പാട്ടു മലയാളത്തിന്റെ രണ്ടു വരങ്ങൾ; മലയാളിയുടെ പ്രിയപ്പെട്ട വരിയും സ്വരവും. മഹാകവി ഒ.എൻ.വി കുറുപ്പും ഗാനഗന്ധർവൻ കെ.ജെ. യേശുദാസും ഇല്ലാത്ത ചലച്ചിത്ര ഗാനശാഖ ആലോചിക്കാനാവുമോ? പാട്ടിന്റെ മാണിക്യവീണ മീട്ടിയ ഈ കൂട്ടുകെട്ട് മലയാളിക്ക് നഷ്ട സുഗന്ധമാകുന്നത് അവർ സമ്മാനിച്ച പാട്ടുകളുടെ കൽക്കണ്ട മധുരം കൊണ്ടാണ്. കവിയെ കാണാനെത്തിയ കോളേജ് വിദ്യാർത്ഥിയായ യുവഗായകനാണ് അദ്ദേഹത്തിന്റെ പ്രിയപാതി സരോജിനിയുടെ ഓർമ്മയിൽ ആദ്യമെത്തുന്നത്. ഒടുവിൽ ഒ.എൻ.വിയുടെ വേർപാട് അറിഞ്ഞ് വഴുതക്കാട്ടെ വീട്ടിലെത്തി നിറകണ്ണുകളോടെ ഖിന്നനായി ഇരുന്നു യേശുദാസ്. ഇരുവർക്കും ഇടയിലുണ്ടായിരുന്ന സ്നേഹനദി രണ്ടു കുടുംബങ്ങളിലേക്കും തലമുറകളിലേക്കും എന്നെന്നേക്കുമായി ഒഴുകി നിറഞ്ഞു. എൺപതാം പിറന്നാളിന്റെ നിറവിലെത്തുന്ന ഗാനഗന്ധർവനെ കുറിച്ച് ഒ.എൻ.വിയുടെ മകൻ രാജീവിനും ചെറുമകൾ അപർണയ്ക്കുമുണ്ട് വാത്സല്യത്തണുപ്പുള്ള ഓർമ്മകൾ. നിറഞ്ഞു ചിരിക്കുന്ന ചിത്രവും മുന്നിലെ ഓട്ടുപാത്രത്തിൽ നിറഞ്ഞ പിച്ചിപ്പൂവുകളുടെ സുഗന്ധവുമായി മഹാകവിയുടെ സ്നേഹസാമീപ്യം ഇന്ദീവരത്തിന്റെ സ്വീകരണ മുറിയിൽ നിറഞ്ഞു.
''സംഗീതകോളേജ് വിദ്യാർത്ഥിയായിരിക്കുമ്പോഴാണ് യേശുദാസിനെ ആദ്യം കണ്ടത്. സാറിനെ പരിചയപ്പെടാൻ നൃത്താദ്ധ്യാപകനായ തൃപ്പൂണിത്തുറ വിജയഭാനുവിനൊപ്പം കണ്ണാശുപത്രിക്കടുത്തുള്ള ഞങ്ങളുടെ വാടകവീട്ടിലേക്കാണ് വന്നത്. സാർ എഴുതി സി.ഒ. ആന്റോ പാടിയ അയി വിഭാവരി എന്ന നാടകഗാനം പാടി. അഭിപ്രായം കേൾക്കാനൊന്നും നിന്നില്ല. വേഗം പോയി. വിജയഭാനു സാറാണ് യേശുദാസിന് പിന്നണി പാടാൻ ആഗ്രഹമുണ്ട്. ദേവരാജൻ മാസ്റ്ററോട് പറഞ്ഞാൽ നന്നായിരിക്കും എന്നുപറഞ്ഞത്. സാർ അത് പറയുകയും ചെയ്തു. 'പാട്ട് കേട്ടിട്ടുണ്ട്. പഠിച്ചുകൊണ്ടിരിക്കുകയല്ലേ. നമുക്ക് പാടിക്കാം" എന്നായിരുന്നു ദേവരാജന്റെ മറുപടി. പക്ഷേ, അതിനു മുമ്പേ എം.ബി. ശ്രീനിവാസൻ യേശുദാസിനെ സിനിമയിൽ പാടിച്ചു. ആദ്യം പാടിക്കാനുള്ള അവസരം കിട്ടിയില്ലെങ്കിലും പിന്നീട് കൂടുതൽ പാട്ടുകൾ പാടിച്ചത് ദേവരാജൻ മാസ്റ്ററാണ്." ഗാനഗന്ധർവന്റെ തുടക്കത്തെ കുറിച്ച് പറയുമ്പോൾ കവി പത്നിയുടെ കണ്ണുകളിൽ സ്നേഹത്തിന്റെ നനവ്.
