ഈ ലോകത്ത് ജന്മം കൊള്ളുന്ന ഏതൊരു മനുഷ്യനും ആഗ്രഹിക്കുന്നത് വളരാനാണ്. ഈ ഏകതയ്ക്ക് അളവില്ല. എത്രത്തോളമാകുമോ അത്രത്തോളം. പക്ഷേ എന്തെല്ലാമാണു വളരേണ്ടതെന്ന കാര്യത്തിൽ ഏകാഭിപ്രായമല്ല എല്ലാവർക്കുമുള്ളത്. ചിലർക്ക് ബുദ്ധിയാണ് വളരേണ്ടതെങ്കിൽ മറ്റു ചിലർക്ക് പഠിപ്പാണ് വളരേണ്ടത്. ചിലർക്ക് ശരീരമാണ് വളരേണ്ടതെങ്കിൽ വേറെ ചിലർക്ക് മനസിനാണ് വളർച്ച വേണ്ടത്. ഇനിയും ചിലർക്ക് സമാധാനമാണ് വളരേണ്ടതെങ്കിൽ മറ്റ് ചിലർക്ക് സുഖമാണ് വളരേണ്ടത്. ഇതെന്തുതന്നെയായാലും ഈ വളർച്ചകൾക്കായി മനുഷ്യൻ അവന്റെ ആയുസിനെയും വപുസിനെയും പഠിപ്പിനെയും ചിന്തയെയുമൊക്കെ അതിരറ്റു ചെലവഴിക്കുന്നുവെന്നതിൽ ആർക്കും തർക്കമില്ല. എന്നാൽ ഈ വളർച്ചകൾ കൊണ്ടൊന്നും മനുഷ്യനു അന്തിമമായ ഒരു സംതൃപ്തിയൊട്ടുണ്ടാകുന്നുമില്ല.
ഈ ആർത്തിയും ആഗ്രഹവും പ്രപഞ്ചജീവികളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് മനുഷ്യനിലാണ്. അതിനു കാരണം അവന്റെ ലൗകികതയ്ക്ക് ഒരു പരിധിയെ നിശ്ചയിക്കാനോ കണ്ടെത്താനോ കല്പിക്കാനോ അവന് സാധിക്കാതെയിരിക്കുന്നു എന്നതാണ്. കാണാനും കേൾക്കാനും അനുഭവിക്കാനുമുള്ളതാണു ജീവിതം എന്ന ധാരണയാണ് മനുഷ്യന് പൊതുവിലുള്ളത്. എന്നാൽ തത്ത്വാവബോധമുള്ളവർ ഇത്തരം ലൗകിക വളർച്ചകളെയൊന്നും ആഗ്രഹിക്കുകയോ അതിൽ അഭിരമിക്കുകയോ ചെയ്യുന്നില്ല. കാരണം അവർക്ക് ബുദ്ധിയെക്കാളും പഠിപ്പിനെക്കാളും ശരീരത്തെക്കാളും മനസിനേക്കാളും മറ്റെന്തിനേക്കാളും പ്രിയമായിരിക്കുന്നത് പ്രാണനാണ്. ഈ പ്രാണപ്രിയമാണ് പ്രിയങ്ങളിൽ വച്ച് ഏറ്റവും മഹത്തായ പ്രിയമെന്ന അവരുടെ അറിവ് സുനിശ്ചിതമായ തത്ത്വാവബോധത്തിൽ നിന്നും ഉടലെടുത്തതാണ്. പക്ഷേ മനുഷ്യൻ എപ്പോഴും വിസ്മരിച്ചു പോകുന്നത് ഈ പ്രാണപ്രിയത്തെയാണ്. ബുദ്ധി വളരാനും യോഗ്യത വളരാനും തൊഴിൽ വളരാനും സുഖം വളരാനും സ്ഥാനമാനങ്ങൾ വളരാനുമൊക്കെയുള്ള ആഗ്രഹം മനുഷ്യനിൽ പെരുകി വരുന്നത് ഈ പ്രാണപ്രിയത്തിന്റെ വിസ്മൃതിയിലാണെന്നതാണു സത്യം.
