ചെറുമകന് എൻട്രൻസ് പരീക്ഷയിൽ വിജയം ലഭിക്കണമെന്ന പ്രാർത്ഥനയോടെ നാല്പത്തിയൊന്നുദിവസം അടുത്തുള്ള ദേവീക്ഷേത്രത്തിൽ മുടങ്ങാതെ ദർശനം നടത്തണമെന്ന നിശ്ചയത്തിലായിരുന്നു ശാന്തടീച്ചർ. വെറും പ്രാർത്ഥനയല്ല. പരീക്ഷാ വിജയത്തിന് ശാസ്ത്രീയമായ എല്ലാ സാദ്ധ്യതകളും ചിന്തിച്ചുറപ്പിച്ചു. മനുഷ്യൻ സമയാ സമയം ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാതെ എല്ലാം ദൈവത്തിന്റെയും വിശ്വാസത്തിന്റെയും പുറത്തുകൊണ്ടുവയ്ക്കുന്നതിനോട് വിയോജിപ്പാണ് ടീച്ചർക്ക്.
ആയിരം മീറ്റർ ഓട്ടമത്സരത്തിൽ ജയിക്കണമെങ്കിൽ പ്രാക്ടീസ് ചെയ്യണം. ആത്മവിശ്വാസം വളർത്തണം. അല്ലാതെ കണ്ണടച്ചു പ്രാർത്ഥിച്ചിരുന്നാൽ മാത്രം പോരെന്ന് പലരേയും ഓർമ്മിപ്പിക്കാറുണ്ട്.
മുംബയിലുള്ള ഇളയസഹോദരന് കാൻസറാണെന്ന് കണ്ടുപിടിച്ചത് ഈ സമയത്താണ്. രോഗം മൂന്നാംഘട്ടത്തിലെത്തി. പ്രതീക്ഷിക്കാനുള്ള സാദ്ധ്യത വളരെ വിരളം. ബന്ധുക്കളും ഉറ്റവരും ആകെ തളർന്നു. അനുജന്റെ മക്കൾ രണ്ടുപേരും വിദേശത്താണ്. സഹോദര ഭാര്യ പണ്ടേ ദുർബല. രോഗവിവരം കൂടി അറിഞ്ഞതോടെ അവർ ആകെ അവശയായി. ദേവീദർശന വ്രതം രണ്ടാഴ്ചയായതേയുള്ളൂ. ഇനിയുമുണ്ട് നാലാഴ്ചയോളം. സഹോദരന്റെ അടുത്തേക്ക് പോണോ ദേവീദർശനം തുടരണോ. ടീച്ചർ ആശയക്കുഴപ്പത്തിലായി. കുറേ ദിവസം സഹോദരനൊപ്പം കഴിഞ്ഞാൽ കുട്ടിക്കാലത്തെ ഓർമ്മകൾ പുതിയൊരു ഊർജം നൽകും. രോഗാവശത സഹോദരൻ മറക്കും. സഹോദരന്റെ ആയുസിനായി പ്രാർത്ഥിച്ച് ദർശനവ്രതം തുടരുക. ഈ രണ്ട് അഭിപ്രായങ്ങൾ ഉയർന്നുവന്നു. ഏതു നിലപാട് സ്വീകരിക്കണമെന്ന് ടീച്ചർ മനഃസാക്ഷിയോട് തന്നെ ചോദിച്ചു. മുംബയിലേക്ക് പോയി സ്വസ്ഥമായി ഒരു മാസം ചെലവിടാനായിരുന്നു മനഃസാക്ഷിയുടെ കല്പന. അടുത്തദിവസം തന്നെ അധികമാരോടും പറയാതെ ശാന്ത ടീച്ചർ മുംബയിലേക്ക് പോയി. ഒരു മാസത്തോളം അവിടെ സ്നേഹനിർഭരമായ കുട്ടിക്കാല അനുഭവങ്ങൾ പങ്കുവച്ച് സഹോദരനെ പരിചരിച്ചശേഷമാണ് നാട്ടിലേക്ക് മടങ്ങിയത്.
ടീച്ചർ മടങ്ങിയെത്തി രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് മുംബയിൽ നിന്ന് ദുഃഖവാർത്ത എത്തിയത്. യഥാസമയം പോകാൻ തോന്നിയതും തീരുമാനിച്ചതും ദൈവാധീനമാണെന്ന് ടീച്ചർ വിശ്വസിച്ചു. മുംബയിലെ ചടങ്ങുകൾ കഴിഞ്ഞു മടങ്ങിയെത്തിയപ്പോഴാണ് എൻട്രൻസ് ഫലവും വന്നത്. ചെറുമകന് നല്ല വിജയം. സഹോദരന്റെ ആത്മാവിന്റെ അനുഗ്രഹമോ ദേവീ കടാക്ഷമോ? ടീച്ചർ സ്വന്തം മനഃസാക്ഷിയെ വണങ്ങി.
(ഫോൺ : 9946108220)