kaumudy-news-headlines

1. മരടില്‍ ഫ്ളാറ്റ് പൊളിക്കുന്ന സമയ ക്രമത്തില്‍ നേരിയ മാറ്റം. ആദ്യ രണ്ട് ഫ്ളാറ്റുകള്‍ പൊളിക്കുക 5 മിനിറ്റ് വ്യത്യാസത്തില്‍. 11-ാം തിയതി രാവിലെ 11ന് എച്ച്.ടു.ഒ ഫ്ളാറ്റ് പൊളിക്കും. ആല്‍ഫാ സെറീന്‍ പൊളിക്കുക 11.05ന്. നേരത്തെ അരമണിക്കൂര്‍ വ്യത്യാസത്തില്‍ പൊളിക്കാന്‍ ആയിരുന്നു നീക്കം. ഫ്ളാറ്റുകള്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കുന്നതിന് അന്തിമ രൂപമൊരുക്കി ജില്ലാ ഭരണകൂടം. ഫ്ളാറ്റുകള്‍ മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ പൊളിച്ചു നീക്കാനാണ് അന്തിമ തീരുമാനം. സ്‌ഫോടനത്തിന് മുമ്പ് നിരോധനാജ്ഞയും ഗതാഗത നിയന്ത്രണവും ഉണ്ടാവും. സമീപ വാസികള്‍ക്ക് മന്ത്രിതല യോഗത്തില്‍ കൊടുത്ത ഉറപ്പ് പൂര്‍ണമായും തള്ളികൊണ്ടാണ് മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ ഫ്ളാറ്റുകള്‍ പൊളിച്ചു നീക്കാന്‍ തീരുമാനമായത്.


2. ഫ്ളാറ്റ് പൊളിക്കാന്‍ വിശദമായ പദ്ധതി എന്ന് ഐ.ജി വിജയ് സാക്കറെ. പ്രദേശത്ത് 500 പൊലീസുകാരെ വിന്യസിക്കും. പൊളിക്കുന്ന ദിവസങ്ങളില്‍ ഫ്ളാറ്റുകളുടെ 200 മീറ്റര്‍ ചുറ്റളവില്‍ രാവിലെ 9.00 മണിക്ക് നിരോധനാജ്ഞ പ്രഖ്യാപിക്കും. ദേശീയ പാതയില്‍ ഉള്‍പ്പെടെ ഗതാഗത നിയന്ത്രണവും ഉണ്ടാകും. കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് അന്തിമ രൂപം തയ്യാറായത്. സുരക്ഷാ മുന്‍കരുതല്‍ ഉറപ്പാക്കാന്‍ പത്താം തിയതി മോക് ഡ്രില്‍ നടത്തും. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് കൊണ്ടാണ് പൊളിക്കല്‍ ദിവസങ്ങളിലെ ക്രമീകരണങ്ങള്‍ നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്.
3. ചുരുങ്ങിയത് 2000 പേരെയെങ്കിലും പ്രദേശത്ത് നിന്ന് മാറ്റി പാര്‍പ്പിക്കാനുള്ള സജ്ജീകരണങ്ങളും ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് ഫ്ളാറ്റുകള്‍ പൊളിക്കുന്നത് കാണാന്‍ പ്രത്യേക സൗകര്യം ഒരുക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ഇന്ന് മുതല്‍ പൊളിക്കല്‍ നടപടിക്രമങ്ങള്‍ വിശദീകരിക്കുന്നതിന് വേണ്ടി വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ ബോധവത്കരണ പരിപാടികള്‍ക്കും തുടക്കമിടും.
4. ബി.ജെ.പി സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിന് മുന്നോടിയായി ബി.ജെ.പി കേന്ദ്ര നേതാക്കള്‍ കേരളത്തില്‍ എത്തും. ബി.ജെ.പി ദേശീയ വക്താവ് നരസിംഹ റാവു, സംഘടന ജോയിന്റ് സെക്രട്ടറി ശിവപ്രകാശ് തുടങ്ങിയവര്‍ ആണ് അടുത്ത ദിവസം കേരളത്തില്‍ എത്തുക. ചൊവ്വാഴ്ച സംസ്ഥാന നേതാക്കളമായി ഇവര്‍ ചര്‍ച്ച നടത്തും. കേരളത്തിലെ നേതാക്കളില്‍ നിന്ന് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ആരായുക ആണ് കേന്ദ്ര നേതാക്കളുടെ സന്ദര്‍ശനത്തിന്റെ ലക്ഷ്യം. വിവധ മോര്‍ച്ച നേതാക്കളും ആയും ഇവര്‍ കൂടി കാഴ്ച നടത്തും. ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേരളത്തില്‍ എത്തുന്നതിന് മുന്‍പ് തന്നെ സംസ്ഥാന അധ്യക്ഷനെ കണ്ടെത്താന്‍ ആണ് പാര്‍ട്ടി ശ്രമം.
