കൊച്ചി: ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം അമേരിക്ക-ഇറാൻ സംഘർഷം വീണ്ടും രൂക്ഷമായതോടെ, താളംതെറ്റുന്നത് സാധാരണക്കാരന്റെ ജീവിതം. ഇന്ധനവില ദിവസേന കൂടിത്തുടങ്ങി. അതിന്റെ ചുവടുപിടിച്ച് അവശ്യവസ്‌തുക്കളുടെ വിലയും കുതിക്കുന്നു. സ്വർണവില പുതിയ ഉയരം കീഴടക്കി മുന്നേറുന്നു.
കഴിഞ്ഞമാസങ്ങളിൽ ഉയർച്ചയുടെ പാതയിലേറിയ ചില്ലറവില, മൊത്തവില സൂചികകൾ ഇന്ധനവില വർദ്ധനയുടെ ചുവടുപിടിച്ച് ഇനിയും ഉയരും. മുഖ്യ പലിശനിരക്കുകൾ ഇനി കുറയ്ക്കാതിരിക്കാനും വേണ്ടിവന്നാൽ കൂട്ടാനും റിസർവ് ബാങ്കിനെ ഇതു പ്രേരിപ്പിക്കും. ഇതുവഴി ബാങ്ക് വായ്‌പാ പലിശനിരക്കും കൂടും. സാധാരണക്കാരന് വായ്‌പകളും അപ്രാപ്യമാകും.
അപ്രതീക്ഷിതമായുണ്ടായ അമേരിക്ക-ഇറാൻ സംഘർഷം ഇന്ത്യയുടെ ക്രൂഡോയിൽ വാങ്ങൽച്ചെലവ് കുത്തനെ കൂട്ടും. അത്, വ്യാപാരക്കമ്മി, കറന്റ് അക്കൗണ്ട് കമ്മി എന്നിവ പരിധിവിട്ട് ഉയരാൻ കാരണമാകും. 2020-21 സാമ്പത്തിക വർഷത്തെ കേന്ദ്ര ബഡ്‌ജറ്രിനെ കൂടുതൽ സമ്മർദ്ദത്തിലാക്കുന്നതാണ് പുതിയ സാഹചര്യം. കമ്മി നിയന്ത്രിക്കാനായില്ലെങ്കിൽ ചെലവ് ചുരുക്കലിലേക്ക് കേന്ദ്രസർക്കാർ നീങ്ങും.
വിലക്കയറ്റം രൂക്ഷമാകുന്നത് കഴിഞ്ഞ പാദത്തിൽ ആറരവർഷത്തെ താഴ്‌ചയിലേക്ക് ഇടിഞ്ഞ ഇന്ത്യൻ ജി.ഡി.പി വളർച്ചയെ കൂടുതൽ താഴ്‌ചയിലേക്ക് വീഴ്‌ത്തും. ഇത്, ആഗോളതലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായ മോശമാക്കും. നിക്ഷേപം കൊഴിയും. തൊഴിലില്ലായ്‌മ കൂടും. ഉപഭോഗത്തിന്റെ 84.5 ശതമാനം ക്രൂഡോയിലും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ക്രൂഡോയിൽ ഉപഭോഗത്തിൽ ലോകത്ത് മൂന്നാംസ്ഥാനത്തും ഏഷ്യയിൽ ചൈനയ്ക്ക് പിന്നിലായി രണ്ടാമതുമാണ് ഇന്ത്യ.
ക്രൂഡോയിൽ വിലയിൽ ഒരു ഡോളർ വർദ്ധിച്ചാൽ, ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മിയിൽ ഉണ്ടാകുന്ന വർദ്ധന 100 കോടി ഡോളറാണ്. ഇന്ത്യയുടെ വിദേശ നാണയ വരുമാനവും ചെലവും തമ്മിലെ അന്തരമാണ് കറന്റ് അക്കൗണ്ട് കമ്മി. നടപ്പു സാമ്പത്തിക വർഷത്തെ (2019-20) രണ്ടാംപാദത്തിൽ കറന്റ് അക്കൗണ്ട് കമ്മി ജി.ഡി.പിയുടെ 0.9 ശതമാനമായി താഴ്‌ന്നിരുന്നു. കഴിഞ്ഞവർഷത്തെ സമാന പാദത്തിൽ ഇത് 2.8 ശതമാനമായിരുന്നു. ഇന്ധനവില വർദ്ധിച്ച സാഹചര്യത്തിൽ, വരും പാദങ്ങളിൽ കമ്മി കൂടിയേക്കും. ഇത്, കേന്ദ്രസർക്കാരിനെ വലിയ സമ്മർദ്ദത്തിലാഴ്‌ത്തും.
ഇടിത്തീയായി
ഇന്ധനവില
പെട്രോൾ
₹78.94
ഇന്നലെ 10 പൈസ കൂടി
മൂന്നു ദിവസത്തിനിടെ കൂടിയത് 27 പൈസ
ഡീസൽ
₹73.63
ഇന്നലെ 12 പൈസ കൂടി
മൂന്നു ദിവസത്തിനിടെ കൂടിയത് 41 പൈസ
$69.50
കഴിഞ്ഞ സെപ്‌തംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണ് ഇപ്പോൾ രാജ്യാന്തര ക്രൂഡോയിൽ വില. ഡിസംബർ ആദ്യവാരം ബാരലിന് 58 ഡോളറായിരുന്നു യു.എസ്. ക്രൂഡ് വില. ഇന്നലെ വില 64.09 ഡോളർ. ബ്രെന്റ് ക്രൂഡ് വില 63 ഡോളറിൽ നിന്നുയർന്ന് 69.50 ഡോളറിലെത്തി.
