ജയ്പ്പൂർ: രാജസ്ഥാനിലെ കോട്ടായിലുണ്ടായ ശിശു മരണങ്ങളുമായി ബന്ധപ്പെട്ടുള്ള അന്വേഷണ റിപ്പോർട്ട് പുറത്ത്. കുട്ടികളെ പ്രവേശിപ്പിച്ചിരുന്ന ജെ.കെ ലോൺ ആശുപത്രിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് റിപ്പോർട്ടിലുള്ളത്. രാജസ്ഥാൻ സർക്കാർ നിയോഗിച്ച അന്വേഷണ സമിതിയാണ് സമർപ്പിച്ച റിപ്പോർട്ടിൽ കുഞ്ഞുങ്ങൾ മരിച്ചത് അതിശൈത്യം മൂലം വിറങ്ങലിച്ചാണെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.
കുഞ്ഞുങ്ങളുടെ ജീവൻ സംരക്ഷിക്കാനായുള്ള പ്രാഥമിക സജ്ജീകരണങ്ങൾ പോലും ജെ.കെ ലോൺ ആശുപത്രിയിൽ ഉണ്ടായിരുന്നില്ലെന്നും, ഇതാണ് കുട്ടികളുടെ മരണനിരക്ക് വർദ്ധിക്കാൻ കാരണമായതെന്നും അന്വേഷണ റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്. ഇതുവരെയുള്ള കണക്ക് പ്രകാരം ആശുപത്രിയിൽ 107 കുട്ടികളാണ് മരണപ്പെട്ടത്. കൊടുംതണുപ്പ് കാരണം ശരീരത്തിലെ താപം അതിവേഗം നഷ്ടമാകുന്ന അവസ്ഥയായ ഹൈപ്പോതെർമിയയാണ് കുട്ടികളുടെ മരണത്തിന് കാരണം.
ഉപകരണങ്ങളുടെ അപര്യാപ്തത ദുരന്തം സംഭവിക്കാനുള്ള മറ്റൊരു കാരണമാണ്. അത്യാവശ്യംവേണ്ട ജീവൻ രക്ഷാ ഉപകരണങ്ങൾ പോലും ആശുപത്രിയിൽ ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. ആശുപത്രിയിലുള്ള 28 നെബുലൈസറുകളിലെ 22 എണ്ണവും 111 ഇൻഫ്യൂഷൻ പമ്പുകളിലെ 81 എണ്ണവും പ്രവർത്തിക്കുന്നില്ലെന്നും, ആശുപത്രിയിലെ ഐ.സി.യു അണുവിമുക്തമാക്കിയിട്ട് മാസങ്ങളായെന്നും റിപ്പോർട്ടിൽ പറയുന്നു.