''യേശുദാസ് വീട്ടിലേക്ക് വരുന്നതിന് മുമ്പു തന്നെ പിതാവ് അഗസ്റ്റിൻ ജോസഫിനെ കുറിച്ച് സാർ പറയും. അവർ തമ്മിൽ അടുപ്പമുണ്ടായിരുന്നോ എന്നെനിക്കറിയില്ല. അഗസ്റ്റിൻ ജോസഫിന്റെ സംഗീതനാടകങ്ങൾ അദ്ദേഹം കാണുമായിരുന്നു. അന്നത്തെ നടന്മാർ പാടാൻ കൂടി കഴിവുള്ളവരായിരിക്കും. ഹാർമോണിയവുമായി സ്റ്റേജിൽ വന്ന് പാട്ടുപാടി അഭിനയിക്കും. കെ.പി.എ.സി തുടങ്ങിയപ്പോഴും പാടാൻ കഴിവുള്ള അഭിനേതാക്കളെയാണല്ലോ ആദ്യകാലങ്ങളിൽ പരിഗണിച്ചിരുന്നത്. സാറിന് വയ്യാതിരുന്ന സമയത്ത് ഡോ. ബിജുവിന്റെ 'ആകാശത്തിന്റെ നിറം "സിനിമയ്ക്ക് വേണ്ടി പാട്ട് എഴുതി വാങ്ങാൻ യേശുദാസ് ഇവിടെ വന്നു. അദ്ദേഹത്തിന്റെ കൈപ്പടയിലുള്ള വരികൾ എനിക്ക് നേരിട്ട് വാങ്ങണം എന്നു പറഞ്ഞാണ് വന്നത്. രവീന്ദ്ര ജയിനായിരുന്നു സംഗീതം. സാറിന്റെ കാൽ തൊട്ടുവന്ദിച്ചു. കുറേ നേരം ഇരുന്നു സംസാരിച്ചു. പഴയകാര്യങ്ങൾ ഓർത്തു. അന്നാണ് ഇവിടെ വന്ന് അവസാനമായി അദ്ദേഹത്തെ കാണുന്നത്. തിരുവനന്തപുരത്ത് വരുമ്പോഴെല്ലാം സമയമുണ്ടെങ്കിൽ ഇവിടെയും വരാറുണ്ടായിരുന്നു.
സാർ എഴുതിയ 'മാണിക്യവീണയുമായെൻ"പാടിയാണ് മികച്ച ഗായകനുള്ള പുരസ്കാരം ആദ്യമായി വാങ്ങുന്നത്. മിക്കവാറും നമ്മുടെ പാട്ടുകൾ പാടിയാൽ ഒരു അവാർഡ് ലഭിക്കും. സാറിന്റെ രചനയിൽ ഏറ്റവും കൂടുതൽ പാട്ടുകൾ പാടിയത് യേശുദാസാണ്. ഏതാണ്ട ് 233 പാട്ടുകൾ പാടി. എല്ലാ പാട്ടുകളും സാറിന് ഇഷ്ടമുള്ളവമായിരുന്നു. അക്കൂട്ടത്തിൽ അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ എന്ന പാട്ടാണ് ഈ വീട്ടിൽ എല്ലാവർക്കും ഒരുപോലെ പ്രിയപ്പെട്ടത്."
