ബാഗ്ദാദ്:അമേരിക്ക വ്യോമാക്രമണത്തിൽ വധിച്ച ഇറാന്റെ വീരനായ സൈനിക കമാൻഡർ ഖാസിം സുലൈമാനിയുടെ വിലാപയാത്രയിൽ കണ്ണീരും രോഷവും അണപൊട്ടിയ പതിനായിരക്കണക്കിന് ജനങ്ങൾ അണിചേർന്നു. ബാഗ്ദാദിൽ ഇന്നലെ നടന്ന വിലാപയാത്രയോടെ സംസ്കാരത്തിന് മുമ്പായി രാജ്യത്താകെ നടക്കുന്ന മൂന്ന് ദിവസത്തെ പ്രത്യേക ചടങ്ങുകൾക്ക് തുടക്കമായി. ബാഗ്ദാദിൽ നിന്ന് ഇറാനിലേക്ക് കൊണ്ടുപോകുന്ന ഭൗതിക ദേഹം ചൊവ്വാഴ്ച സുലൈമാനിയുടെ ജന്മനാടായ കെർമനിൽ സംസ്കരിക്കും.
ഇന്നലെ ബാഗ്ദാദിൽ വിലാപയാത്രയ്‌ക്ക് എത്തിയ ജനക്കൂട്ടം സുലൈമാനിയുടെ ചിത്രങ്ങളുമായി തെരുവുകൾ നിറഞ്ഞൊഴുകി. 'അമേരിക്കയ്‌ക്ക് മരണം' 'അമേരിക്ക കൊടിയ ചെകുത്താൻ' 'പ്രതികാരം ചെയ്യും ' എന്നീ മുദ്രാവാക്യങ്ങൾ മുഴക്കി. സുലൈമാനിയുടെ ഭൗതിക ദേഹം വഹിച്ച പുഷ്പാലംകൃത വാഹനത്തെ ജനക്കൂട്ടം വികാരഭാരത്തോടെ പൊതിഞ്ഞു നിന്നു. അവർ അമേരിക്കയുടെയും ഇസ്രയേലിന്റെയും പതാകകൾ കത്തിച്ചു. സുലൈമാനിക്കൊപ്പം കൊല്ലപ്പെട്ട കതായെബ് ഹിസ്ബുള്ള ഗ്രൂപ്പിന്റെ തലവൻ അബു മഹ്‌ദി അൽ - മുഹന്ദിസിന് വേണ്ടിയും വിലാപ യാത്രകൾ നടന്നു
ബാഗ്ദാദിലെ ഏറ്റവും വിശുദ്ധ ഷിയാ ആരാധനാലയമായ ഇമാം കാദിം പള്ളിയിൽ നിന്നാണ് വിലാപ യാത്ര ആരംഭിച്ചത്. വിലാപയാത്രയ്‌ക്ക് എത്തിയ ഇറാക്ക് പ്രധാനമന്ത്രി അദെൽ അബ്‌ദെൽ മഹ്‌ദി, രാജ്യത്തെ എല്ലാ അമേരിക്കൻ സൈനികരെയും പുറത്താക്കുമെന്ന് പ്രഖ്യാപിച്ചു.
ബാഗ്ദാദിലെ യു. എൻ ഓഫീസിന് മുന്നിൽ ആയിരങ്ങൾ പ്രതിഷേധം പ്രകടിപ്പിച്ചു.