iran

അമേരിക്കൻ മിസൈലാക്രമണത്തിൽ ഇറാൻ ഖുദ്സ് ഫോഴ്സ് തലവൻ ജനറൽ ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിനെ തുടർന്ന് പശ്ചിമേഷ്യൻ മേഖലയിൽ സംഘവർഷാവസ്ഥ അയവില്ലാതെ തുടരുകയാണ്. ഒരിടവേളയ്ക്കു ശേഷം പശ്ചിമേഷ്യ വീണ്ടും അശാന്തമാകുകയാണ്. ഖാസിം സുലൈമാനിയെ യു.എസ് വധിച്ചത് ഞെട്ടലോടെയാണ് ലോകം കേട്ടത്. തങ്ങളുടെ ഹീറോയെ വധിച്ചതിന് പ്രതികാരം ചെയ്യുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. ഇറാനും യുഎസും കൊമ്പുകോർക്കമ്പോൾ അത് മേഖലയിലെ 70 മില്യൺ ജനങ്ങളെ ബാധിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.

സുലൈമാനിയുടെ കബറടക്കം കഴിയുന്നതിന് മുമ്പേ അമേരിക്കൻ കേന്ദ്രങ്ങളിലേക്ക് മോർട്ടാർ ആക്രമണം നടന്നു. ബാഗ്ദാദിലെ യു.എസ് എംബസിക്ക് സമീപം ശനിയാഴ്ച് വൈകീട്ടാണ് ആക്രമണം ഉണ്ടായത്. അതീവ സുരക്ഷിത മേഖലയായ ഗ്രീൻസോണിലെ സെലിബ്രേഷൻ സ്‌ക്വയർ, ജാഡ്രിയ എന്നിവിടങ്ങളിലാണ് റോക്കറ്റുകൾ പതിച്ചതെന്നാണ് അന്തർ ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് ഇറാഖ് സൈന്യം അറിയിക്കുന്നത്. ഇതോടെ ഇറാന് ശക്തമായ മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയത്.

ഇറാന്റെ 52 മേഖലകൾ ലക്ഷ്യം, അക്രമിക്കുമെന്ന് ട്രംപ്

അമേരിക്കയ്ക്കെതിരെ ആക്രമണത്തിന് മുതിർന്നാൽ ഇറാന് കടുത്തപ്രഹരം നൽകുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഇറാന്റെ 52 മേഖലകൾ അമേരിക്ക ലക്ഷ്യം വച്ചിട്ടുണ്ടെന്നും ട്രംപ് അറിയിച്ചു. '52ൽ മിക്ക സ്ഥലങ്ങളും ഇറാന് വളരെയധികം പ്രധാനപ്പെട്ട ഇടങ്ങളാണ്, ഇറാന്റെ സംസ്‌കാരത്തെ പ്രതിനിധീകരിക്കുന്നവയാണ്. ഈ ഇടങ്ങളിലേക്ക് എന്തിന് ഇറാനിലേക്കു തന്നെ വളരെ പെട്ടെന്ന് അതിശക്തമായി അക്രമണം അഴിച്ചുവിടാൻ ഞങ്ങൾക്ക് സാധിക്കും. കൂടുതൽ ഭീഷണികൾ ഞങ്ങൾക്കുമേൽ ഉണ്ടാകരുതെന്നാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു.

ഇറാഖിലെ യു.എസ് കേന്ദ്രങ്ങൾ ഇറാൻ ആക്രമിച്ചതിന് പിന്നാലെയാണ് താക്കീതുമായി ട്രംപ് നേരിട്ടെത്തിയത്. എന്നാൽ തിരിച്ചടി നൽകുന്നതിൽ ഇറാൻ പിന്മാറില്ലെന്നാണ് ഒൗദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചന. ഇതുകൂടാതെ, അമേരിക്കയുടെ ക്രിമിനൽ നടപടിയുടെ പ്രത്യാഘാതങ്ങൾ ഇനിയങ്ങട്ടുള്ള വർഷങ്ങളിൽ അനുഭവക്കേണ്ടി വരുമെന്ന് ഖാസിം സുലൈമാനിയുടെ മരണത്തിന് പിന്നാലെ ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി വ്യക്തമാക്കിയിരുന്നു. അമേരിക്കയോട് പ്രതികാരം ചെയ്യുമെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമനേനിയും പ്രഖ്യാപിച്ചിട്ടുണ്ട്.

സൈന്യം സജ്ജം,​ ചെങ്കൊടി ഉയർത്തി ഇറാൻ

ഇറാനിലെ ക്യോം ജാംകരന്‍ പള്ളിയിൽ ചുവപ്പ് കൊടി ഉയർന്നാൽ അതിനൊരു അർത്ഥമേ ഉള്ളൂ,​ യുദ്ധം നാടിനെ വിഴുങ്ങാൻ പോകുന്നു. പാരമ്പര്യമനുസരിച്ച് ഇറാൻ അങ്ങനെയാണ് വിശ്വസിച്ചിരുന്നത്. അമേരിക്കയ്ക്ക് തിരിച്ചടി നൽകുമെന്ന് പറഞ്ഞ് ഇറാൻ പരസ്യമായി രംഗത്തെത്തുകയും ചെയ്തതോടെ പശ്ചിമേഷ്യയിൽ യുദ്ധകാഹളം മുഴങ്ങിയിരിക്കുകയാണ്. അമേരിക്കൻ സൈനിക കേന്ദ്രങ്ങളിൽ നിന്നും ഇറാഖി സൈനികർ ഒരു കിലോമീറ്റർ അകലം പാലിക്കണമെന്ന് ഇറാന്റെ പിന്തുണയുള്ള ഹിസ്ബുള്ള കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാന്റെ ഭാഗത്ത് നിന്നുള്ള പ്രത്യാക്രമണ സാദ്ധ്യത കണക്കിലെടുത്ത് ബാഗ്ദാദിൽ അമേരിക്ക നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്‌.