എന്നാൽ പ്രാണപ്രിയതയിൽ ഉറച്ചിരിക്കുന്നവനെ മറ്റൊരു പ്രിയവും വന്ന് അലട്ടുകയില്ല. എന്തെന്നാൽ ഈ പ്രിയത്തെ അവനിൽ തൊട്ടുണർത്തി വച്ചിരിക്കുന്നത് സാക്ഷാൽ സ്രഷ്ടാവു തന്നെയായ ജഗദീശ്വരനാണ്. മറ്റെല്ലാ പ്രിയങ്ങളെയും ഉണ്ടാക്കുന്നതാകട്ടെ മനുഷ്യൻ തന്നെയായിരിക്കുന്നു. അതുകൊണ്ടാണ് പ്രാണപ്രിയത്തെ ഈശ്വരപ്രിയമെന്നു വിദ്വാന്മാർ പറയുന്നത്. സനാതനമായ മൂല്യങ്ങളുടെയൊക്കെ കൂടിച്ചേരലാണു ഈ പ്രിയത്തിന്റെ ഗുണഫലങ്ങൾ. അതറിയുന്നവന് പുറമേയുള്ള യാതൊന്നിന്റെയും വളർച്ചയെ ആഗ്രഹിക്കേണ്ടതില്ല. എന്തുകൊണ്ടെന്നാൽ അവനിൽ ബുദ്ധിയേക്കാൾ ബുദ്ധിയുടെ പ്രകാശകനായ ബോധവും പഠിപ്പിനേക്കാൾ പഠിപ്പിന്റെ പ്രകാശകനായ ജ്ഞാനവും ശരീരത്തേക്കാൾ ശരീരത്തിന്റെ പ്രകാശകനായ ആത്മാവും മനസിനേക്കാൾ മനസിന്റെ പ്രകാശകനായ ഈശ്വരീയതയും പാകമായി നിലകൊള്ളുകയാണ്. ഈ നിലകൊള്ളലിനുള്ളതാണു വാസ്തവത്തിൽ നമ്മുടെ ജന്മം. അതറിയാതെ മറ്റു പലതിനുമുള്ളതാണ് ഈ ജന്മമെന്നു ധരിക്കുന്നതാണ് മനുഷ്യനെ കുഴയ്ക്കുന്നത്. അങ്ങനെയുള്ളവൻ ഒരിക്കലും ക്ഷമയോ ശാന്തിയോ അഹിംസയോ സഹിഷ്ണുതയോ അനുകമ്പയോ സ്നേഹമോ വളരണമെന്ന് ആഗ്രഹിക്കുന്നവരല്ല.
ബുദ്ധി വളരണമെന്ന് ആഗ്രഹിക്കുന്നവൻ ക്ഷമ വളരണമെന്ന് ആഗ്രഹിക്കാത്തതും പഠിപ്പ് വളരണമെന്ന് ആഗ്രഹിക്കുന്നവൻ സഹിഷ്ണുത വളരണമെന്ന് ആഗ്രഹിക്കാത്തതും പ്രാണപ്രിയത ഇല്ലാത്തതുകൊണ്ടാണ്. ഒരുവൻ മറ്റൊരുവനോട് ദ്വേഷിക്കുന്നതും മറ്റൊരുവൻ തന്നേക്കാൾ താഴ്ന്നവനോ ഉയർന്നവനോ ദരിദ്രനോ സമ്പന്നനോ ഒക്കെ ആണെന്നു കരുതി വിവേചനപരമായി പെരുമാറുന്നതും അതുകൊണ്ടുതന്നെ.
