
ന്യൂഡൽഹി: ജെ.എൻ.യുവിൽ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് അടക്കമുള്ളവരെ മർദ്ദിച്ചത് മുഖം മറച്ച് ആയുധങ്ങളുമായി എത്തിയ സംഘം. എ.ബി.വി.പി സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് വിദ്യാർത്ഥി യൂണിയൻ പ്രവർത്തകർ. അദ്ധ്യാപകരേയും അക്രമികൾ മർദ്ദിച്ചിട്ടുണ്ട്.
മുഖം മറച്ച് ആയുധങ്ങളുമായി നില്‍ക്കുന്ന അക്രമി സംഘത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ജെ.എൻ.യുവിലെ വിദ്യാർത്ഥികൾ താമസിക്കുന്ന സബർമതി, മഹി മാന്ദ്‌വി, പെരിയാർ തുടങ്ങിയ ഹോസ്റ്റലുകളിലുള്ളവർക്ക് നേരെയാണ് അക്രമമുണ്ടായത്. വൈകീട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം.
മുഖംമറച്ചെത്തിയ സംഘം വടികളും ഹാമറുമടക്കം ഉപയോഗിച്ച് ഹോസ്റ്റലുകളിലേക്ക് കയറി വന്ന് മർദ്ദിക്കുകയായിരുന്നുവെന്നാണ് ആരോപണം. ഹോസ്റ്റലുകൾക് നേരെ കല്ലേറ് നടത്തിയ സംഘം വാഹനങ്ങളും നശിപ്പിച്ചു. ഹോസ്റ്റൽ ഫീസ് വർദ്ധനയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് അക്രമമെന്നാണ് സൂചന. അതേ സമയം ക്യാമ്പസിന് പുറത്ത് നിന്നുള്ളവരും അക്രമത്തില്‍ പങ്കാളികളായിട്ടുണ്ടെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്.
ഇതിനിടെ ഇടത്പക്ഷ വിദ്യാർത്ഥികൾ തങ്ങളുടെ പ്രവർത്തകരെയാണ് മർദിച്ചതെന്ന ആരോപണവുമായി എ.ബി.വി.പി പ്രസിഡന്റ് ദുർഗേഷ് കുമാർ രംഗത്തെത്തി. സംഘര്‍ഷത്തെ തുടർന്ന് കാമ്പസിൽ വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. ജെ.എൻ.യുവിലേക്കുള്ള റോഡുകളും പൊലീസ് അടച്ചു