എന്നെന്നും പാട്ടിന്റെ സുഗന്ധം പൊഴിക്കുന്ന എത്രയെത്ര ഓർമ്മകളാണ് പ്രിയഗന്ധർവൻ സമ്മാനിച്ചിട്ടുള്ളത്. ആ ജീവിതത്തിലെ ചില നിമിഷങ്ങൾ പങ്കുവയ്ക്കാൻ കഴിഞ്ഞത് തന്നെ ജന്മപുണ്യം കൊണ്ടു മാത്രമാണ്. യേശുദാസ് സാറുമായുള്ള ഓർമ്മ എന്റെ കുട്ടിക്കാലത്തേ തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരം സെനറ്റ് ഹാളിൽ യേശുദാസ് സാറിന്റെ ഗാനമേള ഉണ്ടെന്ന് കേട്ട് കുട്ടിയായിരുന്ന ഞാൻ അമ്മയോട് പറഞ്ഞു, എനിക്കാ പാട്ട് കേട്ടേ പറ്റൂ എന്ന്. അന്നാണ് ആദ്യമായി ഞാൻ യേശുദാസ് സാറിനെ നേരിൽ കാണുന്നത്. തൂവെള്ള വസ്ത്രത്തിൽ, ഉദിച്ചു നിൽക്കുന്ന ചന്ദ്രനെ പോലെ! കണ്ണെടുക്കാതെ കണ്ടു നിന്നതും മനസു നിറയെ പാട്ടു കേട്ടതും എല്ലാം ഇന്നും മനസിൽ തുളുമ്പുന്നുണ്ട്. അദ്ദേഹം അന്ന് പാടിയ സന്യാസിനി നിൻ പുണ്യാശ്രമത്തിൽ, ആയിരം പാദസരങ്ങൾ കിലുങ്ങി തുടങ്ങിയ പാട്ടുകൾ ഇന്നും എന്റെ ചെവിയിലുണ്ട്.
അതിനുശേഷം ഒന്നുരണ്ട് തവണ സെൻട്രൽ സ്റ്റേഡിയത്തിൽ എല്ലാ വർഷവും ഉണ്ടാകുന്ന ഓണാഘോഷ പരിപാടികളുടെ ഭാഗമായുള്ള ഗാനമേളയിൽ അദ്ദേഹത്തെ ദൂരെ നിന്ന് കാണാനുള്ള ഭാഗ്യം കിട്ടിയിട്ടുണ്ട്. സാറിന്റെ മുന്നിൽ ചെല്ലണമെന്നും ഒരു പാട്ട് അദ്ദേഹത്തെ പാടി കേൾപ്പിക്കണമെന്നുമുള്ളതായിരുന്നു എന്റെ ആദ്യത്തെ ആഗ്രഹം. കുറച്ച് വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ തരംഗിണി സ്കൂൾ ഒഫ് മ്യൂസിക്കിന്റെ ഒരു പ്രോഗ്രാം പാങ്ങോട് ഉണ്ടെന്ന് അറിഞ്ഞ് എന്റെ ബജാജ് സ്കൂട്ടറിൽ അവിടെ ചെന്നു. ഒരുപാട് ആളുകൾ. എല്ലാവരും യേശുദാസ് സാറിനെ കാണാൻ വന്നിരിക്കുകയാണ്. പലർക്കും അദ്ദേഹം കൈ കൊടുക്കുന്നു, ചിലർക്ക് ഫോട്ടോയ്ക്കൊപ്പം നിന്നു കൊടുക്കുന്നു. പക്ഷേ, എനിക്ക് അദ്ദേഹത്തിന്റെ അടുത്തേക്ക് പോകാൻ പോലുമുള്ള അവസരം കിട്ടിയില്ല. അദ്ദേഹം അവിടെ നിന്ന് ഇറങ്ങിയപ്പോൾ ഞാനെന്റെ സ്കൂട്ടറിൽ അദ്ദേഹത്തിന്റെ കാറിനെ പിന്തുടർന്നു. നേരെ തരംഗിണി സ്റ്റുഡിയോയിലേക്കാണ് കാർ പോയത്.
