iran-

വാഷിംഗ്‌ടൺ: ഇറാൻ സൈനിക ജനറൽ ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ചത് പശ്ചിമേഷ്യയിൽ സൃഷ്‌ടിച്ച അശാന്തി രൂക്ഷമാക്കി ഇരുപക്ഷവും വെല്ലുവിളി തുടരുന്നു.

യുദ്ധകാഹളമെന്ന പോലെ ഇറാൻ ജാംകരൺ പള്ളിയുടെ താഴികക്കുടത്തിനു മീതെ ചരിത്രത്തിലാദ്യമായി ചുവന്ന പതാക ഉയർത്തി. അന്യായമായി ചൊരിഞ്ഞ ചോരയ്‌ക്ക് പകരം വീട്ടുക എന്നാണ് ചുവന്നകൊടി ഉയർത്തുന്നതിന്റെ അർത്ഥം.

ഇറാന്റെ പ്രതികാരത്തിന്റെ തുടക്കം പോലെ ശനിയാഴ്ച രാത്രി ബാഗ്ദാദിലെ അമേരിക്കൻ എംബസി പരിസരത്തും യു. എസ് വ്യോമസേനാ താവളത്തിലും മിസൈൽ ആക്രമണങ്ങൾ നടന്നു.

അമേരിക്കയുടെ 35 സൈനികത്താവളങ്ങളും സഖ്യകക്ഷിയായ ഇസ്രയേലിലെ ടെൽ അവീവ് നഗരവും തങ്ങളുടെ പ്രഹര പരിധിയിലാണെന്ന് ഇറാൻ താക്കീത് നൽകിയിരുന്നു. അതിനു പിന്നാലെ, അമേരിക്കയെ ആക്രമിച്ചാൽ ഇറാന്റെ 52 കേന്ദ്രങ്ങൾ തകർക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്നലെ മുന്നറിയിപ്പ് നൽകി. ഇറാനിയൻ സംസ്‌കാരവുമായി ബന്ധമുള്ള 52 കേന്ദ്രങ്ങൾ ഞങ്ങൾ തകർക്കും. ഏറ്റവും പുതിയതും മനോഹരവുമായ ആയുധങ്ങൾ ഒരു മടിയുമില്ലാതെ പ്രയോഗിക്കും. 1979ൽ ടെഹറാനിലെ അമേരിക്കൻ എംബസിയിൽ ഒരു വർഷത്തിലേറെ ബന്ദികളാക്കിയ അമേരിക്കൻ പൗരന്മാരുടെ എണ്ണമാണ് 52 - ട്രംപ് ട്വിറ്ററിൽ കുറിച്ചു.

ഇറാന്റെ തിരിച്ചടി സാദ്ധ്യതകൾ

സുലൈമാനിയെ അമേരിക്ക വധിച്ചത് ഇറാനിൽ വച്ചല്ല എന്നത് ഇറാന് ഒരു അനുഗ്രഹമാണ്. വൻയുദ്ധത്തിനിടയാക്കും വിധം നേരിട്ട് അമേരിക്കയെ ആക്രമിക്കേണ്ട.

പകരം പശ്ചിമേഷ്യയിലെ അമേരിക്കൻ കേന്ദ്രങ്ങളായിരിക്കും ഇറാൻ ഉന്നമിടുക

സുലൈമാനി വധം ഇറാക്കിലെ ബാഗ്ദാദിൽ വച്ചായതിനാൽ അവിടെത്തന്നെ തിരിച്ചടി നൽകാം.

ശനിയാഴ്ച രാത്രി ബാഗ്ദാദിലെ യു. എസ് എംബസി പ്രദേശത്തു നടന്ന ആക്രമണം അതിനു തെളിവാണ്.

ഇറാന്റെ പിന്തുണയുള്ള ഷിയാ സായുധ സേനകൾ പശ്ചിമേഷ്യൻ രാജ്യങ്ങളിലുണ്ട്.

ഇറാക്കിൽ ഈ സേനകളുടെ കൂട്ടായ്മയായ പോപ്പുലർ മൊബിലൈസേഷൻ ഫോഴ്സും (പി.എം.എഫ് ) ഇറാനൊപ്പമുണ്ട്.

