priyanka-gandhi-

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്തതിന് തിഹാർ ജയിലിൽ കഴിയുന്ന ഭീം ആർമി അദ്ധ്യക്ഷൻ ചന്ദ്രശേഖർ ആസാദിനെ ഉടൻ ആശുപത്രിയിലേക്ക് മാറ്റണമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ചന്ദ്രശേഖർ ആസാദിനെ ജയിലിൽ പിടിച്ചുനിറുത്താൻ ഒരു കാരണവും കാണുന്നില്ല. ആരോഗ്യനില മോശമായ ചന്ദ്രശേഖർ ആസാദിന് മാത്രം വൈദ്യസഹായം നിഷേധിക്കുകയാണെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു.

വിയോജിപ്പിന്റെയും പ്രതിഷേധത്തിന്റെയും എല്ലാ പ്രകടനങ്ങളെയും അടിച്ചമർത്തുന്ന കേന്ദ്രസർക്കാരിന്റെ നയം ഭീരുത്വമാണ്. വിയോജിക്കുന്നവരോട് മനുഷ്യത്വം പോലും കാണിക്കാതിരിക്കുന്നത് ലജ്ജാകരമാണ്. യാതൊരു അടിസ്ഥാനവുമില്ലാതെയാണ് ചന്ദ്രശേഖറിനെ ജയിലിലടച്ചിരിക്കുന്നത്. അനാരോഗ്യമുണ്ടെങ്കിൽ അദ്ദേഹത്തിന് ചികിത്സ നല്‍കണം.. ചികിത്സയ്ക്കായി അദ്ദേഹത്തെ ഉടൻ എയിംസിലേക്ക് മാറ്റണമെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു.

..if he is unwell. He should be sent to AIIMS to be treated immediately. 2/2

— Priyanka Gandhi Vadra (@priyankagandhi) January 5, 2020

ചന്ദ്രശേഖര്‍ ആസാദിന്റെ ആരോഗ്യ നില വളരെ മോശമാണെന്നും അടിയന്തര വൈദ്യസഹായം അദ്ദേഹത്തിന് ലഭ്യമാക്കണമെന്നും ഭീം ആർമി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ജയിൽ അധികൃതർ ഇക്കാര്യങ്ങൾ തള്ളുകയായിരുന്നു. ജയിലിലെ ഡോക്ടർമാർ യഥാക്രമം പരിശോധനകള്‍ നടത്തുന്നുണ്ടെന്നും ചന്ദ്രശേഖറിന്റെ ആരോഗ്യ നില വളരെ തൃപ്തികരമാണെന്നുമാണ് ജയിൽ അധികൃതർ അറിയിച്ചത്.