chief

മുംബയ്: റാഫേൽ യുദ്ധവിമാനങ്ങളുടെ മികവിനെ പ്രശംസിച്ച് മുൻ എയർ ചീഫ് മാർഷൽ ധനോവ രംഗത്തെത്തി. ബാലകോട്ട് ആക്രമണത്തിന് ശേഷം വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാൻ വിംഗ് മിഗ് 21ന് പകരം അന്ന് റാഫേൽ വിമാനം പറത്തിയിരുന്നെങ്കിൽ ഫലം വ്യത്യസ്തമാകുമായിരുന്നു എന്ന് ധനോവ പറഞ്ഞു. മുംബയ് ഐ.ഐ.ടി.യിൽ നടന്ന പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. റാഫേൽ വിഷയത്തിൽ നരേന്ദ്ര മോദി സർക്കാരിന് സുപ്രീംകോടതി ക്ലീൻ ചിറ്റ് നൽകിയ വിധിയെ 'മികച്ച വിധി" എന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിരോധവുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും വളരെപതിയെയാണ് ഇപ്പോൾ നീങ്ങുന്നത്. ജനങ്ങൾ ഇത്തരം കാര്യങ്ങളെപ്പറ്റി വളരെ ശ്രദ്ധാലുക്കളായിരിക്കുന്നു. അതിനാൽ തോക്കുകൾ നല്ലതാണെങ്കിലും ബോഫോഴ്‌സ് ഇടപാടും വിവാദമായെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ നികുതിദായകരുടെ പണം അപകടത്തിലാകുമെന്നതിനാൽ വിമാനത്തിന്റെ വിലയെകുറിച്ച് ചോദിക്കാൻ ആളുകൾക്ക് അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം വിവാദങ്ങൾ ഉണ്ടാവുന്നത് പ്രതിരോധ മേഖലയുടെ പുരോഗതിയെ ബാധിക്കും. പ്രതിരോധ പ്രവർത്തനങ്ങൾക്കാവിശ്യമായ യുദ്ധ സാമഗ്രികൾ വാങ്ങുന്നതിനെ നിങ്ങൾ രാഷ്ട്രീയവത്കരിച്ചാൽ, മറ്റെല്ലാ പ്രതിരോധ പ്രവർത്തങ്ങളും പിന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.