ഗൾഫ് രാജ്യങ്ങൾ കനത്ത ജാഗ്രതയിൽ, ആശങ്കയോടെ പ്രവാസി സമൂഹം

അമേരിക്ക-ഇറാൻ സംഘർഷ സാദ്ധ്യത തുടരുന്ന പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങൾ കനത്ത ജാഗ്രതയിലാണ്. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം ഗൾഫ് മേഖലയിൽ സംഘർഷങ്ങളിലേക്ക് നീങ്ങുന്നതോടെ എല്ലാവരും സംയമനം പാലിക്കണമെന്നാണ് യു.എ.ഇ പ്രതികരിച്ചത്. ഇരുരാജ്യങ്ങളും വിവേകത്തോടെ കാര്യങ്ങൾ കൈകാര്യം ചെയ്യണമെന്ന് യു.എ.ഇ വിദേശകാര്യ സഹമന്ത്രി അൻവർ ഗർഗാഷ് പറഞ്ഞു.

മുമ്പ് നടന്ന ഭീകര പ്രവർത്തനങ്ങളുടെ അനന്തരഫലമാണ് ഇപ്പോൾ ഉണ്ടായതെന്നും ഇത്തരം ഭീകര പ്രവർത്തനങ്ങളുടെ പ്രത്യാഘാതത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നതായും സൗദി വ്യക്തമാക്കി. സ്ഥിതിഗതികൾ കൂടുതൽ വഷളാകാനും ഗുരുതരമായ പ്രത്യാഘാതങ്ങൾക്കിടയാക്കുന്നതുമായ എല്ലാ നടപടികളിൽ നിന്നും പിൻമാറി സംയമനം പാലിക്കണമെന്നും പ്രസ്താവനയിൽ പറയുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി ഫോണിൽ സംസാരിച്ച യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപയോ, സൗദിയുടെ പിന്തുണയ്ക്ക് നന്ദിയറിയിച്ചു.

യു.എ.ഇ ഉപസർവസൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായും മൈക് പോംപെയോ ഫോണിൽ ബന്ധപ്പെട്ടു നിലവിലെ സാഹചര്യങ്ങൾ ചർച്ച ചെയ്തു. യുദ്ധസമാനമായ സാഹചര്യവും യുദ്ധവും മേഖലയ്ക്ക് കനത്ത നഷ്ടമുണ്ടാക്കുമെന്നും അത്തരം സാഹചര്യങ്ങൾ ഒഴിവാക്കണമെന്നും കുവൈത്ത്, ഖത്തർ തുടങ്ങിയ രാജ്യങ്ങൾ വ്യക്തമാക്കി. ഗൾഫ് മേഖലയിൽ യുദ്ധകാഹളം മുഴങ്ങിയതോടെ ആശങ്കയുടെ വക്കിലാണ് പ്രവാസി സമൂഹം. ഇറാൻ-അമേരിക്ക യുദ്ധമുണ്ടായാൽ കൂടുതൽ ബാധിക്കുന്നത് ഗൾഫിലെ പ്രവാസി സമൂഹത്തെയായിരിക്കും.

കൊല്ലപ്പെട്ടത് ലാദനും ബാഗ്ദാദിയും അല്ല, ഇറാന്റെ കരുത്തൻ

അമേരിക്കയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഭീകരസേനയുടെ തലവൻമാരോ ബിൻലാദന്റെയോ ബാഗ്ദാദിയുടെയോ പരിവേഷമുള്ള നേതാക്കളോ അല്ല. ഇറാന്റെ എക്കാലത്തെയും കരുത്തനായ രണ്ടാമത്തെ നേതാവ്. ഭീകരരാണെന്നു ലോകം തിരിച്ചറിഞ്ഞ ബിൻ ലാദന്റെയും അബൂബക്കർ അൽ ബഗ്ദാദിയുടെയും കൊലപാതകത്തോട് പ്രതികരിച്ചതു പോലെയാകില്ല പരമോന്നത നേതാവിന്റെ വിശ്വസ്തന്റെ മരണത്തോട് ഇറാൻ പ്രതികരിക്കുക എന്നത് ഇന്നലെ വ്യക്തമായാതണ്. ഇനി ലോകത്തിന് മുന്നിൽ ഒരു ചോദ്യം മാത്രമേ അവശേഷിക്കുന്നുള്ളൂ. ഇറാൻ തിരിച്ചടി നൽകുന്നതിലൂടെ ലോകം ഒരു യുദ്ധത്തിന് സാക്ഷിയാവുമോ?