വിനായാന്വിതനായ കോളേജ് വിദ്യാർത്ഥിയിൽ നിന്ന് മഹാനായ ഗായകനിലേക്ക് യേശുദാസിന്റെ വളർച്ച അടുത്തുനിന്ന് കണ്ടതിന്റെ നിറവ് അമ്മയുടെ വാക്കുകളിൽ തെളിഞ്ഞപ്പോൾ ഒ.എൻ.വിയുടെ മകനും സംഗീതസംവിധായകനും ഗായകനുമായ രാജീവിന് പറയാനുണ്ടായിരുന്നത് തങ്ങളുടെ തലമുറയെ ഹരം കൊള്ളിച്ച ഗായകനെ അടുത്തറിഞ്ഞപ്പോഴുണ്ടായ സ്നേഹകൗതുകങ്ങളെ കുറിച്ചാണ്. ഒപ്പം ഗാനഗന്ധർവനു വേണ്ടി സംഗീതം ഒരുക്കാൻ കഴിഞ്ഞതിന്റെ സുകൃതവും.
''പഠിക്കുന്ന കാലത്ത് സംഗീതത്തിൽ ദാസേട്ടൻ എന്ന ഒരേയൊരു റോൾ മോഡലേ ഉണ്ടായിരുന്നുള്ളൂ. എന്നെങ്കിലും അദ്ദേഹത്തിന്റെ അടുത്തെങ്കിലും എത്തുന്ന ഒരു പാട്ടുപാടണം എന്നായിരുന്നു ആഗ്രഹം. അന്ന് അദ്ദേഹത്തിന്റെ ഗാനമേളയുടെ ടിക്കറ്റിന് ആയിരം രൂപയൊക്കെയാണ് വില. അതെടുക്കാനുള്ള അവസരമില്ലാത്തതിനാൽ പുറത്തുനിന്നാണ് പാട്ടുകേൾക്കുക. കൂട്ടുകാർക്കൊപ്പം സെൻട്രൽ സ്റ്റേഡിയത്തിന്റെയും സെനറ്റ് ഹാളിന്റെയുമെല്ലാം വാതിലിൽ നിന്ന് ഗാനമേള കേൾക്കുന്നത് ഓർമയുണ്ട്. ഒരു കൊച്ചു റെക്കാർഡറും കൈയിൽ കരുതും. അദ്ദേഹം പാടുന്നത് റെക്കോഡ് ചെയ്ത് വീണ്ടും വീണ്ടും കേൾക്കും.
ദാസേട്ടൻ തമിഴിൽ പാടിത്തുടങ്ങിയപ്പോഴാണ് തമിഴ് പാട്ടുകളിലേക്ക് ശ്രദ്ധ പോകുന്നത്. ഹിന്ദിയിൽ പാടിയപ്പോഴും വലിയ ത്രില്ലായിരുന്നു. അദ്ദേഹം പാടിയ പാട്ടുകളുടെ കോപ്പി തരംഗിണിയിൽ നിന്ന് എനിക്ക് കിട്ടുമായിരുന്നു. ഈ പാട്ടുകൾ ശേഖരിക്കുക, വേറെ ആരെങ്കിലും ഗാനമേളയ്ക്ക് പാടുന്നതിന് മുമ്പ് അവതരിപ്പിക്കുക ഇതൊക്കെയായിരുന്നു അക്കാലത്തെ ഹരം. പിൽക്കാലത്താണ് അദ്ദേഹം പാടുന്നത് നേരിട്ട് കേൾക്കാൻ കഴിഞ്ഞത്.
ദാസേട്ടന്റെ എന്നത്തെയും ആരാധകന് അദ്ദേഹത്തെ കൊണ്ട് പാട്ടുപാടിക്കാനുള്ള ഭാഗ്യമുണ്ടായത് ദൈവാനുഗ്രഹം. പക്ഷേ, ആ സിനിമ പുറത്തുവന്നില്ല എന്നത് ദുഃഖമാണ്. കെ.കെ. ചന്ദ്രൻ സംവിധാനം ചെയ്ത സിനിമയ്ക്ക് വേണ്ടിയാണ് പാട്ടൊരുക്കിയത്. ഞാനന്ന് ആൽബങ്ങളിലൂടെയും മറ്റും തുടങ്ങിയിട്ടേയുള്ളൂ. ഇങ്ങനെയൊരു ആഗ്രഹം പറഞ്ഞപ്പോൾ സംശയമേതുമില്ലാതെ ദാസേട്ടൻ സമ്മതിച്ചു. വളരെ സമയമെടുത്ത് ശ്രദ്ധയോടെ കൂടി പാടിത്തന്നു. 'ചിത്രങ്ങളേ നിങ്ങളീവഴി വന്നു", എന്നു തുടങ്ങുന്ന പാട്ട് അച്ഛനാണ് എഴുതിയത്. മനസിൽ നല്ല പേടിയുണ്ടായിരുന്നു. ഗോപനെ കൊണ്ട് ട്രാക്ക് പാടിച്ചുവച്ചു.
