വാഷിംഗ്ടൺ:അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ സഞ്ചാരിയുടെ തലച്ചോറിൽ നിന്ന് അശുദ്ധരക്തം ഹൃദയത്തിലേക്ക് കൊണ്ടുപോകുന്ന സിരയിൽ ( ജുഗുലാർ വെയിൻ ) രക്തം കട്ടപിടിച്ചത് നാസ ഭൂമിയിലിരുന്ന് ചികിത്സിച്ച് ഭേദമാക്കി. ബഹിരാകാശ പര്യവേക്ഷണ ചരിത്രത്തിൽ ആദ്യമാണിത്.
ചില ബഹിരാകാശ സഞ്ചാരികളുടെ രക്തയോട്ടം വിപരീത ദിശയിലാവുന്നുവെന്നും രക്തം കട്ടപിടിക്കുന്നുവെന്നും നേരത്തെ കണ്ടെത്തിയിരുന്നു. ഗുരുത്വാകർഷണം ഇല്ലാത്തതിനാലാണിത്.
ലൂസിയാന സർവകലാശാലയിലെ ഗവേഷകർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ 11 സഞ്ചാരികളിൽ നടത്തിയ അൾട്രാസൗണ്ട് പരിശോധനയിൽ ഒരാൾക്ക് ജുഗുലാർ സിരയിൽ രക്തം കട്ട പിടിച്ചതായി കണ്ടെത്തി. തുടർന്ന് നാസയിലെ മെഡിക്കൽ വിഭാഗം ബഹിരാകാശ നിലയത്തിൽ ചികിത്സ നടത്താനുള്ള നിർദ്ദേശങ്ങൾ നൽകി. കട്ടപിടിച്ച രക്തം അലിയിക്കാൻ ബഹിരാകാശ നിലയത്തിൽ സ്റ്റോക്കുണ്ടായിരുന്ന മരുന്ന് 33 ദിവസം കുത്തിവച്ചു. പിന്നാലെ ഇതിനുള്ള ഗുളികകളും കഴിച്ചു.
47 ദിവസങ്ങൾക്ക് ശേഷം രക്തക്കട്ട അലിഞ്ഞ് ചെറുതാവുകയും രക്തയോട്ടം മെച്ചപ്പെടുകയും ചെയ്‌തു. 90 ദിവസം കൊണ്ട് രക്തം കട്ടപിടിച്ചത് പൂർണമായി അലിഞ്ഞുപോയി. ബഹിരാകാശ സഞ്ചാരിയെ ഭൂമിയിൽ തിരിച്ചെത്തിയ ശേഷം നടത്തിയ പരിശോധനയിൽ ചികിത്സ ഫലിച്ചതായി വ്യക്തമായി.