iran-

വാഷിംഗ്ടൺ: അമേരിക്കൻ മിസൈലാക്രമണത്തിൽ ഇറാൻ ഖുദ്സ് ഫോഴ്സ് തലവൻ ജനറൽ ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിനെ തുടർന്ന് പശ്ചിമേഷ്യൻ മേഖലയിൽ സംഘവർഷാവസ്ഥ അയവില്ലാതെ തുടരുകയാണ്. സുലൈമാനിയുടെ കബറടക്കം കഴിയുന്നതിന് മുമ്പേ അമേരിക്കൻ കേന്ദ്രങ്ങളിലേക്ക് മോർട്ടാർ ആക്രമണം നടന്നിരുന്നു. സംഘർഷം രൂക്ഷമായിരിക്കെ ഇറാന് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

അമേരിക്കയോ അമേരിക്കൻ പൗരന്മാരെയോ ആക്രമിക്കുകയാണെങ്കിൽ ഇതുവരെ കാണാത്ത മനോഹരമായ ആയുധമാണ് നിങ്ങൾക്കുനേരെ പ്രയോഗിക്കുകയെന്ന് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. തങ്ങൾക്കെതിരെ അക്രമം അഴിച്ചുവിടുകയാണെങ്കിൽ ഇറാന്റെ 52 മേഖലകൾ ലക്ഷ്യമിട്ടിട്ടുണ്ടെന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

'രണ്ട് ട്രില്യൺ ഡോളറാണ് ആയുധങ്ങൾക്ക് വേണ്ടി മാത്രം യു.എസ് ചിലവഴിച്ചത്. ലോകത്തിലെ ഏറ്റവും വലിയതും മികച്ചതുമായ സൈന്യമാണ് ഞങ്ങളുടേത്. അമേരിക്കൻ സൈനിക താവളങ്ങളെയോ, ഏതെങ്കിലും അമേരിക്കക്കാരനെയോ ഇറാൻ ആക്രമിക്കുകയാണെങ്കിൽ ഒരു പുതിയ മനോഹരമായൊരു ആയുധം ഞങ്ങൾ ഇറാനിലേക്ക് അയക്കും. അതിൽ ഒരു സംശയവും വേണ്ട' ട്രംപ് ട്വിറ്ററിൽ കുറിച്ചു.

അതേസമയം,​ അമേരിക്കയ്ക്ക് തിരിച്ചടി നൽകുമെന്ന് പറഞ്ഞ് ഇറാൻ പരസ്യമായി രംഗത്തെത്തുകയും ചെയ്തതോടെ പശ്ചിമേഷ്യയിൽ യുദ്ധകാഹളം മുഴങ്ങിയിരിക്കുകയാണ്. അമേരിക്കൻ സൈനിക കേന്ദ്രങ്ങളിൽ നിന്നും ഇറാഖി സൈനികർ ഒരു കിലോമീറ്റർ അകലം പാലിക്കണമെന്ന് ഇറാന്റെ പിന്തുണയുള്ള ഹിസ്ബുള്ള കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാന്റെ ഭാഗത്ത് നിന്നുള്ള പ്രത്യാക്രമണ സാദ്ധ്യത കണക്കിലെടുത്ത് ബാഗ്ദാദിൽ അമേരിക്ക നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്‌. കൂടാതെ ഇറാനിലെ ക്യോം ജാംകരൻ പള്ളിയിൽ ചുവപ്പ് കൊടി ഉയർത്തി. ഇവിടെ ചുവപ്പു കൊടി ഉയർന്നാൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്നെന്നാണ് കണക്കാക്കുന്നത്.