amit-shaw

 ഡൽഹിയിൽ അമിത് ഷായ്ക്ക് ഗോബാക്ക് വിളി

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷം ന്യൂനപക്ഷങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുകയാണെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ പറഞ്ഞു. ഡൽഹിയിൽ പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് വിശദീകരിക്കാൻ ബി.ജെ.പി സംഘടിപ്പിച്ച ഗൃഹസമ്പർക്ക പരിപാടി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലജ്‌പത് നഗറിൽ പരിപാടിക്കിടെ ഒരു കോളനിയിൽ ചില സ്‌ത്രീകൾ ഷായ്‌ക്കെതിരെ ഗോ ബാക്ക് വിളിക്കുകയും ചെയ്തു.

ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നഷ്‌ടമാകുമെന്ന് പ്രചരിപ്പിക്കുകയാണ് രാഹുൽ ഗാന്ധിയും അരവിന്ദ് കേജ്‌രിവാളും ഉൾപ്പെടെ പ്രതിപക്ഷ നേതാക്കൾ. അത്തരം നിർദ്ദേശങ്ങൾ നിയമത്തിൽ ഇല്ല. പാകിസ്ഥാനിൽ ന്യൂനപക്ഷങ്ങൾ സുരക്ഷിതരല്ലെന്ന ബി.ജെ.പിയുടെ വാദം ശരിവയ്‌ക്കുന്ന സംഭവങ്ങളാണ് നൻഖാനാ സാഹിബ് ഗുരുദ്വാരയിലുണ്ടായത്. പൗരത്വ നിയമത്തെ എതിർക്കുന്നവർ പാകിസ്ഥാനിലെ സംഭവങ്ങൾ കാണണമെന്നും അമിത് ഷാ പറഞ്ഞു.

ലജ്‌പത് നഗറിലെ ഒരു കോളനിയിൽ അമിത് ഷാ വീടുകൾ കയറിയിറങ്ങി പൗരത്വ നിയമത്തെക്കുറിച്ചുള്ള ലഘുലേഖകൾ വിതരണം ചെയ്ത് വിശദീകരിക്കുന്നതിനിടെയാണ് ഒരു ഫ്ളാറ്റിന്റെ മുകൾനിലയിൽ താമസിക്കുന്ന അഭിഭാഷകയും ബിരുദ വിദ്യാർത്ഥിനിയും ഗോബാക്ക് വിളിച്ച് പ്രതിഷേധിച്ചത്. ഷായുടെ സംഘത്തിലെ വനിതാ പ്രവർത്തകർ തിരിച്ച് മുദ്രാവാക്യം വിളിച്ചതോടെ പൊലീസ് രംഗത്തെത്തി. ഫ്ളാറ്റിന് പൊലീസ് കാവലേർപ്പെടുത്തി.

ഡൽഹി പിടിക്കും: ഷാ

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിച്ച് ബി.ജെ.പി അധികാരമുറപ്പിക്കുമെന്ന് അമിത് ഷാ.

ജനങ്ങളെ എപ്പോഴും കബളിപ്പിക്കാനാകില്ലെന്നും, ആം ആദ്‌മി സർക്കാരിനെക്കുറിച്ച് ജനങ്ങൾ മനസിലാക്കിയെന്നും

കേജ്‌രിവാൾ സർക്കാരിനെതിരെ ആരോപണങ്ങൾ ചൊരിഞ്ഞ പ്രസംഗത്തിൽ അമിത് ഷാ പറഞ്ഞു.

ഇതുവരെ നടപ്പാക്കാത്ത കാര്യങ്ങളെക്കുറിച്ച് കേജ്‌രിവാൾ ഇപ്പോഴാണ് വാഗ്‌ദാനം നൽകുന്നത്. കേജ്‌രിവാൾ സർക്കാർ ഒരു പദ്ധതിയും പൂർത്തിയാക്കിയില്ല. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ റിപ്പോർട്ട് തേടിയിട്ടുണ്ട്. അഞ്ചു വർഷം എന്തു ചെയ്‌തുവെന്ന് ജനങ്ങൾ ചോദിക്കണം. അനധികൃത കോളനികൾക്ക് അംഗീകാരം നൽകി മോദി സർക്കാർ വാക്കു പാലിച്ചു. മറ്റു പാർട്ടികൾ കോളനികളെ ഉപയോഗിച്ച് രാഷ്‌ട്രീയ നേട്ടമുണ്ടാക്കാനാണ് ശ്രമിച്ചതെന്ന് ഷാ ആരോപിച്ചു.

ടോൾ ഫ്രീ നമ്പരിന് ട്രോൾ,

വിശദീകരിച്ച് ബി.ജെ.പി

പൗരത്വ ഭേദഗതി നിയമത്തെ പിന്തുണയ്‌ക്കുന്നവർക്ക് വിളിക്കാൻ ബി.ജെ.പി നൽകിയ ടോൾ ഫ്രീ നമ്പരുമായി ബന്ധപ്പെട്ട് സമൂഹമാദ്ധ്യമങ്ങളിലെ വ്യാജ പ്രചരണങ്ങളിൽ വിശ്വസിക്കരുതെന്ന് അമിത് ഷാ പറഞ്ഞു. നമ്പരിൽ വിളിച്ചാൽ നെറ്റ്‌ഫ്ളിക്‌സിന്റെ സൗജന്യ പാക്കേജ് ലഭിക്കുമെന്ന സന്ദേശങ്ങൾ ട്വിറ്ററിൽ പ്രചരിച്ചിരുന്നു. ബി.ജെ.പിയുടെ നമ്പരിന് നെറ്റ്‌ഫ്ളിക്സുമായി ബന്ധമില്ലെന്ന് ഷാ പറഞ്ഞു. ലൈംഗിക സംഭാഷണങ്ങൾക്ക് വിളിക്കാമെന്ന പരസ്യവും സൗജന്യ മൊബൈൽ റീചാർജ്ജ് വാഗ്‌ദാനവും പ്രചരിച്ചിരുന്നു.