പുറത്ത് വാച്ച്മാൻ എന്നെ തടഞ്ഞു. യേശുദാസ് സാറിനെ കാണണമെന്ന എന്റെ ആവശ്യം വാച്ച്മാനോട് പറഞ്ഞു. അദ്ദേഹം പറ്റില്ലെന്ന് പറഞ്ഞ് എന്നെ തള്ളിയിടുകയായിരുന്നു. ഞാൻ മറിഞ്ഞു വീണു. വീഴുമെന്ന് ഞാനും വാച്ച്മാനും കരുതിയില്ല. വാച്ച്മാൻ തന്നെ പിടിച്ചെഴുന്നേൽപ്പിച്ചു.അപ്പോഴാണ് യേശുദാസ് സാർ കാറിൽ നിന്ന് ഇറങ്ങി സ്റ്റുഡിയോയ്ക്കുള്ളിലേക്ക് പോകുന്നത് കണ്ടത്. ഞാൻ അവിടെ നിന്ന് ദാസ് സാർ എന്ന് ഉറക്കെ വിളിച്ചു. അദ്ദേഹം തിരിഞ്ഞുനോക്കി, എന്താ മോനെ എന്ന് ചോദിച്ചു. പക്ഷേ, അദ്ദേഹത്തെ കണ്ടപ്പോൾ ഒന്നും മിണ്ടാനാവാത്ത അവസ്ഥയിലായി ഞാൻ. എന്റെ കണ്ണ് അദ്ദേഹത്തിന്റെ കണ്ണിൽ നട്ട് നോക്കി നിൽക്കുകയായിരുന്നു ഞാൻ. വീണ്ടും 'എന്താ മോനേ" എന്ന് ചോദിച്ചപ്പോൾ, 'ഒന്നുമില്ല സാർ, സാറിനെ കാണാൻ" എന്ന് മാത്രം പറഞ്ഞൊപ്പിച്ചു. ആ സുന്ദരനിമിഷത്തിൽ മറ്റൊന്നും പറയാൻ സാധിക്കുമായിരുന്നില്ല. ശരി മോനേ, നന്നായിട്ടിരിക്ക് എന്ന് പറഞ്ഞ് അദ്ദേഹം നടന്നുനീങ്ങി.
അതിന് ശേഷവും അദ്ദേഹത്തെ കാണാനുള്ള പല മാർഗങ്ങളും തേടിയെങ്കിലും നടന്നില്ല. തരംഗിണി സ്റ്റുഡിയോയിലെ എൻജിനീയർ ആയിരുന്ന കരുണാകരൻ ചേട്ടന് എന്നോട് കുറച്ച് കരുണ ഉണ്ടായിരുന്നു. അദ്ദേഹം ഒരിക്കൽ പറഞ്ഞു. 'നീ ഒരു ദിവസം വാ, ദാസ് സാറിന്റെ റെക്കാർഡിംഗ് കഴിഞ്ഞ് അദ്ദേഹത്തെ കാണാം, പറ്റിയാൽ പാട്ടും പാടി കേൾപ്പിക്കാം" എന്ന്. അങ്ങനെ ഒരു ദിവസം രാവിലെ ഒമ്പതു മണിക്ക് അവിടെ ചെന്നു. ഉച്ചയ്ക്കാണ് അദ്ദേഹം സ്റ്റുഡിയോയിൽ നിന്ന് പുറത്തിറങ്ങിയത്. എന്നെ നോക്കി. ഞാൻ പഴയ അവസ്ഥയിൽ തന്നെ, ഒന്നും മിണ്ടാനാവാതെ നിന്നു.
