ഇർഫാൻ പത്താൻ വിരമിച്ചു
വഡോദര: തന്റെ മാസ്മരിക സ്വിംഗ് ബാളുകൾ കൊണ്ട് എതിരാളികളെ വെള്ളം കുടിപ്പിച്ച ഇർഫാൻ പത്താൻ ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. സ്പോർട്സ് ചാനലായ സ്റ്രാർ സ്പോർട്സ് സംപ്രേഷണം ചെയ്ത പ്രത്യേക പരിപാടിയിലാണ് ഇർഫാൻ തന്റെ വിരമിക്കൽ കാര്യം പ്രഖ്യാപിച്ചത്. ഇന്ത്യക്കായി 29 ടെസ്റ്റും 120 ഏകദിനങ്ങളും 24 ട്വന്റി-20യും കളിച്ചിട്ടുള്ള മുപ്പത്തിയഞ്ചുകാരനായ ഇർഫാൻ 7 വർഷമായി ഇന്ത്യൻ ടീമിൽകളിച്ചിട്ടില്ല. നിലവിൽ ജമ്മു കാശ്മീർ ടീമിന്റെ മെന്ററും കളിക്കാരനുമായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ സയ്യദ് മുഷ്താഖ് അലി ട്രോഫിൽ കാശ്മീരി
നായാണ് പത്താൻ അവസാനമായി കളത്തിലിറങ്ങിയത്. ഐ.പി.എല്ലിലും ഇർഫാൻ തിളങ്ങി. ചേട്ടൻ യൂസുഫ് പത്താനോടൊപ്പം ബറോഡയ്ക്കായി ആഭ്യന്തര മത്സരങ്ങൾ കളിച്ചാണ് ഇർഫാൻ ക്രിക്കറ്ര് കരിയർ ആരംഭിക്കുന്നത്. 2003ൽ പത്തൊമ്പതാം വയസിൽ ആസ്ട്രേലിയക്കെതിരെയായിരുന്നു ഇർഫാന്റെ അന്താരാഷ്ട്ര അരങ്ങേറ്രം. 2006ലെ പാകിസ്ഥാൻ പര്യടനമാണ് ഇർഫാന്റെ കഴിവിനെ ലോകത്തിന് മുന്നിൽ കാണിച്ചു കൊടുത്തത്. പാകിസ്ഥാനിലെ ഓരോവിലും ധാരാളം ഇർഫാൻ പത്താൻമാരുണ്ടെന്ന് കളിയാക്കിയ അന്നത്തെ പാക് പരിശീലകൻ ജാവേദ് മിയാൻ ദാദിന്റെ വായടപ്പിച്ച് ഹാട്രിക്കുൾപ്പെടെ മിന്നുന്ന സ്വിംഗ് ബൗളിംഗ് പ്രകടനവുമായി ഇർഫാൻ ഇരച്ചുകയറി. കപിൽദേവിന് ശേഷമുള്ള കംപ്ലീറ്ര് ആൾറൗണ്ടർ എന്ന വിലയിരുത്തലുകൾ ഉണ്ടായെങ്കിലും പരിക്കും ഇടയ്ക്ക് ഫോം നഷ്ടമായതും ഇർഫാന് തിരിച്ചടിയാവുകയായിരുന്നു.
കരിയർ കണക്ക്
29 ടെസ്റ്റിൽ നിന്ന് 100 വിക്കറ്റും 1105 റൺസും
120 ഏകദിനത്തിൽ നിന്ന് 173 വിക്കറ്രും 1544 റൺസും
24 ട്വന്റി-20യിൽ നിന്ന് 28 വിക്കറ്രും 172 റൺസും