ഇന്ത്യ - ശ്രീലങ്ക ആദ്യ ട്വന്റി-20 ഇന്ന്
ഗോഹട്ടി: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് ഗോഹട്ടിയിൽ നടക്കും. പൗരത്ത നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് മത്സരം നടക്കുന്നത്. ഗോഹട്ടിയിലെ ബരസ്പര സ്റ്രേഡിയത്തിൽ വൈകിട്ട് 7 മുതലാണ് പോരാട്ടം. 2020ലെ തങ്ങളുടെ ആദ്യ മത്സരം ജയിച്ചു തുടങ്ങുകയെന്ന ലക്ഷ്യത്തോടെയാണ് ഇരുടീമും കളത്തിലിറങ്ങുന്നത്.
22 മാസങ്ങൾക്ക് ശേഷമാണ് ഇന്ത്യയും ശ്രീലങ്കയും ട്വന്റി-20യിൽ ഏറ്രുമുട്ടുന്നത്. മൂന്ന് മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിലെ അടുത്ത മത്സരങ്ങൾ 7ന് ഇൻഡോറിലും 10ന് പൂനെയിലും നടക്കും.
ജയം തുടരാൻ
സമീപകാലത്തെ മികച്ച ഫോം തുടർന്ന് പുതുവർഷം വിജയത്തോടെ തുടങ്ങാമെന്നാണ് ടീം ഇന്ത്യയുടെ പ്രതീക്ഷ. പരിക്കിനെത്തുടർന്ന് വിശ്രമത്തിലായിരുന്ന ജസ്പ്രീത് ബുംരയുടെ തിരിച്ചുവരവ് ഇന്ത്യൻ ക്യാമ്പിന്റെ ആത്മ വിശ്വാസം വർദ്ധിപ്പിക്കുന്നു. അതേസമയം മലയാളിത്താരം സഞ്ജു സാംസണ് ഇന്നും ആദ്യ ഇലവനിൽ അവസരം ലഭിക്കാൻ സാധ്യത കുറവാണ്. സഞ്ജു കളിക്കുന്നത് സംബന്ധിച്ച് ഇന്നലെ നടത്തിയ പത്രസമ്മേളനത്തിൽ നായകൻ വിരാട് കൊഹ്‌ലി ഒരു സൂചനയും നൽകിയില്ല.
സാധ്യതാ ടീം:ധവാൻ, രാഹുൽ, കൊഹ്‌ലി, ശ്രേയസ്, പന്ത്, ദുബെ,ജഡേജ,സുന്ദർ,കുൽദീപ്/ചഹൽ,ഷർദ്ദുൾ, ബുംര.
പ്രതീക്ഷയോടെ ലങ്ക
ലസിത് മലിംഗ, എയ്ഞ്ചലോ മാത്യൂസ് എന്നീ പരിചയ സമ്പന്നരുടെയും യുവതാരങ്ങളുടെയും മികവിൽ ഇന്ത്യൻ വെല്ലുവിളി മറികടക്കാമെന്ന് ശ്രീലങ്ക സ്വപ്നം കാണുന്നു. 2019ൽ ലങ്കയുടെ ക്യാപ്‌ടനായി വീണ്ടും ചുമതലയേറ്ര ശേഷം മലിംഗ വ്യക്തിഗത പ്രകടനത്തിൽ മികവ് നിലനിറുത്തുന്നുണ്ടെങ്കിലും 9 ട്വന്റി -20 മത്സരങ്ങളിൽ ടീം തോറ്രു. ഒരെണ്ണത്തിൽ മാത്രമേ ജയിക്കാനായുള്ളൂ.
സാധ്യതാ ടീം: ഗുണതിലകെ, ഒഷഡ, അവിഷ്ക,രാജപക്സെ,കുശാൽ , മാത്യൂസ്,ഷനാക, ഉഡാന, ഹസരംഗ,മലിംഗ,ലഹിരു/രജിത.