കൊച്ചി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ ശ്രീപാർവതി ദേവിയുടെ നടതുറപ്പ് മഹോത്സവത്തോട് അനുബന്ധിച്ച് ഭക്തർക്ക് സുഗമമായി ദർശനം നടത്താനുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുന്നുവെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ജനുവരി ഒമ്പതിന് രാത്രി എട്ടുമുതൽ 20ന് രാത്രി എട്ടുവരെയാണ് മഹോത്സവം.
വിവിധ സർക്കാർ വകുപ്പുകളുടെ സേവനം ലഭ്യമാക്കാൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും കളക്‌ടറുടെയും നേതൃത്വത്തിൽ തിരുവൈരാണിക്കുളത്ത് വകുപ്പ് മേധാവികളുടെ യോഗം രണ്ടുവട്ടം ചേർന്ന്, ഒരുക്കങ്ങൾ വിലയിരുത്തിയിരുന്നു. സർക്കാരിന്റെ 'ഹരിത കേരളം" പദ്ധതിയുടെ ഭാഗമായി തിരുവൈരാണിക്കുളം പ്രദേശത്ത് ക്ഷേത്ര ട്രസ്റ്റ് തുടക്കമിട്ട 'നാടിനൊപ്പം നന്മയ്‌ക്കൊപ്പം" ശുചിത്വ പരിപാലന യജ്ഞം ഈ വർഷവുമുണ്ട്. ഇതിന്റെ ഭാഗമായി ആഘോഷങ്ങൾക്ക് ഗ്രീൻ പ്രോട്ടോക്കോൾ ഏർപ്പെടുത്തി.
ഓൺലൈൻ 'വെർച്വൽ ക്യൂ" സംവിധാനത്തിന് ഈ വർഷവും നല്ല സ്വീകാര്യതയുണ്ട്. 94965 05182, 94473 51182 എന്ന ഹെൽപ്പ്‌ലൈനുകളിൽ വെർച്വൽ ക്യൂ സംബന്ധിച്ച സംശയങ്ങൾ പരിഹരിക്കാം.
ഭക്തർക്ക് ക്ഷേത്രത്തിൽ എത്താനായി വിവിധ സർക്കാർ ഡിപ്പോകളിൽ നിന്ന് പ്രത്യേക സർവീസുകളുണ്ട്. ഇക്കുറി കൂടുതൽ കെ.എസ്.ആർ.ടി.സി ബസുകളുണ്ടാകും. ദിവസവും രാത്രി നടയടക്കും വരെ ക്ഷേത്ര പരിസരത്തുനിന്ന് ബസ് ഉണ്ടാകും.
വാഹനങ്ങൾ പാർക്ക് ചെയ്യാൻ നാല് വലിയ പാർക്കിംഗ് ഗ്രൗണ്ടുകളുണ്ട്. സുഗമമായി ക്യൂ നിൽക്കാൻ ഒരേസമയം 25,000 പേരെ ഉൾക്കൊള്ളുന്ന പന്തലുകളും ബാരിക്കേഡുകളും സജ്ജമാണ്. ക്യൂവിൽ നിൽക്കുന്നവർക്ക് കുടിവെള്ളം ലഭ്യമാക്കാനും സൗകര്യമുണ്ട്. ഭക്തർക്ക് അന്നദാനവുമുണ്ട്. രാവിലെ 10 മുതൽ വൈകിട്ടുവരെ കുത്തരി കഞ്ഞിയും പുഴുക്കും അടങ്ങുന്ന പോഷകാഹാരമാണ് ഒരുക്കുന്നത്. പുലർച്ചെ മുതൽ മിതമായ നിരക്കിൽ ചായയും പലഹാരങ്ങളും ലഭ്യമാകുന്ന ടീസ്‌റ്രാളുമുണ്ടാകും. ദേവീ പ്രസാദങ്ങളായ അപ്പം, അരവണ നിവേദ്യങ്ങൾ തറായാക്കി വരുന്നു.
ഭക്തർ നേരിടുന്ന അടിയന്തര ആരോഗ്യ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ക്ഷേത്ര ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഗൗരി ലക്ഷ്മി മെഡിക്കൽ സെന്ററിന്റെ ആംബുലൻസും ഡോക്‌ടർമാരും അടക്കമുള്ള മെഡിക്കൽ സേവനങ്ങൾ സൗജന്യമായി ലഭ്യമാക്കും.
സുരക്ഷയ്ക്കായി മുന്നൂറോളം പൊലീസ് ഉദ്യോഗസ്ഥരുടെയും 350 ഓളം പ്രൈവറ്റ് സെക്യൂരിറ്റി ഗാർഡുകളുടെയും സേവനം ഉറപ്പാക്കിയിട്ടുണ്ട്. 300ലേറെ വാളണ്ടിയേഴ്‌സിനെയും നിയോഗിക്കും.
പത്രസമ്മേളനത്തിൽ ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി രാതുൽ രാം, പ്രസിഡന്റ് അകവൂർ കുഞ്ഞനിയൻ നമ്പൂതിരിപ്പാട്, വൈസ് പ്രസിഡന്റ് പി.ജി. രാധാകൃഷ്ണൻ, പബ്ലിസിറ്റി കൺവീനർ കെ.എ. പ്രസൂൺ കുമാര്‍ എന്നിവർ പങ്കെടുത്തു.