amit-sha-

ന്യൂഡൽഹി : പൗരത്വ നിയമഭേദഗതിക്ക് അനുകൂലമായി വീടുകളിൽ നേരിട്ട് പ്രചാരണം നടത്താനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് എതിരെ 'ഗോ ബാക്ക്' മുദ്രാവാക്യം വിളിച്ച യുവതികളിൽ ഒരാൾ മലയാളിയെന്ന് റിപ്പോർട്ട്.

സൂര്യ, ഹർമിയ എന്നീ യുവതികളാണ് മുദ്രാവാക്യം വിളിച്ചത്. ഇതിൽ സൂര്യ കൊല്ലം സ്വദേശിനിയാണ്. ബിരുദവിദ്യാർത്ഥികളും അഭിഭാഷകയുമാണ് ഇവർ രണ്ടുപേരും. യുവതികൾക്കെതിരെ പ്രാദേശികമായി വലിയ ജനവികാരമുണ്ടെന്നും, അതിനാൽ അടിയന്തരമായി ഫ്ലാറ്റൊഴിയണമെന്ന് ഉടമ ആവശ്യപ്പെട്ടിരുന്നു. ഉടനടി സാധനങ്ങളുമെടുത്ത് മാറാൻ ഒരുങ്ങുകയാണ് യുവതികളെന്നാണ് ലഭിക്കുന്ന വിവരം.

പൗരത്വ നിയമഭേദഗതിയെക്കുറിച്ച് ജനങ്ങളിൽ ബോധവത്കരണം നടത്താനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് നേരെയാണ് യുവതികൾ ഗോ ബാക്ക് വിളിച്ചത്. വെള്ളത്തുണിയിൽ ചായം കൊണ്ടെഴുതിയ വലിയ ബാനറുകൾ വീടിന്റെ മുകളിൽ നിന്ന് താഴേക്ക് വിരിച്ചുകൊണ്ടായിരുന്നു യുവതികളുടെ ഗോബാക്ക് വിളി. എന്നാൽ അമിത് ഷാ പ്രതികരിക്കാൻ നിൽക്കാതെ നടന്ന് പോയി. ആദ്യം കയറിയ വീട്ടിൽ ആളുകളോട് പൗരത്വ നിയമഭേദഗതിയെക്കുറിച്ച് വിശദീകരിച്ച് പുറത്തേക്ക് ഇറങ്ങുമ്പോഴാണ്, യുവതികൾ വീടിന് മുകളിൽ നിന്ന് അമിത് ഷായ്ക്ക് നേരെ ഗോ ബാക്ക് വിളിച്ചത്.

അപ്രതീക്ഷിത പ്രതിഷേധം ഉയർന്നതിന് പിന്നാലെ പെൺകുട്ടികളും പ്രദേശത്ത് ഉണ്ടായിരുന്ന ബി.ജെ.പി പ്രവർത്തകരും തമ്മിൽ തർക്കമുണ്ടായി. യുവതികൾ തൂക്കിയ ബാനർ ബി.ജെ.പി പ്രവർത്തകർ നീക്കുകയും ചെയ്തു. ഇതിന് പിന്നാലെ പെൺകുട്ടികൾക്ക് പൊലീസ് കാവലും ഏർപ്പെടുത്തിയിരുന്നു.