പുതുതായി സ്കൂട്ടർ വാങ്ങാനും 125 സി.സി ശ്രേണിയിലേക്ക് അപ്ഗ്രേഡ് ചെയ്യാനും കൊതിക്കുന്നവർക്കായി സുസുക്കി പരിചയപ്പെടുത്തിയ താരമാണ് ആക്സസ് 125. ചുരുങ്ങിയ കാലത്തിനകം തന്നെ ഈ ശ്രേണിയിൽ ഏറ്റവുമധികം വില്പനയുള്ള താരമായി ആക്സസ് വളർന്നു. ഇപ്പോഴിതാ, ആക്സസ് 125ന്റെ ബി.എസ്-6 പതിപ്പും സുസുക്കി അവതരിപ്പിച്ചിരിക്കുന്നു. ഈ മാസം വിപണിയിലെത്തുന്ന സ്കൂട്ടറിന് 65,000 രൂപയ്ക്കടുത്ത് വില പ്രതീക്ഷിക്കാം.
ബി.എസ്-6 മലിനീകരണ ചട്ടം പാലിക്കുന്ന പുത്തൻ പതിപ്പിന് മുൻഗാമിയിൽ നിന്ന് രൂപകല്പനയിൽ കാര്യമായ മാറ്റങ്ങളില്ല. ശൈലി അതേപടി നിലനിറുത്തിയിരിക്കുന്നു. എന്നാൽ, എൽ.ഇ.ഡി ഹെഡ്ലൈറ്ര് പുതുതായി ഇടംനേടി. ഇൻസ്ട്രുമെന്റ് കൺസോളിലും മാറ്റമുണ്ട്. പുതിയ തലമുറയുടെ താത്പര്യങ്ങൾക്ക് അനുസൃതമാണ് ഇൻസ്ട്രുമെന്റ് കൺസോളിന്റെ മാറ്റം. ഇതിൽ, അനലോഗും ഡിജിറ്റലും ഒന്നിക്കുന്നു.
അനലോഗ് സ്പീഡോമീറ്രറിന് ചുറ്റുമായി എൽ.ഇ.ഡി ലൈറ്റുകൾ കാണാം. സ്കൂട്ടറിന്റെ റൈഡിംഗ് സ്ഥിതിയും ഇന്ധന അളവുമാണ് ഇതിൽ തെളിയുക. ഫ്യുവൽ ഇൻജക്ഷൻ വാണിംഗ്, ഫ്യുവൽ ഗേജ്, ഓഡോമീറ്റർ തുടങ്ങിയവയും ഇൻസ്ട്രുമെന്റ് കൺസോളിൽ ഉൾപ്പെടുന്നു. മൾട്ടിഫംഗ്ഷൻ താക്കോലാണ് മറ്റൊരു സവിശേഷത. സ്റ്രിയറിംഗ് ലോക്ക്, റിമോട്ടായി അണ്ടർസീറ്ര് സ്റ്രോറേജ് ഏരിയ ഓപ്പണിംഗ് എന്നിവയ്ക്ക് ഇതുപയോഗിക്കാം. 22.3 ലിറ്ററാണ് അണ്ടർസീറ്ര് സ്പേസ്.
ഹാൻഡിൽ ബാറിന്റെ വലതുവശത്ത് എൻജിൻ സ്റ്രാർട്ട് ബട്ടണുണ്ട്. ഇടതുവശത്ത് ഡാഷിൽ എൽ.ഇ.ഡി ലൈറ്രോട് കൂടിയ മൊബൈൽ ചാർജിംഗ് പോയിന്റും (യു.എസ്.ബി) ഫോൺ വയ്ക്കാനുള്ള ചെറിയ ഇടവും കാണാം. ഇന്ധനം നിറയ്ക്കുന്ന അടപ്പ് സീറ്രിന് വെളിയിൽ താഴെയായാണ്. അതുകൊണ്ട്, പമ്പിലെത്തുമ്പോൾ സീറ്രിൽ നിന്ന് എണീക്കേണ്ടതില്ല. 8.6 ബി.എച്ച്.പി കരുത്തും 10 എൻ.എം ടോർക്കുമുള്ള ബി.എസ്-6, 124 സി.സി സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എൻജിൻ, പരാതിരഹിത പ്രകടനം തന്നെ കാഴ്ചവയ്ക്കുന്നു. മികച്ച ബ്രേക്കിംഗിന് കമ്പൈൻഡ് ബ്രേക്കിംഗ് സിസ്റ്രവുമുണ്ട്.