എന്റെ അമ്മയുടെ സഹോദരൻ ബി.സി. ശേഖർ എന്ന ഞങ്ങളുടെ ഉണ്ണിമാമൻ. ലോകോത്തര റബർ സയന്റിസ്റ്റുകളിൽ ഒരാളായ അദ്ദേഹത്തിന് മലേഷ്യൻ സർക്കാരിന്റെ പ്രത്യേക ബഹുമതി ലഭിച്ചിരുന്നു. മലേഷ്യയിൽ പരിപാടി അവതരിപ്പിക്കാൻ പോയ യേശുദാസ് സാർ ഉണ്ണിമാമന്റെ കൂടെ താമസിക്കുകയും നല്ല ബന്ധത്തിലാവുകയും ചെയ്തു. അതറിഞ്ഞ് അമ്മ ഉണ്ണിമാമനോട് പറഞ്ഞ് ചെന്നൈയിൽ പോയി യേശുദാസ് സാറിനെ പാട്ട് പാടി കേൾപ്പിക്കാനുള്ള അവസരം ഉണ്ടാക്കി തന്നു. അമ്മ തന്നെയാണ് എന്നെ ചെന്നൈയിലേക്ക് കൊണ്ട് പോകുന്നതും. അവിടെ വച്ചാണ് ആദ്യമായി അദ്ദേഹത്തോട് ദീർഘനേരം സംസാരിക്കുന്നത്. അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ച് ഒരു കൃതി പാടിക്കേൾപ്പിച്ചു. വളരെ സ്നേഹത്തിൽ എന്റെ പാട്ടിലെ ഗുണഭാവങ്ങൾ പറയുകയും തെറ്റുകൾ തിരുത്തുകയും ചെയ്തു അദ്ദേഹം. അതുകഴിഞ്ഞ് ചെന്നൈയിലുള്ള ഇന്ത്യൻ ഫൈൻ ആർട്സ് സൊസൈറ്റിയിൽ വിളിച്ച് 'ഇങ്ങനെ ഒരു പയ്യനുണ്ട്, നിങ്ങൾക്ക് ആവശ്യമുണ്ടെങ്കിൽ അയാളെ വിളിച്ചു പാടിക്കണം"എന്നൊക്കെ എന്നെക്കുറിച്ച് പറഞ്ഞു. അങ്ങനെ 1993ൽ ഇന്ത്യൻ ഫൈൻ ആർട്സ് സൊസൈറ്റിയിൽ പോയി ഞാൻ പാടി . തിരികെ വന്നപ്പോൾ ബെസ്റ്റ് വോക്കലിസ്റ്റ് അവാർഡ് ലഭിച്ചതായ വിവരം ലഭിച്ചു.
പിന്നീട് സംഗീത സംവിധായകൻ എന്ന രീതിയിൽ വന്നപ്പോൾ യേശുദാസ് സാറിന്റെ ഒരു പാട്ട് റെക്കാർഡ് ചെയ്യണമെന്നും അത് തരംഗിണി സ്റ്റുഡിയോയിൽ തന്നെ ചെയ്യണമെന്നും ആഗ്രഹമുണ്ടായിരുന്നു. എന്റെ ആദ്യത്തെ സിനിമയിൽ രണ്ട് പാട്ടും എം.ജി ശ്രീകുമാർ ആണ് പാടിയത്. ആ പാട്ടിന്റെ സ്വഭാവം അതായത് കൊണ്ട് ശ്രീകുമാർ ചേട്ടൻ പാടണമെന്നായിരുന്നു എനിക്ക്. രണ്ടാമത്തെ സിനിമ രജപുത്രനിൽ ദാസ് സാറിനായി ഒരു മെലഡി ഉണ്ടായി. ഗിരീഷ് പുത്തഞ്ചേരി എഴുതിയ നിറവാവോ എന്ന പാട്ടായിരുന്നു അത്. ദാസ് സാറിന് നല്ല തിരക്കുണ്ടായിരുന്ന സമയമായിരുന്നു. ഞാൻ ദാസ് സാറിന്റെ മാനേജരുമായി സംസാരിച്ചു. 1995 കാലഘട്ടമാണ്. യേശുദാസ് സാറിനെ കൊണ്ട് പാടി റെക്കാർഡ് ചെയ്യിക്കാനായി മാത്രം ഞാൻ ചെന്നൈ കോടമ്പാക്കത്തുള്ള ഒരു ചെറിയ ഹോട്ടലിൽ മുറിയെടുത്ത് താമസിച്ചു. എന്റെ കൈയിൽ പണമില്ലാത്തതുകൊണ്ട് അമ്മയുടെ കൈയിൽ നിന്ന് വാങ്ങിയാണ് അവിടെ താമസം.
പത്ത് ദിവസത്തോളം അവിടെ താമസിച്ചു. പക്ഷേ, പാട്ട് മാത്രം റെക്കാർഡ് ചെയ്യാനായില്ല. ഒടുവിൽ സംവിധായകനും നിർമ്മാതാവുമെല്ലാം എന്നെ തിരികെ വിളിപ്പിച്ചു. എനിക്ക് ഭയങ്കര നിരാശ തോന്നി. അതിന് ശേഷം ഒരു ദിവസം അദ്ദേഹം അത് പാടി എന്ന് കേട്ടു. ഞാൻ ചെന്നൈയിൽ പോയി അതുകേട്ടു. എന്റെ കണ്ണ് നിറഞ്ഞു. യേശുദാസ് സാർ പൂജപ്പുരയിലുള്ള എം.ജയചന്ദ്രൻ എന്ന പയ്യന്റെ പാട്ട് പാടിയിരിക്കുന്നു എന്ന ആനന്ദകണ്ണീർ. പക്ഷേ, ആ പാട്ട് സിനിമയിൽ വേണ്ട എന്ന് തീരുമാനിക്കപ്പെട്ടിരുന്നു. അങ്ങനെ ആദ്യത്തെ പാട്ട് സിനിമയിൽ വന്നില്ല. ഈശ്വരൻ എനിക്ക് പല നല്ല കാര്യങ്ങളും തരാനായിട്ടുള്ള തീരുമാനമായിട്ടാണ് ഞാനതിനെ കാണുന്നത്. യേശുദാസ് സാർ സിനിമയിൽ വന്ന് 40 വർഷം തികഞ്ഞ 2002ൽ തരംഗിണി സ്റ്റുഡിയോയിൽ വച്ച് 'കൺമഷി" എന്ന സിനിമയ്ക്ക് വേണ്ടി ചക്കരമാവിൻ മുന്തിരിക്കുയിലല്ലേ എന്ന പാട്ട് റെക്കാർഡ് ചെയ്തു.
2012ൽ അദ്ദേഹം സിനിമയിൽ വന്ന് 50 വർഷമായ ദിവസം അദ്ദേഹത്തെ ഞാൻ തന്നെ ഡ്രൈവ് ചെയ്ത് സ്റ്റുഡിയോയിലേക്ക് കൊണ്ട് പോയി മല്ലുസിംഗിലെ ചംചം എന്ന പാട്ട് റെക്കാർഡ് ചെയ്തു. അച്ഛന് വേണ്ടി ഇന്നലെ എന്റെ നെഞ്ചിലേ, അമ്മയ്ക്കായി അമ്മ മഴക്കാറിന്, പെൺമക്കളുള്ളവർക്കായി വെണ്ണിലവ് കണ്ണ് വച്ച വെണ്ണക്കുടമേ, പ്രണയിക്കുന്നവർക്കായി പച്ച പനംതത്തേ, മലബാറുകാർക്കായി ഓ സൈനബ, ഹൃദയാർദ്രമായ ഹൃദയത്തിൻ മധുപാത്രം അങ്ങനെ എത്രയോ പാട്ടുകൾ ദാസ് സാർ പാടിത്തന്നു. അദ്ദേഹത്തിന്റെ ആയുരാരോഗ്യ സൗഖ്യത്തിനായി ഗുരുവായൂരുള്ള ഭഗവാനോട് പ്രാർത്ഥിക്കുന്നു. ഇനിയും കാലത്തിനപ്പുറം നിൽക്കുന്ന പാട്ടുകൾ അദ്ദേഹത്തിന്റെ കൂട്ടായ്മയിൽ ഉണ്ടാകുമെന്ന ഉത്തമബോധ്യം എനിക്കുണ്ട്.
ഇഷ്പ്പെട്ട 5 ഗാനങ്ങൾ
l അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ
l ഏഴു സ്വരങ്ങളും തഴുകി
വരുന്നൊരു ഗാനം
l ഒരു രാത്രി കൂടി വിടവാങ്ങവേ
l പ്രാണസഖി ഞാൻ വെറുമൊരു
l പൊൻവെയിൽ മണിക്കച്ച
അഴിഞ്ഞു വീണു
(തയ്യാറാക്കിയത്: സി.മീര)