'പഠിപ്പിക്കാനൊന്നും വരരുത്. തത്തമ്മേ പൂച്ച പൂച്ച ഒന്നും പറ്റില്ല. ഞാൻ ട്രാക്ക് കേട്ടിട്ട് പാടും"എന്ന് ദാസേട്ടൻ പറഞ്ഞിരുന്നു. ഗൗരവത്തിലാണ് തുടങ്ങിയത്. പല്ലവി പാടിക്കഴിഞ്ഞപ്പോൾ 'എന്താ ഒന്നു മിണ്ടാതിരിക്കുന്നത് എന്തെങ്കിലും പറയൂ" എന്നായി. അപ്പോഴും പറഞ്ഞു കൊടുക്കാനുള്ള ധൈര്യമുണ്ടായിരുന്നില്ല. എന്തെങ്കിലും തിരുത്തുവേണമെന്ന് തോന്നിയാൽ 'ദാസേട്ടാ ആ ട്രാക്ക് ഒന്നൂടെ കേൾക്കാമോ" എന്ന് ചോദിക്കും. അപ്പോൾ ട്രാക്ക് ഒന്നുകൂടി കേൾക്കും. ചിലപ്പോൾ പറയും 'മോനേ ഇത് ചെറുതായിട്ട് മാറ്റിയെടുക്കാം." അങ്ങനെ ഒന്നുരണ്ടു പരിഷ്കാരങ്ങൾ വരുത്തി.
ആ അനുഭവം ഒരിക്കലും മറക്കാൻ കഴിയില്ല. ഇനി അത്തരം ഒരു ഭാഗ്യം ഉണ്ടാകുമോയെന്നും അറിയില്ല. പക്ഷേ, സംവിധായകൻ അസുഖബാധിതനായി മരണപ്പെട്ടതിനാൽ സിനിമയും പാട്ടും പുറത്തുവന്നില്ല.
പിൽക്കാലത്ത് വിജയ് യേശുദാസിനെ കൊണ്ടും പാടിച്ചു. ആൽബത്തിന് വേണ്ടി രണ്ടുപാട്ടുകളും മൺസൂൺ എന്ന ചിത്രത്തിന് വേണ്ടി ഒരു പാട്ടും വിജയ് പാടി. മൺസൂണിലെ പാട്ട് എന്റെ മകൾ അപർണയ്ക്കൊപ്പമാണ് പാടിയത്. വിജയ് ആദ്യം പാടുമ്പോൾ ദാസേട്ടന്റെ ശബ്ദവുമായുള്ള സാമ്യതയായിരുന്നു പ്ളസ് പോയിന്റ്. അതുകഴിഞ്ഞ് ഒരുപാട് മുന്നോട്ട് പോയി. ഇപ്പോൾ ആലാപനത്തിലെ ഭംഗി ദാസേട്ടൻ ചെറുപ്പകാലത്ത് പാടിയിരുന്നതിനോടൊപ്പം എത്തുന്നുണ്ട്. അച്ഛൻ മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് എഴുതിയ പാട്ടും ദാസേട്ടനാണ് പാടിയത്. കാംബോജിയിലെ 'ശ്രുതി ചേരുമോ" എന്നു തുടങ്ങുന്ന ആ പാട്ട് അച്ഛന് കേൾക്കാൻ പറ്റിയില്ല.