5. തര്‍ക്കങ്ങള്‍ക്ക് ഒടുവില്‍ മഹാരാഷ്ട്രയില്‍ വകുപ്പ് വിഭജനം പൂര്‍ത്തിയായി. ഉപമുഖ്യമന്ത്രി അജിത് പവാറിനാണ് ധനകാര്യ വകുപ്പിന്റെ ചുമതല. മന്ത്രിമാര്‍ക്ക് വകുപ്പുകള്‍ വിഭജിച്ചു കൊണ്ടുള്ള പട്ടികയ്ക്ക് ഗവര്‍ണര്‍ ഭഗത്സിംഗ് കോശിയാരി അംഗീകാരം നല്‍കി. പൊതുഭരണം, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, നിയമ വകുപ്പുകള്‍ എന്നിവ മുഖ്യമന്ത്രി ഉദ്ധവ് താക്കറേക്ക് ലഭിച്ചു. ശിവസേനയുടെ ആദിത്യ താക്കറേയ്ക്ക് വിനോദ സഞ്ചാരം, പരിസ്ഥിതി വകുപ്പുകളാണ് ലഭിച്ചത്. നാഗ്പൂരില്‍ നിന്നുള്ള എന്‍.സി.പി എം.എല്‍.എ അനില്‍ ദേശ്മുഖിന് ആഭ്യന്തര വകുപ്പും ലഭിച്ചു. കോണ്‍ഗ്രസിന്റെ ബാലാസാഹിബ് തോറാട്ടിന് റവന്യൂ വകുപ്പും ലഭിച്ചു. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ ഉള്ള ശിവസേന- എന്‍.സി.പി. കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ നവംബര്‍ 28നാണ് അധികാരമേറ്റത്. പത്ത് സഹമന്ത്രിമാര്‍ ഉള്‍പ്പെടെ ആകെ 43 അംഗങ്ങളാണ് മന്ത്രിസഭയില്‍ ഉള്ളത്.
6. എല്ലാ മാസവും ഒന്നാം തീയതി ബാറുകളും സര്‍ക്കാര്‍ അംഗീകൃത മദ്യവില്‍പ്പന ശാലകളും തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ ഉള്ള കരടു തയ്യാര്‍ ആക്കുന്നതിനുള്ള പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയായി. നയപരമായ കാര്യം ആയതിനാല്‍ ഇടത് മുന്നണിയില്‍ ചര്‍ച്ച ചെയ്ത ശേഷമാകും അന്തിമ തീരുമാനം ഉണ്ടാവുക. പുതിയ മദ്യനയത്തില്‍ ഇക്കാര്യം ഉള്‍പ്പെടുത്തിയേക്കും. മന്ത്രിസഭയുടെ അനുമതിയോടെ മാത്രമേ നടപ്പാക്കൂ. മദ്യനയത്തില്‍ ഉള്‍പ്പെടുത്താന്‍ ആയാല്‍ മേയ് മാസത്തോടെ പ്രാബല്യത്തില്‍ വന്നേക്കാം. ശമ്പള ദിവസമായ ഒന്നാംതീയതി ബാറുകളും മദ്യവില്‍പ്പന ശാലകളും തുറന്നു പ്രവര്‍ത്തിപ്പിച്ചാല്‍ കൂടുതല്‍ വില്‍പ്പന നടക്കും എന്നതിനാല്‍ ഇക്കാര്യം ആവശ്യപ്പെട്ട് ബാറുടമകള്‍ ആണ് സര്‍ക്കാരിനെ സമീപിച്ചത്.
7. ഭൂപരിഷ്‌കരണ നിയമത്തിന്റെ അന്‍പതാം വാര്‍ഷികത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസംഗത്തില്‍ സി.പ്ി.എം സി.പി.ഐ പോര് നിലനില്‍ക്കെ, വിഷയത്തില്‍ പ്രതികരിച്ച് മുന്‍ മുഖ്യമന്ത്രി സി. അച്യുത മേനോന്റെ മകന്‍ ഡോ. വി രാമന്‍കുട്ടി രംഗത്ത്. ചരിത്രത്തെ മറക്കുന്നത് അംഗീകരിക്കാന്‍ ആവില്ലെന്നാണ് വി രാമന്‍ പറഞ്ഞത്. കൗമുദി ടി.വി സ്‌ട്രെയ്റ്റ്‌ലൈന്‍ പരിപാടിയില്‍ ആയിരുന്നു ഡോ. വി രാമന്‍ കുട്ടിയുടെ പ്രതികരണം