മനുഷ്യന്റെ ലൗകികവാസനയിൽ നിന്നുണരുന്ന പ്രിയതകളെ അവിദ്യയുടെ ലക്ഷണങ്ങളായിട്ടാണ് ഗുരുക്കന്മാർ കണ്ടിരുന്നത്. അതുകൊണ്ടാണ് അവിദ്യയെ ഉപാസിക്കുന്നവർ അന്ധതമസിലാണെന്നും പ്രിയമൊരു ജാതി അതെൻ പ്രിയമെന്നും ഗുരുദേവതൃപ്പാദങ്ങളും നമ്മെ ഓർമ്മിപ്പിക്കുന്നത്. ഇതെല്ലാം നമ്മൾ ആഗ്രഹിക്കുന്നതിന്റെ വളർച്ചകൾ കൊണ്ടല്ല നമ്മൾ യഥാർത്ഥത്തിൽ വളരുന്നതെന്ന സത്യത്തിന്റെ ഓതും മൊഴികളാണ്. അതുകൊണ്ട് നമ്മുടെ വളർച്ചയുടെ പാഠങ്ങൾ നമ്മൾ തന്നെ പുനരവലോകനം ചെയ്തു നിർണയിക്കണം. അതാകട്ടെ പ്രാണപ്രിയമെന്ന ഗുരുവാണിയുടെ പ്രകാശനിറവിലാവുകയും വേണം. അപ്പോഴാണ് നമ്മൾ ഒരു നല്ല മനുഷ്യനായി തീർത്തും വളരുന്നത്.
ഒരിക്കൽ ഒന്നിച്ചു പഠിച്ചു പിരിഞ്ഞ രണ്ടു സഹപാഠികൾ വളരെക്കാലത്തിനുശേഷം കണ്ടുമുട്ടാനിടയായി. സൈനികസേവനത്തിനിടയിലായിരുന്നു അത്. ഒരു ദിവസം അവർ കൊട്ടാരം നിധി മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയപ്പോൾ അതിനു കാവൽക്കാരായിപ്പോയി. അപ്പോൾ അവരിലൊരുവനു വലിയ ആധിയായി. വഴിയിൽ വച്ച് നിധി മോഷ്ടിക്കാൻ കള്ളന്മാർ വന്നാൽ തന്റെ ജീവൻ പോയതു തന്നെ. അതുനിമിത്തം കുടുംബം വഴിയാധാരമായിപ്പോകുമല്ലോ എന്ന ചിന്തയേറിയതോടെ അവൻ പ്രാണഭയം കൊണ്ട് വിറയാർന്നവനായി.
സുഹൃത്തിന്റെ ഈ പ്രാണഭയം കണ്ടിട്ട് അടുത്തവൻ സമാധാനിപ്പിക്കാൻ നോക്കിയെങ്കിലും ഫലിച്ചില്ല. അവൻ സുഹൃത്തിനോട് പറഞ്ഞു :
''ഇവിടെ ഒന്നും പേടിക്കേണ്ടതായിട്ടില്ല. അതുകൊണ്ട് നീ ശാന്തനായിരിക്കുക.""
അപ്പോൾ ഭയമുള്ളവൻ പറഞ്ഞു : ''ഞാനെങ്ങനെയാണ് സുഹൃത്തെ ഭയമില്ലാത്തവനായിരിക്കുക. പേരുകേട്ട കള്ളന്മാരുള്ള വഴിയിലൂടെയാണല്ലോ നമുക്ക് പോകേണ്ടത്. ""
സുഹൃത്ത് അവനെ വീണ്ടും സമാധാനിപ്പിച്ചു. ''ഇവിടെയുള്ള കള്ളന്മാർക്കാർക്കും നിന്റെയോ എന്റെയോ പ്രാണനെ മോഷ്ടിക്കാനാവുകയില്ല.""
''അതു നിനക്കെങ്ങനെ അറിയാം.""
''സുഹൃത്തേ നിന്റെ പ്രാണന്റെ താക്കോൽ നിന്റെ കൈയിലല്ലല്ലോ ഇരിക്കുന്നത്. അതു സൂക്ഷിച്ചിരിക്കുന്നത് സാക്ഷാൽ സ്രഷ്ടാവ് തന്നെയല്ലേ? പിന്നെയെങ്ങനെയാണ് അതു മറ്റൊരുവനു മോഷ്ടിക്കാനാവുക. അതുകൊണ്ട് നീ മറ്റെല്ലാ പ്രിയങ്ങളുമുപേക്ഷിച്ചുകൊണ്ട് നിന്റെ പ്രാണനിൽ പ്രിയനായിരിക്കുക. ഇങ്ങനെ തത്ത്വവിചാരത്തിന്റെ അളിവില്ലായ്മയിലേക്ക് വഴിതുറക്കാനായാൽ പ്രാണപ്രിയത്തിനപ്പുറമൊരു പ്രിയം നമുക്കുണ്ടാവുകയില്ല.""