ഏതാനും ദിവസം മുൻപാണ് ഇന്ത്യൻ പാർലമെന്റ് പാസാക്കിയ പൗരത്വ നിയമഭേദഗതിക്കെതിരെ കേരള നിയമസഭ പ്രമേയം പാസാക്കിയത്. രാജ്യമാകെ നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങൾ കൊടുമ്പിരി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കേരളത്തിലെ പ്രതിപക്ഷവും ഭരണപക്ഷവും ഒത്തുചേർന്നു ഇതിനെതിരെ പ്രമേയം പാസാക്കുന്നത്.
പ്രമേയത്തിനെതിരെ കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദും കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനും രംഗത്ത് വന്നിരുന്നു. പൗരത്വ ഭേദഗതി നിയമം തങ്ങൾ നടപ്പാക്കില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് രാജ്യത്തെ ബി.ജെ.പിയിതര സംസ്ഥാന സർക്കാരുകൾ രംഗത്ത് വന്നതിന് പിന്നാലെയാണ് കേരളം ഈ പ്രമേയം പാസാക്കിയത്. മാത്രവുമല്ല ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട നടപടികളും പശ്ചിമ ബംഗാളിന് പിന്നാലെ, കേരളവും നിർത്തിവച്ചിരുന്നു.
എന്നാൽ ഇന്ത്യൻ യൂണിയൻ പാസാക്കിയ ഒരു നിയമം നടപ്പാക്കാൻ സാധിക്കില്ല എന്ന നിലപാടെടുക്കാനുള്ള അധികാരം സംസ്ഥാന സർക്കാരുകൾക്കുണ്ടോ എന്ന് ചോദിക്കുകയാണെങ്കിൽ ഇല്ല എന്നാണ് ഉത്തരം ലഭിക്കുക. സംസ്ഥാനങ്ങൾക്ക് മേൽ കേന്ദ്രത്തിന് അധികാരങ്ങൾ നൽകുന്ന ഭരണഘടനയിലെ 257, 257, 258, 355, 356 അനുച്ഛേദങ്ങളാണ് സംസ്ഥാന സർക്കാരുകൾ ഇങ്ങനെ ഒരു നിലപാടെടുക്കുമ്പോൾ തടസമായി നിൽക്കുന്നത്.
ഈ അനുച്ഛേദങ്ങൾ അനുസരിച്ച് പാർലമെന്റ് പാസാക്കിയ നിയമങ്ങൾ നടപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകാനും, നിർദേശത്തിന് സംസ്ഥാനങ്ങൾ പ്രതികരിച്ചില്ലെങ്കിൽ മുന്നറിയിപ്പ് നൽകാനും കേന്ദ്രത്തിന് അധികാരമുണ്ട്.
മാത്രമല്ല, മുന്നറിയിപ്പ് ലഭിച്ച ശേഷവും സംസ്ഥാനങ്ങൾ നിയമം നടപ്പിലാക്കാൻ തയാറായില്ലെങ്കിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താനും ഈ ആർട്ടിക്കിളുകൾ പ്രകാരം കേന്ദ്രത്തിന് സാധിക്കും. നിയമം ഭരണഘടനയ്ക്ക് എതിരാണെന്ന വാദം ഉന്നയിച്ചുകൊണ്ട് നിയമം നടപ്പിൽ വരുത്താതിരിക്കാനും സംസ്ഥാനങ്ങൾക്ക് സാധിക്കില്ല. അങ്ങനെ ചെയ്‌താൽ അത് ഭരണഘടനയ്ക്ക് എതിരായ നടപടിയായി കണക്കാക്കപ്പെടാം എന്നതാണ് കാരണം. നിയമം ഭരണഘടനയ്ക്ക് എതിരാണെങ്കിൽ പോലും.
ഈ സ്ഥിതി നിലനിൽക്കുന്ന സാഹചര്യത്തിൽ സുപ്രീം കോടതിയെ സമീപിക്കുക എന്ന ഉപായം മാത്രമാണ് കേരളം, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങൾക്ക് മുൻപിൽ നിലനിൽക്കുന്നത്. ഭരണഘടനാ അനുച്ഛേദം 131 പ്രകാരം കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും തമ്മിലുള്ള കേസുകൾക്ക് തീർപ്പ് കൽപ്പിക്കാനുള്ള അധികാരം സുപ്രീം കോടതിക്ക് മാത്രമാണ്.
എന്നാൽ സി.എ.എയുടെ ഭരണഘടനാ സാധുതയെ സംബന്ധിച്ചുള്ള പൊതു താത്പര്യഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിൽ ആയതിനാൽ കേസുകളിൽ തീർപ്പാകുന്നത് വരെ കേന്ദ്ര സർക്കാരിന് നിയമങ്ങൾ നടപ്പിൽ വരുത്താൻ കഴിയില്ല എന്നതും മറ്റൊരു വസ്തുതയാണ്.