baby

അഹമ്മദാബാദ്: രാജസ്ഥാൻ കോട്ടയിലെ ശിശുമരണങ്ങൾക്ക് പിന്നാലെ ഗുജറാത്തിലെ രണ്ട് സർക്കാർ ആശുപത്രികളിലായി ഡിസംബറിൽ മാത്രം 219 നവജാതശിശുക്കൾ മരിച്ചതായി റിപ്പോർട്ട്. അഹമ്മദാബാദിലും രാജ്‌കോട്ടിലുമുള്ള സിവിൽ ആശുപത്രികളിലാണ് ഞെട്ടിക്കുന്ന മരണ നിരക്ക്.

രാജ്‌കോട്ടിൽ 134 ഉം അഹമ്മദാബാദിൽ 85 ഉം ശിശുക്കളാണ് മരിച്ചത്.

ഗുജറാത്തിലെ ഏറ്റവും വലിയ സർക്കാർ ആശുപത്രിയാണ് അഹമ്മദാബാദിലേത്. ഇവിടെ കഴിഞ്ഞ മൂന്നുമാസത്തിനിടെ 253 കുട്ടികൾ മരിച്ചു. രാജ്‌കോട്ടിൽ 2019ൽ 1,235 കുട്ടികൾ മരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

രാജസ്ഥാനിലെ കോട്ടയിൽ കൂട്ട ശിശുമരണങ്ങളുടെ നിരക്ക് വർദ്ധിച്ച് വരുന്നതിനിടെയാണ് ഗുജറാത്തിൽ നിന്നുമുള്ള പുതിയ റിപ്പോർട്ട്. ഡിസബംറിൽ മാത്രം 102 കുട്ടികളാണിവിടെ മരിച്ചത്.

അതേസമയം കൂട്ട ശിശുമരണങ്ങളെ സംബന്ധിച്ച് മാദ്ധ്യമങ്ങളുടെ ചോദ്യങ്ങളിൽ നിന്ന് മുഖ്യമന്ത്രി വിജയ് രൂപാണി ഒഴിഞ്ഞു മാറി. രാജ്കോട്ടിൽ നിന്നുള്ള എം.എൽ.എയാണദ്ദേഹം.