
തിരുവനന്തപുരം: ജെ.എൻ.യുവിൽ ഇന്നലെയുണ്ടായ അക്രമത്തിൽ പരിക്കേറ്റ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും പരിസഹിച്ച് ബി.ജെ.പി സംസ്ഥാന സെക്രട്ടറി ശോഭ സുരേന്ദ്രൻ രംഗത്ത്. തല പൊട്ടി ചോര ഒലിക്കുമ്പോഴും മീഡിയക്ക് ബൈറ്റ് കൊടുക്കുന്നത് ആദ്യമായി കാണുകയാണെന്നും സ്ക്രിപ്റ്റ് എഴുതിയ മഹാന്റെ ബുദ്ധിയാണിതെന്നും ശോഭ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. കേരളത്തിലെ മാദ്ധ്യമങ്ങൾ തെറ്റായ വാർത്തകളാണ് റിപ്പോർട്ട് ചെയ്യുന്നതെന്നും ദേശീയ മാദ്ധ്യമങ്ങളിൽ വരുന്ന വാർത്തകളിൽ അവിടെ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാകുന്നുണ്ടെന്നും ശോഭ സുരേന്ദ്രൻ പറയുന്നു.
അതേസമയം, ശോഭ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. ഹോസ്റ്റൽ ഫീസ് വർദ്ധനയ്ക്കെതിരെ രണ്ടു മാസമായി തുടരുന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലാ കാമ്പസിൽ വിദ്യാർത്ഥി യൂണിയൻ പ്രവർത്തകരും എ.ബി.വി.പി പ്രവർത്തകരും ഇന്നലെ ഏറ്റുമുട്ടിയിരുന്നു. ഇതിന് പിന്നാലെ വൈകിട്ട് ആറ് മണിയോടെയാണ് ലാത്തിയും ഹോക്കി സ്റ്റിക്കും ഇഷ്ടികകളുമായി എത്തിയ സംഘം സബർമതി ഹോസ്റ്റൽ, മഹി മാണ്ഡ്വി ഹോസ്റ്റൽ, പെരിയാർ ഹോസ്റ്റൽ എന്നിവിടങ്ങളിൽ അക്രമം അഴിച്ചുവിട്ടത്.
മുഖംമൂടി ധാരികൾ ഉൾപ്പെടെ ആയുധമേന്തിയ നൂറോളം ഗുണ്ടകൾ ജവഹർലാൽ നെഹ്റു സർവകലാശാലാ കാമ്പസിൽ ഇരച്ചുകയറി വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും ക്രൂരമായി തല്ലിച്ചതച്ചു. ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് അടക്കം 35 വിദ്യാർത്ഥികൾക്കും 15 അദ്ധ്യാപകർക്കും പരിക്കേറ്റു.25 വിദ്യാർത്ഥികളുടെ പരിക്ക് ഗുരുതരമാണ്. വളഞ്ഞിട്ടുള്ള ആക്രമണത്തിൽ തലയ്ക്ക് ആഴത്തിൽ പരിക്കേറ്റ ഐഷി എയിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.മലയാളി അദ്ധ്യാപകനും ഇ.എം.എസിന്റെ കൊച്ചുമകനുമായ അമീദ് പരമേശ്വരൻ, അദ്ധ്യാപികയായ സുചിത്രസെൻ എന്നിവർക്കും പരിക്കേറ്റു.