ജക്കാർത്ത: ദിവസങ്ങളായി നിറുത്താതെ പെയ്യുന്ന മഴയെതുടർന്ന് ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയിലും സമീപ പ്രദേശങ്ങളിലുമുണ്ടായ പ്രളയത്തിൽ 62പേർ മരിച്ചതായി റിപ്പോർട്ട്. വെള്ളപ്പൊക്കത്തിൽ നിരവധിപ്പേരെ കാണാതായി. പതിനായിരക്കണക്കിനാളുകൾ ദുരിതാശ്വാസ ക്യാമ്പിൽ അഭയം തേടി. പല പ്രദേശങ്ങളും നിലവിൽ വെള്ളത്തിനടിയിലാണ്.
2013 ന് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ പ്രളയ ദുരിതമാണിതെന്ന് അധികൃതർ വ്യക്തമാക്കി. വീടുകളിൽ ചെളിയും വെള്ളവും കെട്ടിക്കിടക്കുന്നു. വൈദ്യുതി വിതരണം നിലച്ചു. വാഹന ഗതാഗതം നിറുത്തിവെച്ചു. ആഭ്യന്തര സർവീസുകൾ ഉൾപ്പെടെ വിമാന ഗതാഗതം പൂർണമായും റദ്ദാക്കി. വിമാനത്താവളത്തിൽ 20,000 ത്തോളം പേർ കുടുങ്ങി കിടക്കുകയാണെന്നാണ് റിപ്പോർട്ട്.