായിരുന്നില്ല.

രാജസ്ഥാൻ സർക്കാർ നിയോഗിച്ച കമ്മിറ്റിയുടേതാണ് റിപ്പോർട്ട്. 28 നെബുലൈസറുകൾ ഉള്ളതിൽ 22 എണ്ണവും പ്രവർത്തനരഹിതമായിരുന്നു.

ജീവൻ നിലനിർത്തുന്നതിനാവശ്യമായ ഇൻഫ്യൂഷൻ പമ്പുകൾ 111 എണ്ണം ഉണ്ടെങ്കിലും 81 എണ്ണവും പ്രവർത്തനരഹിതമായിരുന്നു. പാരാമീറ്ററുകളുടെയും പൾസ് ഓക്സി മീറ്ററുകളുടെയും അവസ്ഥയും സമാനമായിരുന്നു. ഓക്സിജൻ പൈപ്പുകളുടെ അഭാവമുള്ളതിനാൽ സിലിണ്ടറിലൂടെയാണ് കുഞ്ഞുങ്ങൾക്ക് ഓക്സിജൻ ലഭ്യമാക്കിയിരുന്നത്. കുട്ടികൾക്കായി 40 ഹീറ്ററുകൾ വാങ്ങിയതായി രേഖകളില്ലെന്നും റിപ്പോർട്ടിലുണ്ട്.

ആറ് കോടി രൂപയുടെ ഫണ്ട് ആശുപത്രിക്ക് അനുവദിച്ചിട്ടുണ്ടെങ്കിലും ഉപകരണങ്ങൾ വാങ്ങിയില്ലെന്ന് ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തി.