ajit-pawar

മുംബയ്: മഹാരാഷ്ട്ര‌ സർക്കാരിലെ മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂർത്തിയായി.

മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സമർപ്പിച്ച മന്ത്രിമാരുടെയും വകുപ്പുകളുടെയും പട്ടിക ഗവർണർ ഭഗത്‍സിംഗ് കോഷിയാരി ഇന്നലെ അംഗീകരിച്ചു. പത്ത് സഹമന്ത്രിമാരുൾപ്പെടെ 43 അംഗങ്ങളാണ് മന്ത്രിസഭയിലുള്ളത്.

ഉപമുഖ്യമന്ത്രി അജിത് പവാറിന് ധനകാര്യം, ആസൂത്രണം വകുപ്പുകളും ഉദ്ധവ് താക്കറെയുടെ മകൻ ആദിത്യ താക്കറെയ്‌ക്ക് ടൂറിസം, പരിസ്ഥിതി, പ്രോട്ടോക്കോൾ വകുപ്പുകളും ലഭിച്ചു. എൻ.സി.പിയുടെ അനിൽ ദേശ്‌മുഖിനാണ് ആഭ്യന്തരം.

വകുപ്പുവിഭജനത്തിൽ എൻ.സി.പിക്കാണ് കൂടുതൽ നേട്ടം. ധനകാര്യം, ആഭ്യന്തരം, ജലസേചനം, ഭവനം തുടങ്ങിയ പ്രധാന വകുപ്പുകളും ഉപമുഖ്യമന്ത്രി സ്ഥാനവും അവർക്ക് ലഭിച്ചു. കോൺഗ്രസ് നേതാവ് ബാലാസാഹേബ് തൊറാട്ടിന് റവന്യൂ, മുൻ മുഖ്യമന്ത്രി അശോക് ചവാന് പൊതുമരാമത്ത്, ശിവസേനാ നേതാവ് ഏക്‌നാഥ് ഷിൻഡെയ്ക്ക് നഗരവികസനം എന്നിവയുടെ ചുമതലയാണുള്ളത്.

പൊതു ഭരണം, ക്രമസമാധാന വകുപ്പുകൾ, ഐ.ടി, പബ്ളിക് റിലേഷൻ, നിയമം നീതിന്യായം തുടങ്ങിയ വകുപ്പുകൾ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കൈകാര്യം ചെയ്യും.

ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിൽ ശിവസേന-എൻ.സി.പി.- കോൺഗ്രസ് സഖ്യസർക്കാർ നവംബർ 28നാണ് അധികാരമേറ്റത്.
എൻ.സി.പിക്ക് 16 മന്ത്രിസ്ഥാനങ്ങൾ ലഭിച്ചപ്പോൾ ശിവസേനയിൽനിന്ന് 15 പേർ മന്ത്രിമാരായി. കോൺഗ്രസിന് 12 മന്ത്രിമാരേ ഉള്ളൂ.

വകുപ്പ് വിഭജനത്തിൽ അസംതൃപ്തനായ ശിവസേനയുടെ സഹമന്ത്രി അബ്ദുൾസത്താറിന്റെ രാജി താക്കറെ സ്വീകരിച്ചില്ല. സത്താറിന് റവന്യൂ, തുറമുഖ വകുപ്പുകളാണ് നൽകിയിരിക്കുന്നത്.

മറ്റ് പ്രധാന വകുപ്പുകളും മന്ത്രിമാരും

വ്യവസായം: സുഭാഷ് ദേശായി (ശിവസേന),

തൊഴിൽ, എക്സൈസ്: ദിലീപ് പാട്ടീൽ (എൻ.സി.പി),

ഭവനം: ജിതേന്ദ്ര അഹ്‍വാഡ് (എൻ.സി.പി),

മെഡിക്കൽ വിദ്യാഭ്യാസം: വർഷ ഗെയ്ക്‌വാദ് (കോൺഗ്രസ്),

സാമൂഹ്യ നീതി: ധനഞ്ജയ് മുണ്ടെ (എൻ.സി.പി)

ജലവിഭവം: ജയന്ത് പാട്ടീൽ (എൻ.സി.പി)