ഹോർമുസ് കടലിടുക്ക്
ഇറാന്റെ ശക്തമായ സ്വാധീനമുള്ള ഹോർമുസ് കടലിടുക്ക് വഴിയാണ് രാജ്യാന്തര എണ്ണ വ്യാപാരത്തിന്റെ 40 ശതമാനവും നടക്കുന്നത്. ഇറാന് പുറമേ സൗദി, ഇറാക്ക്, ഖത്തർ, കുവൈറ്ര്, ബഹ്‌റിൻ എന്നിവയുടെ എണ്ണ വിതരണവും ഇതുവഴിയാണ്. അമേരിക്ക-ഇറാൻ സംഘർഷം മൂർച്ഛിച്ചാൽ ഹോർമുസ് കടലിടുക്ക് വഴിയുള്ള വ്യാപാരം തടയുമെന്ന് ഇറാന്റെ ഭീഷണിയുണ്ട്. ഇതാണ് എണ്ണ വിലക്കയറ്റത്തിന് കാരണം.
വിലക്കയറ്റവും വായ്പയും
ഇന്ത്യൻ വിലക്കയറ്റ സൂചികയിൽ (നാണയപ്പെരുപ്പം) പത്തു ശതമാനത്തിനുമേൽ പങ്ക് ഇന്ധനവില വഹിക്കുന്നുണ്ട്. ഇന്ധനവില കയറുമ്പോൾ മറ്റ് ചരക്കുകളുടെ വിലയും കൂടും. വ്യാവസായിക ഉത്‌പാദനച്ചെലവുമേറും. ഫലത്തിൽ, നാണയപ്പെരുപ്പം ഉയരും.
റിസർവ് ബാങ്ക് മുഖ്യപലിശ നിരക്ക് പരിഷ്‌കരണത്തിന് പ്രധാന മാനദണ്ഡമാക്കുന്നത് റീട്ടെയിൽ നാണയപ്പെരുപ്പമാണ്. ഇത് നാല് ശതമാനത്തിന് താഴെ നിയന്ത്രിക്കുകയാണ് ലക്ഷ്യം. നാണയപ്പെരുപ്പം കുറഞ്ഞതിനാൽ റിസർവ് ബാങ്ക് 2019ൽ അഞ്ചു തവണകളിലായി റിപ്പോ നിരക്ക് 1.35 ശതമാനം കുറച്ചിരുന്നു. ഇതുവഴി ബാങ്ക് വായ്‌പകളുടെ പലിശയും താഴ്‌ന്നു.
നവംബറിൽ നാണയപ്പെരുപ്പം പക്ഷേ, മൂന്നുവർഷത്തെ ഉയരമായ 5.54 ശതമാനത്തിലെത്തി. ഇന്ധനവില കൂടുന്നതിനാൽ വരും മാസങ്ങളിൽ നാണയപ്പെരുപ്പം ആറു ശതമാനവും കടന്നേക്കും. പലിശനിരക്ക് കുറയാതിരിക്കാനും ഒരുപക്ഷേ, കൂടാനും ഇതു കളമൊരുക്കും.
പുതിയ ഉയരത്തിൽ
പൊന്നിൻ വില
ആഭരണ പ്രേമികളെ സങ്കടപ്പെടുത്തി സ്വർണവില കുതിച്ചുയരുകയാണ്. പവൻ വില 29,680 രൂപയാണ്. ഗ്രാമിന് 3,710 രൂപ. രണ്ടും റെക്കാഡാണ്.
കഴിഞ്ഞമാസത്തെ കുറഞ്ഞ വിലയായ 28,000 രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ഇതുവരെ പവന് 1,680 രൂപ കൂടി. ഗ്രാമിന് 210 രൂപയും ഉയർന്നു.
പവൻ വില 30,000 രൂപയിലെത്താൻ 320 രൂപ മാത്രം മതി. ആ 'നാഴികക്കല്ല്" ഈവാരം തന്നെ സ്വർണം മറികടക്കും.
അമേരിക്ക-ഇറാൻ സംഘർഷം മൂലം ആഗോള ഓഹരി വിപണികളിൽ നിന്ന് നിക്ഷേപം കൊഴിയുന്നതാണ് സ്വർണത്തിന് നേട്ടമാകുന്നത്. നിക്ഷേപകർ ഓഹരികളിൽ നിന്ന് പണം പിൻവലിച്ച് സ്വർണത്തിലേക്ക് ഒഴുക്കുകയാണ്.
ഒരു പവന് ഒത്തിരിവില!
പവൻ വില 29,680 രൂപയാണെങ്കിലും സ്വർണാഭരണം വാങ്ങാൻ അതുപോര! മൂന്നു ശതമാനം ജി.എസ്.ടി., ഒരു ശതമാനം പ്രളയ സെസ്, കുറഞ്ഞത് 5 ശതമാനം പണിക്കൂലി എന്നിവ കൂടിച്ചേരുമ്പോൾ ഒരു പവൻ ആഭരണത്തിന് വില കുറഞ്ഞത് 32,350 രൂപയെങ്കിലുമാകും.