
ന്യൂഡൽഹി: മുഖംമൂടി ധാരികൾ ഉൾപ്പെടെ ആയുധമേന്തിയ നൂറോളം ഗുണ്ടകൾ ജവഹർലാൽ നെഹ്റു സർവകലാശാലാ കാമ്പസിൽ ഇരച്ചുകയറി വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും ക്രൂരമായി തല്ലിച്ചതച്ചു. ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് അടക്കം 35 വിദ്യാർത്ഥികൾക്കും 15 അദ്ധ്യാപകർക്കും പരിക്കേറ്റു.25 വിദ്യാർത്ഥികളുടെ പരിക്ക് ഗുരുതരമാണ്.
ഹോസ്റ്റൽ ഫീസ് വർദ്ധനയ്ക്കെതിരെ രണ്ടു മാസമായി തുടരുന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലാ കാമ്പസിൽ വിദ്യാർത്ഥി യൂണിയൻ പ്രവർത്തകരും എ.ബി.വി.പി പ്രവർത്തകരും ഇന്നലെ ഏറ്റുമുട്ടിയിരുന്നു. ഇതിന് പിന്നാലെ വൈകിട്ട് ആറ് മണിയോടെയാണ് ലാത്തിയും ഹോക്കി സ്റ്റിക്കും ഇഷ്ടികകളുമായി എത്തിയ സംഘം
സബർമതി ഹോസ്റ്റൽ, മഹി മാണ്ഡ്വി ഹോസ്റ്റൽ, പെരിയാർ ഹോസ്റ്റൽ എന്നിവിടങ്ങളിൽ അക്രമം അഴിച്ചുവിട്ടത്.വളഞ്ഞിട്ടുള്ള ആക്രമണത്തിൽ തലയ്ക്ക് ആഴത്തിൽ പരിക്കേറ്റ ഐഷി എയിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.മലയാളി അദ്ധ്യാപകനും ഇ.എം.എസിന്റെ കൊച്ചുമകനുമായ അമീദ് പരമേശ്വരൻ, അദ്ധ്യാപികയായ സുചിത്രസെൻ എന്നിവർക്കും പരിക്കേറ്റു.
എ.ബി.വി.പി പ്രവർത്തകർക്കൊപ്പം പുറത്തുനിന്നെത്തിയ ഗുണ്ടകളും ചേർന്നാണ് അക്രമം അഴിച്ചുവിട്ടതെന്ന് വിദ്യാർത്ഥി യൂണിയൻ ആരോപിച്ചു. അതേസമയം, അക്രമത്തിനു പിന്നിൽ ഇടതു സംഘടനകളാണെന്ന് എ.ബി.വി.പിയും പ്രസ്താവിച്ചു. അക്രമത്തിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ ഡൽഹി പൊലീസ് ആസ്ഥാനം ഉപരോധിച്ചു.
കേന്ദ്രം റിപ്പോർട്ട് തേടി
ജെ.എൻ.യുവിലെ അക്രമ സംഭവങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഡൽഹി പൊലീസിനോടു റിപ്പോർട്ട് തേടി. ആഭ്യന്തര മന്ത്രി അമിത് ഷാ ഡൽഹി പൊലീസ് കമ്മിഷണറുമായി സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം, ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ, മന്ത്രിമാരായ രമേഷ് പൊഖ്രിയാൽ, എസ്. ജയശങ്കർ, ഡൽഹി ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൽ, മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പി. ചിദംബരം, ബംഗാൾ മുഖ്യമന്ത്രി മമതാബാനർജി, ഡി.എം.കെ അദ്ധ്യക്ഷൻ എം.കെ. സ്റ്റാലിൻ, മഹാരാഷ്ട്ര മന്ത്രിയും ശിവസേനാ നേതാവുമായ ആദിത്യ താക്കറെ തുടങ്ങിയവർ സംഭവത്തിൽ അപലപിച്ചു.