ന്യൂഡൽഹി: പാകിസ്ഥാനിലെ പെഷവാറിൽ സിഖ് യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. രവീന്ദർ സിംഗാണ് (25) കൊല്ലപ്പെട്ടത്. പെഷവാറിലെ ചംകാനി പോലീസ് സ്റ്റേഷന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൊലയാളിയെ തിരിച്ചറിഞ്ഞിട്ടില്ല. പാകിസ്ഥാനിലെ ആദ്യ സിഖ് മാദ്ധ്യമപ്രവർത്തകനായ ഹർമീത് സിംഗിന്റെ സഹോദരനാണ് രവീന്ദർ. മലേഷ്യയിൽ താമസിക്കുന്ന രവീന്ദർ ഷോപ്പിംഗിനായിട്ടാണ് പെഷവാറിലെത്തിയത്. പാകിസ്ഥാനിലെ നങ്കനാ സാഹിബ് ഗുരുദ്വാരയ്ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് ഈ കൊലപാതകം.
രവീന്ദറിന്റെ കൊലപാതകത്തിൽ ഇന്ത്യ ശക്തമായി അപലപിച്ചു. ഇത്തരം ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ പിടികൂടി മാതൃകാപരമായ ശിക്ഷ നൽകണമെന്നും മറ്റു രാജ്യങ്ങളോട് ധാർമികത ഉപദേശിക്കുന്നതിന് പകരം പാകിസ്ഥാൻ തങ്ങളുടെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിനായി പ്രവർത്തിക്കണമെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
ഖേദം രേഖപ്പെടുത്തി ഇമ്രാൻ ഖാൻ
പാകിസ്ഥാനിലെ നങ്കന സാഹിബ് ഗുരുദ്വാരയ്ക്കു നേരെയുണ്ടായ കല്ലേറിൽ ഖേദം രേഖപ്പെടുത്തി പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. തന്റെ വീക്ഷണങ്ങൾക്ക് വിപരീതമായുള്ളതാണ് ആക്രമണമെന്നും ഇതുമായി ബന്ധപ്പെട്ടവർ യാതൊരു ദയയും പ്രതീക്ഷിക്കേണ്ടെന്നും ഇമ്രാൻ ട്വീറ്റ് ചെയ്തു.
രാഷ്ട്രീയ ഭേദമന്യേയാണ് ഗുരുദ്വാര ആക്രമണത്തിൽ ഇന്ത്യ പ്രതിഷേധിച്ചത്. പാകിസ്ഥാനുമായി ചേർന്ന് അവിടുത്തെ വിശ്വാസികളുടെ സുരക്ഷിതത്വം കേന്ദ്ര സർക്കാർ ഉറപ്പ് വരുത്തണമെന്നും കുറ്റവാളികൾക്കെതിരെ കേസ് റജിസ്റ്റർ ചെയ്ത് നടപടി സ്വീകരിക്കാൻ സർക്കാർ സമ്മർദം ചെലുത്തണമെന്ന് കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.