ലാഹോർ: പാകിസ്ഥാനിലെ സിഖ് ആരാധനാ കേന്ദ്രമായ നങ്കന സാഹിബ് ഗുരുദ്വാരയ്ക്ക് നേരെ ആക്രമണം ഉണ്ടായതിന് പിന്നാലെ സിഖ് മതത്തിൽപെട്ടയാൾ കൊല്ലപ്പെട്ടു. പാകിസ്ഥാനിലെ പെഷവാറിൽ വച്ച് 25 വയസുകാരനായ രവീന്ദർ സിംഗാണ് കൊല്ലപ്പെട്ടത്. പാകിസ്ഥാനിലെ ആദ്യ സിഖ് വാർത്താ അവതാരകനായ ഹർമീത് സിംഗിന്റെ സഹോദരനായിരുന്നു രവീന്ദർ. പെഷവാറിലെ ചാംകാനി പൊലീസ് സ്റ്റേഷന് അരികിൽ നിന്നുമാണ് ഇയാളുടെ മൃതദേഹം കണ്ടെടുത്തത്.
അടുത്ത് തന്നെ തന്റെ സഹോദരൻ വിവാഹം കഴിക്കാൻ ഇരിക്കുകയായിരുന്നുവെന്നും അയാൾക്ക് മലേഷ്യയിലായിരുന്നുവെന്നും ബിസിനസായിരുന്നു ജോലിയെന്നും ഷോപ്പിംഗ് ആവശ്യത്തിനായാണ് രവീന്ദർ പെഷവാറിലെത്തിയതെന്നും സഹോദരൻ ഹർമീത് പറയുന്നു. രവീന്ദറിന്റെ മരണത്തിൽ ഇന്ത്യ പാകിസ്ഥാനോട് ശക്തമായ ഭാഷയിൽ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
മറ്റു രാജ്യങ്ങളോട് ധാർമികോപദേശം നടത്തുന്നതിന് പകരം പാകിസ്ഥാൻ ഈ സംഭവത്തിൽ ശക്തമായ നടപടി എത്രയും വേഗം കൈക്കൊള്ളണമെന്നും കരുതിക്കൂട്ടിയുള്ള ഇത്തരം ഹീനകൃത്യങ്ങൾ നടത്തുന്നവർക്ക് അർഹിക്കുന്ന ശിക്ഷ നൽകണമെന്നുമാണ് ഇന്ത്യൻ വിദേശക്കാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരിക്കുന്നത്.
മറ്റ് രാജ്യങ്ങൾക്ക് സാരോപദേശം നൽകാതെ പാകിസ്ഥാൻ സ്വന്തം രാജ്യത്തെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുകയാണ് വേണ്ടതെന്നും ശക്തമായ ഭാഷയിൽ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ ഇന്ത്യ പറയുന്നു. പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗും സംഭവത്തെ അപലപിച്ചുകൊണ്ട് ട്വിറ്ററിലൂടെ രംഗത്തെത്തി.