ഇറാക്കിലെ യു.എസ് കേന്ദ്രങ്ങൾ ആക്രമിക്കുന്ന പി.എം.എഫിലെ ഒരു സേനയായ കതായേബ് ഹിസ്ബുള്ളയാണ് കഴിഞ്ഞ മാസം യു. എസ് കോൺട്രാക്‌ടർ കൊല്ലപ്പെട്ട ആക്രമണം നടത്തിയത്. അതിൽ നിന്നാണ് അമേരിക്ക ഇപ്പോഴത്തെ തിരിച്ചടി തുടങ്ങിയത്.

കതായേബ് സേനയുടെ നേതാവായ അബു മഹ്‌ദി അൽ മുഹന്ദിസും സുലൈമാനിക്കൊപ്പം കൊല്ലപ്പെട്ടിരുന്നു.

 അമേരിക്കയെ ആക്രമിക്കാൻ ഭീകരഗ്രൂപ്പുകളെന്ന് പേരുദോഷമുള്ള ഈ സേനകളെ ഇറാൻ നിയോഗിക്കുമോ എന്ന് വ്യക്തമല്ല.

ഇറാന്റെ ഉന്നങ്ങൾ

സിറിയയിൽ ഇറാക്ക് അതിർത്തിയിലെ അൽ താഫ് എന്ന സ്ഥലത്തെ യു. എസ് സേനാ താവളം. അഞ്ഞൂറോളം യു. എസ് സൈനികർ ഇവിടെയുണ്ട്.

 ഇറാന്റെ സൈനിക പാതയിലുള്ള ഈ താവളം സുലൈമാനി പണ്ടേ തകർക്കാൻ നോട്ടമിട്ടിരുന്നതാണ്.

യു.എ.ഇ, സൗദി അറേബ്യ, ഖത്തർ, കുവൈറ്റ്, ബഹ്റൈൻ എന്നിവിടങ്ങളിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ

അമേരിക്കയുടെ പേടികൾ

ജനറൽ സുലൈമാനിയെ അമേരിക്ക വധിച്ചത് ഐസിസ് ഭീകരർക്കാണ് തുണയായത്.

പശ്ചിമേഷ്യയിൽ ഐസിസിന്റെ ഏറ്റവും വലിയ ശത്രുവായിരുന്ന സുലൈമാനി ഇല്ലാതായതോടെ ഐസിസ് ഉയിർത്തെഴുന്നേൽക്കാൻ സാദ്ധ്യത ഏറി. ഇത് അമേരിക്കയ്‌ക്ക് ഭീഷണിയാകും.

സിറിയയിലും ഇറാക്കിലും ഐസിസിനെ തുരത്താനുള്ള കരയുദ്ധത്തിൽ നിർണായക പങ്കു വഹിച്ചിരുന്നത് ഇറാന്റെ പിന്തുണയുള്ള ഷിയാ സായുധ സേനകളാണ്.

സുലൈമാനിയുടെ വധം അവർക്കും തിരിച്ചടിയായി. അവരും സഖ്യകക്ഷികളും അമേരിക്കയ്‌ക്ക് എതിരെ തിരിഞ്ഞു.

ഇതോടെ അമേരിക്കൻ സേനയ്‌ക്ക് ഇറാക്കിൽ തുടരാനാവാത്ത സ്ഥിതി.

ഗൾഫ് ജാഗ്രതയിൽ

അമേരിക്ക-ഇറാൻ സംഘർഷത്തിൽ ഗൾഫ് രാജ്യങ്ങൾ അതീവ ജാഗ്രതയിലാണ്. എല്ലാവരും സംയമനം പാലിക്കണമെന്ന് യു.എ.ഇയും മേഖലയ്ക്ക് കനത്ത നഷ്ടമുണ്ടാക്കുന്ന യുദ്ധസാഹചര്യങ്ങൾ ഒഴിവാക്കണമെന്ന് കുവൈറ്റ്, ഖത്തർ തുടങ്ങിയ രാജ്യങ്ങളും പ്രതികരിച്ചു. പ്രവാസി സമൂഹവും ആശങ്കയിലാണ്.