നമ്മുടെ നാട്ടിൽ ട്രാഫിക് നിയമ ലംഘനങ്ങൾ പതിവായിരിക്കുകയാണ്. ലൈസൻസ് റദ്ദാക്കിയും, കടുത്ത പിഴ ഈടാക്കിയും ഗതാഗത നിയമങ്ങൾ സംരക്ഷിക്കാൻ പൊലീസ് വലയുകയാണ്. റോഡ് ഗതാഗതം സുഗമവും അപകട രഹിതവുമാക്കുന്നതിന് കോഴിക്കോട് ട്രാഫിക് പൊലീസ് നടപ്പാക്കിയ പദ്ധതിയിൽ ഇത്തവണ കുടുങ്ങിയത് പതിനായിരങ്ങളാണ്.
കഴിഞ്ഞ വർഷമാണ് ട്രാഫിക് പൊലീസ് സി.സി വിജിൽ (കാലിക്കറ്റ് സിറ്റിസൺ വിജിൽ) പദ്ധതി നടപ്പാക്കിത്. പൊതുജനങ്ങൾക്ക് നിയമലംഘനങ്ങൾ കണ്ടാൽ ദൃശ്യം പകർത്തി സി.സി വിജിൽ വാട്സാപ്പ് നമ്പറിൽ അയക്കാം. സ്ഥലവും സമയവും കൃത്യമായി രേഖപ്പെടുത്തണം. നിയമ ലംഘകർക്കെതിരെ പൊലീസ് പരാതി സ്വീകരിക്കും. പരാതിക്കാരെ സ്വീകരിച്ച നടപടി അറിയിക്കുകയും ചെയ്യും
ഒരു വർഷത്തിനിടെ പൊതുജനത്തിന്റെ ക്യാമറ കണ്ണുകളിൽ കുടുങ്ങിയത് 17,706 ട്രാഫിക് നിയമ ലംഘനങ്ങളാണ്. ഇതിൽ 4,850 പരാതികൾ തീർപ്പാക്കി. 11,99,800 രൂപ പിഴയായും ലഭിച്ചു.
4,324 പരാതികളാണ് അനധികൃത പാർക്കിംഗിനെതിരെ മാത്രം ലഭിച്ചത്. ഇരുചക്ര വാഹനത്തിൽ രണ്ടിലധികംപേർ യാത്ര ചെയ്തതും, ഹെൽമറ്റില്ലാതെ ഇരുചക്ര വാഹനമോടിക്കുന്നവരുമാണ് ലിസ്റ്റിൽ രണ്ടാം സ്ഥാനത്ത്. വാതിൽ തുറന്നിട്ട് ബസോടിക്കുക, വേഗത്തിലും, സാഹസികവുമായി ഡ്രൈവ് ചെയ്യുക, മൊബൈലിൽ സംസാരിച്ച് വാഹനമോടിക്കുക, സീബ്രാലൈനുകളിൽ വാഹനം നിർത്തിയുടക, സീറ്റ് ബെൽറ്റില്ലാതെ വാഹനമോടിക്കുക തുടങ്ങി നിരവധി പരാതികളാണ് സി.സി വിജിലിന്റെ ഭാഗമായി ലഭിച്ചത്.
എന്നാൽ ഇത്രയേറെ നടപടികൾ സ്വീകരിച്ചിട്ടും, നിയമം കർശനമാക്കിയിട്ടും ട്രാഫിക് നിയമ ലംഘനങ്ങൾ കുറയുന്നില്ല എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇത്തരക്കാർക്ക് നിരന്തരം ബോധവത്കരണ ക്ലാസുകൾ നൽകുന്നുണ്ട്. പൊലീസിനെ കാണുമ്പോൾ മാത്രമാണ് ആളുകൾ നിയമം പാലിക്കുന്നത്. ഈ രീതി മാറണം, അതിനുള്ള പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് കോഴിക്കോട് ട്രാഫിക് സൗത്ത് അസിസ്റ്റന്റ് കമ്മീഷണർ പി.ബാബുരാജ് പറഞ്ഞു. 6238488686 ആണ് സി.സി വിജിൽ വാട്സാപ്പ് നമ്പർ.