പ്രിയപ്പെട്ട ദാസേട്ടാ... ഈ പ്രപഞ്ചത്തിലെ മുഴുവൻ വാക്കുകളുമെടുത്താലും അങ്ങയെ കുറിച്ച് പറഞ്ഞു മതിയാകില്ല. അത്രയേറെയുണ്ടല്ലോ ഓർമ്മകൾ, അദ്ദേഹത്തിന്റെ പാട്ട് കേൾക്കാതെ ജീവിതത്തിൽ ഒരു ദിവസം പോലും കടന്നു പോയിട്ടില്ല. ഇന്നലെയും ഇന്നും അങ്ങനെയായിരുന്നു, ഇനി നാളെയും ആ പാട്ടുകൾ കൂടെ തന്നെ കാണും. അദ്ദേഹത്തെ കുറിച്ച് എത്ര പറഞ്ഞാലും അധികമാവില്ല. എന്റെയും ചിത്രയുടെയും സംഗീതജീവിതത്തിന്റെ തുടക്കം മുതൽ ദാസേട്ടനുണ്ടല്ലോ. ത്യാഗവും സമർപ്പണവും നിറഞ്ഞ മറ്റാർക്കും സങ്കൽപ്പിക്കാൻ പോലും കഴിയാത്ത സംഗീതജീവിതമാണ് അദ്ദേഹത്തിന്റേത്. ദാസേട്ടന്റെ കൂടെ കുറച്ചു നേരം നിന്നു കഴിഞ്ഞാൽ കുറ്റബോധം കാരണം മനസിലൊരു വിങ്ങൽ വരും. നമ്മൾ എന്തിനാണ് ഇങ്ങനെ ജീവിക്കുന്നതെന്ന ചിന്ത കൊണ്ടാണത്. ആ തോന്നൽ കൂടുമ്പോൾ അവിടെ നിന്ന് ഓടിപ്പോകാനാണ് തോന്നുക. അങ്ങനെയാണ് പാട്ടിന് വേണ്ടി അദ്ദേഹം ജീവിതത്തെ മാറ്റിയെടുത്തിരിക്കുന്നത്. അത്ര സമർപ്പണമുള്ള മറ്റാരും തന്നെ നമുക്കില്ല.
എന്തൊക്കെ ആഗ്രഹങ്ങളുണ്ട് നമ്മൾ ഓരോരുത്തർക്കും. ദാസേട്ടന് സംഗീതം മാത്രമാണ് എല്ലാമെല്ലാം. എപ്പോൾ കണ്ടാലും പത്തുപുസ്തകമെങ്കിലും അദ്ദേഹത്തിന്റെ ചുറ്റിലുമുണ്ടാകും. ഇവിടെ ശ്യാമശാസ്ത്രി, അവിടെ ചെമ്പൈ സ്വാമി, അപ്പുറത്ത് മുത്തുസ്വാമി ദീക്ഷിതർ... എന്നിങ്ങനെ ഓരോ തവണ കാണുമ്പോഴും മഹാരഥൻമാരുടെ പുസ്തകങ്ങൾ. എപ്പോൾ കാണുമ്പോഴും പാട്ടിനെക്കുറിച്ചാണ് ദാസേട്ടൻ കൂടുതൽ സംസാരിക്കാറുള്ളത്. പണ്ട് സംഗീത പരിപാടികൾക്കൊക്കെ ഒന്നിച്ചു പോകുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും തിരിയാൻ വിടില്ല. ശ്രദ്ധ തെറ്റിയാൽ ഞങ്ങൾ ചിട്ടകൾ മാറ്റിക്കളയുമെന്ന് ഏറ്റവും നന്നായി അറിയുന്നയാൾ ദാസേട്ടനാണ്. ഐസ്ക്രീമും പുളിയും തൈരും പാടില്ലെന്ന് ഓർമ്മിപ്പിച്ചു കൊണ്ടിരിക്കും. കൊച്ചിലെമുതലേയുള്ള ജീവിതം അങ്ങനെയായിപ്പോയി. കരിക്ക് കഴിക്കാൻ ദാസേട്ടൻ സമ്മതിക്കില്ലായിരുന്നു. അദ്ദേഹത്തിന്റെ അനുഭവത്തിൽ നിന്നാണ് ഈ ചിട്ടകളൊക്കെ വരുന്നത്. ഞങ്ങളുടെ പാട്ടും ചിട്ടയൊപ്പിച്ചുള്ളതായിരിക്കണമെന്ന് ഞങ്ങളേക്കാൾ നിർബന്ധം അദ്ദേഹത്തിനായിരുന്നു.