കുട്ടികളുടെ കല്യാണം ഉൾപ്പെടെ എല്ലാ വിശേഷങ്ങൾക്കും ദാസേട്ടൻ മറക്കാതെ എത്തും. അച്ഛന്റെ വിയോഗ ശേഷവും ദാസേട്ടൻ ഇവിടെ വന്നു. ഈ ഫോട്ടോയുടെ അരികിൽ കണ്ണുനിറഞ്ഞ് ഒന്നും മിണ്ടാതെ ഒരുമണിക്കൂറോളം ഇരുന്നു. കുറച്ച് നാൾ മുമ്പാണ് അതേ ഇരിപ്പിടത്തിൽ ഇരുന്ന് അച്ഛനോട് സംസാരിച്ചത്. അത് ഓർക്കുകയായിരുന്നിരിക്കാം. അച്ഛൻ എഴുത്തിലും അദ്ദേഹം പാട്ടിലും അക്ഷരശുദ്ധിയും പവിത്രതയും വേണമെന്ന് നിർബന്ധമുള്ളവരായിരുന്നു."
മുത്തശ്ശിയുടെയും അച്ഛന്റെയും വാക്കുകൾ ശ്രദ്ധയോടെ കേട്ടിരുന്ന ഗായികയായ അപർണയ്ക്കും പറയാനുണ്ട് നിധി പോലെ സൂക്ഷിക്കുന്ന ചില ഓർമ്മകൾ.
'സ്കൂളിൽ പഠിക്കുന്ന സമയത്താണ് ദാസ് സാറിനൊപ്പം സ്റ്റേജിൽ ആദ്യമായി പാടുന്നത്. സ്വർണച്ചാമരം എന്ന പാട്ടായിരുന്നു. ഏതാനും വരിയേ എനിക്ക് പാടാനുള്ളൂ. അച്ഛൻ തന്നെയാണ് സ്വരലയയ്ക്ക് വേണ്ടി ആ പ്രോഗ്രാം കണ്ടക്ട് ചെയ്ത്. അവസാനം ആ പാട്ടു മുഴുവൻ അദ്ദേഹം എന്നെക്കൊണ്ട് പാടിച്ചു. അദ്ദേഹം പറഞ്ഞുതരും ഞാനത് കേട്ട് പാടും എന്ന രീതിയിൽ. അന്ന് ആ അനുഭവത്തിന്റെ മഹത്വം പൂർണമായി മനസിലാക്കാനുള്ള പ്രായം ഉണ്ടായിരുന്നില്ല. മുതിർന്നപ്പോഴാണ് എന്നെന്നും ഓർത്ത് വയ്ക്കാവുന്ന നിധിയാണെന്ന് മനസിലാകുന്നത്."
എൺപതാം പിറന്നാൾ ആഘോഷിക്കുന്ന ഗാനഗന്ധർവനായി ഒ.എൻ.വി കുടുംബത്തിന് പറയാനുള്ളത് ഈ ആശംസ മാത്രം.
''ദാസേട്ടന് ഒരിക്കലും പ്രായമാകരുതേ എന്നാണ് ഞങ്ങളുടെ പ്രാർത്ഥന. കച്ചേരിയിലും സിനിമയിലുമെല്ലാം മനോഹരമായ ആ ശബ്ദം ഇനിയും കേൾക്കാൻ കഴിയട്ടെ എന്നാണ് എല്ലാ മലയാളികളെയും പോലെ ഞങ്ങളും ആഗ്രഹിക്കുന്നത്."
മധുവിന്റെ പ്രിയപ്പെട്ട യേശുദാസ് ഗാനങ്ങൾ
l ശ്യാമസുന്ദര പുഷ്പമേ
l അല്ലിയാമ്പൽ കടവിലന്നരയ്ക്കു വെള്ളം
l ഹൃദയസരസിലെ പ്രണയ പുഷ്പമേ
l സന്ന്യാസിനീ നിൻ
l പാർവണേന്ദുവിൻ ദേഹമടക്കി
l മാണിക്യവീണയുമായെൻ
l സുമംഗലീ നീ ഓർമ്മിക്കുമോ
l ആയിരം പാദസരങ്ങൾ കിലുങ്ങി
l പാരിജാതം തിരുമിഴി തുറന്നു
l ഒറ്റക്കമ്പി നാദം മാത്രം മൂളും