ദാസേട്ടനിലേക്കുള്ള യാത്ര തുടങ്ങുന്നത് കൊച്ചി കലാഭവനിൽ വച്ചായിരുന്നു. ഒരു പൊട്ടിക്കരച്ചിലിന്റെ അകമ്പടിയോടെയാണ് ആ ഓർമ്മകൾ തുടങ്ങുന്നതെന്ന് ഇന്നിപ്പോൾ ചിരിയോടെ എനിക്ക് പറയാൻ സാധിക്കും. ഒരു പാട്ട് മത്സരവേദിയാണ്. മത്സരത്തിന് ഞാൻ പേര് നൽകി. പാടുന്നതിന് തൊട്ടുമുമ്പാണ് അവിടെ പഠിക്കുന്ന കുട്ടികൾക്ക് പങ്കെടുക്കാൻ പറ്റില്ലെന്നറിയുന്നത്. ദാസേട്ടൻ മത്സരത്തിന്റെ ജഡ്ജായിരുന്നു. അന്നെനിക്ക് പത്തുവയസായിട്ടില്ല. ഒറ്റക്കരച്ചിലായിരുന്നു ഞാൻ. ദാസേട്ടന്റെ മുന്നിൽ പാടിയില്ലല്ലോ എന്ന സങ്കടമാണ് കരച്ചിലിന്റെ രൂപത്തിൽ പുറത്തേക്ക് വന്നത്. കലാഭവനിൽ പഠിപ്പിച്ചിരുന്ന എമിൽ ചേട്ടൻ ഒരുദിവസം എന്നെയും കൂട്ടി ദാസേട്ടന്റെയടുത്തെത്തി. തൊട്ടടുത്ത മാസം ദാസേട്ടന്റെ കൂടെയുള്ള എന്റെ പാട്ടുയാത്രയ്ക്കും തുടക്കമായി. ജീവിതത്തിൽ ഒരു പാട് ഭാഗ്യം അനുഭവിക്കാൻ കഴിഞ്ഞിട്ടുള്ള ആളാണ് ഞാൻ. എന്നേക്കാൾ കഴിവുള്ള കുട്ടികൾ വെളിയിലുണ്ടെന്ന് തോന്നിയിട്ടുണ്ട്. അവർക്ക് കിട്ടാത്ത ഭാഗ്യമാണ് എനിക്ക് കിട്ടിയത്. അതിൽ ദാസേട്ടന്റെ സ്നേഹവും കരുതലുമുണ്ട്. ഒരു കാര്യം ചെയ്യുകയാണെങ്കിൽ നൂറുശതമാനവും ആത്മാർത്ഥത നൽകുന്ന കൂട്ടത്തിലാണ് ഞാൻ. ആ പാഠം ഞാൻ കണ്ടുപഠിച്ചതും ദാസേട്ടന്റെ ജീവിതത്തിൽ നിന്നാണ്.
പഴയ കാര്യങ്ങൾ തിരക്കുമ്പോൾ സത്യത്തിൽ കുറേ കാര്യങ്ങളൊന്നും എനിക്കു ഓർമ്മയേയില്ല. ജീവിതത്തെക്കുറിച്ച് നുണ പറയാൻ കഴിയില്ലല്ലോ. എന്തെങ്കിലും എഴുതിവയ്ക്കാമായിരുന്നെന്ന് ഇപ്പോൾ തോന്നാറുണ്ട്. പിന്നെ ഒരു രസം പറയാം, 'കാമം ക്രോധം മോഹം" എന്ന സിനിമയിലെ ' സ്വപ്നം കാണും പെണ്ണേ"എന്ന പാട്ട് ദാസേട്ടന്റെ കൂടെ ഞാൻ പാടിയത് സ്റ്റൂളിൽ കയറി നിന്നാണെന്നാണ് പൊതുവേ പറയുന്നത്. പക്ഷേ, അതങ്ങനെയല്ല. ജെമിനി സ്റ്റുഡിയോയിലായിരുന്നു റെക്കാഡിംഗ്. നടൻ രാജ്കുമാർ ദാസേട്ടനുമായി വലിയ അടുപ്പമായിരുന്നു. അദ്ദേഹം അന്നവിടെ വന്നപ്പോൾ ആരാണ് കൂടെ പാടുന്നതെന്ന് ചോദിച്ചപ്പോൾ എന്നെ കാണിക്കാൻ വേണ്ടിയായിരുന്നു സ്റ്റൂളിൽ കയറ്റിയത്. അതാണ് പിന്നീട് കഥയായി വന്നത്.
ദാസേട്ടന് അദ്ദേഹത്തിന്റെ ജന്മദിനത്തിൽ എല്ലാവിധ ആശംസകളും നേരുന്നു. ഒരായിരം ജന്മങ്ങൾ സംഗീതശ്രുതി മീട്ടാൻ സർവേശ്വരൻ അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ.